Pages

Wednesday 16 October 2013

ക്ഷണിക്കാതൊരാള്‍


അതിഥി വരാനുണ്ടൊരു നാളില്‍
എനിക്കായ്
ക്ഷണിചിട്ടല്ല
വിളിച്ചിട്ടല്ല

നട്ട പാതിരാക്കോ
നട്ട് പുലച്ചക്കോ
വരുമവന്‍

കാളിംഗ് ബെല്ലടിക്കില്ല
അനുവാദം അവനു വേണ്ട
വാതില്‍ തുറക്കാന്‍
പറയില്ല

ഉണ്ണുമ്പോള്‍ നിര്‍ത്തേണ്ടി വരില്ല
ഉറക്കം ഗൌനിക്കില്ല
കുട്ടികളോടും കുടുംബത്തോടും
സല്ലപിക്കുന്നതില്‍
ഇടപെടില്ല

യാത്ര മുടക്കും
ഇഷ്ടങ്ങള്‍ക്ക്
വിലങ്ങിടും
സ്നേഹങ്ങള്‍ക്ക്‌
ദുഖം കൊടുക്കും

അതിഥി യായൊരു നാളില്‍
വരുന്നവനെയും കാത്തു
ഉമ്മറപ്പടിയില്‍ ഇരിക്കാന്‍
ആഗ്രഹമില്ല

മധുരം കൊടുക്കാന്‍
അവന്‍ സ്വീകരിക്കില്ല
തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോള്‍
എന്നെയും കൂടെ കൊണ്ട് പോകും
അനുവാദം വേണ്ട
എങ്ങോട്ടാണെന്ന്
അവള്‍ ചോദിക്കില്ല
ഭക്ഷണം കഴിച്ചു പോകാം
എന്ന് ഉമ്മ എന്നോട് പറയില്ല.

വാപ്പ വേഗം വരില്ലേ
എന്ന് മകള്‍ ചോദിക്കില്ല
തിരിച്ചു വരുമെന്നും
മിഠായി കയ്യില്‍
ഉണ്ടാവും എന്നും കരുതി
അവളുമിരിക്കും.

No comments:

Post a Comment