Pages

Friday 4 April 2014

വിത്ത്

വരണ്ട മണ്ണിന്റെ 
മാറ് പിളര്‍ന്ന് 
പുത്തന്‍ പ്രതീക്ഷ
വളര്‍ന്നു വരുന്നുണ്ട്.

ഇനിയതിന് 
വളം ഇടണം
നനവ്‌ വേണം
പരിചരണവും .

അത് സ്നേഹത്തിന്റെ
കരുതലിന്റെ
കൂട്ടായ്മയുടെ
താങ്ങിക്കൊടുത്ത
കൈപ്പത്തികളുടെ
ചുമലുകളുടെ
പിന്തുണയോടെയാവട്ടെ

പൊടിച്ചു വരുമ്പോള്‍
കിളിര്‍ത്തു നില്‍ക്കുന്ന
തളിരിന്റെ മുഖം കണ്ടു


മനം നിറഞ്ഞും
കുളിര് കോരിയും
തണുത്തു വിറങ്ങലിച്ചും

അവളയച്ച നോട്ടത്തിന്റെ
ഫലം ആവട്ടെ പുതിയ
പൂവിന്റെ നിറവും
കായ്ക്കാന്‍ പോവുന്ന
ഫലത്തിന്റെ രുചിയും

Thursday 13 February 2014

പ്രണയ നാളുകളില്‍ .......

അല്‍ഖോര്‍ മാളിന്റെ മൂന്നാമത്തെ ഗേറ്റിലൂടെ കടക്കുമ്പോള്‍ ലബനാന്‍ സ്വദേശി ഖാലിദ് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു....കയ്യില്‍ എരിഞ്ഞും പുകഞ്ഞും തീര്‍ന്നു കൊണ്ടിരിക്കുന്ന മാല്‍ബോരോ സിഗരറ്റിന്റെ പുകയില്‍ ലയിച്ചു കൊണ്ടിരിക്കെ എന്നെ കണ്ടപ്പോള്‍ സലാം പറഞ്ഞു...അടുത്ത് ചെന്ന് കുശലം പറയാം എന്ന് കരുതാന്‍ കാരണം ഉണ്ടായിരുന്നു...എന്റെ ഡ്യൂട്ടി സമയം ആയിട്ടുണ്ടായിരുന്നില്ല ....സില്‍വര്‍ ഗാലറിയുടെ ഉടമയാണ് ഖാലിദ് ..വെളുത്തു മെലിഞ്ഞ അതി സുന്ദരന്‍...ശരീരത്തില്‍ നിന്നും വിക്ടോറിയ പെര്‍ഫ്യൂമിന്റെ മണം അന്തരീക്ഷത്തില്‍ ലയിച്ചു കൊണ്ടേ ഇരിക്കുന്നു....കുശലം പറയുന്നതിനിടയില്‍ നാളെ വാലന്റയ്ന്‍ ഡേ ആണെന്നും അത്യാവശ്യം കച്ചവടം നടക്കാനുള്ള സാധ്യത ഉണ്ട്ടെന്നും അവന്‍ പറഞ്ഞു....പൊതുവേ മാളിനകത്ത്‌ കച്ചവടം കുറവാണെന്നും ഖാലിദ്‌ വേ വലാതിപ്പെടുന്നുണ്ടായിരുന്നു ...ഇടയ്ക്ക് എപ്പോഴോ അവന്റെ അടുത്ത ചോദ്യം..

നീ ഗിഫ്റ്റ് ഒന്നും വാങ്ങുന്നില്ലേ?

ഇല്ല ഖാലിദ്...നമ്മള്‍ ഈ ആഘോഷത്തെ അനുകൂലിക്കുന്നില്ല ...മാത്രമല്ല അഞ്ചെട്ടു വര്‍ഷമായി അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്...എന്റെ പ്രണയം പ്രാരബ്ധങ്ങളുടെയും വേദനകളുടെയും വിരഹത്തിന്റെയും തടങ്കലില്‍ അടക്കപ്പെട്ടു പോയി എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഒന്ന് മന്ദഹസിച്ചു...

    മാളിനകതേക്ക് കയറി എന്റെ സ്റ്റോര്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഇടതും വലതും ആയി ചില കാമുകന്മാര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു...സ്റ്റോറില്‍ എത്തിയപ്പോള്‍ കബയാന്‍ എന്ന് ഞാന്‍ വിളിക്കുന്ന എന്റെ ഫിലിപ്പിനോ സുഹൃത്ത് ഡെന്നീസ്  കണ്ട ഉടനെ വിഷ് ചെയ്തതും ഹാപ്പി വാലന്റയ്ന്‍സ് ഡേ എന്ന് പറഞ്ഞു കൊണ്ടാണ്....അപ്പോള്‍ ആണ് എന്തിനും ഏതിനും സ്ഥാനത്തും അസ്ഥാനത്തും കയറി ഇടപെടുന്ന ജാന്‍ ദീവരോക്സ് ഡിസില്‍വ എന്ന് പേരുള്ള ശ്രീലങ്കക്കാരന്‍ കയറി ഇടപെട്ടത്....നാളത്തെ ദിവസം പഴയ കാലത്തൊക്കെ സ്പെയിനില്‍  പാവപ്പെട്ടവര്‍ക്ക് വല്ല സഹായങ്ങള്‍ കിട്ടുന്ന സുദിനം ആയിരുന്നെങ്കില്‍ ഇന്ന് അത് മാറി ഒട്ടേറെ പെണ്‍കുട്ടികളുടെ കന്യകത്വം നഷ്ടപ്പെടുന്ന ഒരു ദിനം എന്നതില്‍ കവിഞ്ഞു ഒരു വിശേഷം കൊടുക്കാന്‍ പറ്റില്ല എന്നായിരുന്നു അവന്റെ വാദം ....ചില കോണുകളില്‍ സമ്മാനപ്പൊതികള്‍ കൈമാരലുകളും മറ്റു ചിലയിടങ്ങളില്‍ കുടുംബ സമേതം ഭാര്യയും ഭാരതാവും പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു കൊണ്ടിരിക്കുന്നു....ഇതിനിടയിലൂടെ കല്യാണം കഴിച്ചിട്ടും ഒറ്റത്തടിയായി ബാച്ചിലര്‍ എന്ന ഓമനപ്പേരില്‍ മലരാരന്യത്തില്‍ കഴിയുന്ന ചിലര്‍ വായില്‍ വെള്ളം ഊറിച്ചു കൊണ്ട് വായും പൊളിച്ചു ന്നടക്കുന്നുണ്ട് ....ആകെ മൊത്തത്തില്‍ ആഘോഷ തിമിര്‍പ്പില്‍ മാളിന്റെ ഉള്ളകം മാറി പോയോ എന്ന് തോന്നി....നല്ല ജനത്തിരക്ക്...കൂടുതല്‍ പേരും സമ്മാന പൊതികള്‍ ആണ് കൊണ്ട് പോകുന്നത്....അറബികള്‍ ഏറെ ഉല്സാഹ ഭരിതരാവുന്നത് എന്റെ കാഴ്ച്ചയെ വര്നാഭാമാക്കി ...
                          ഫുഡ്‌ കോര്‍ട്ടില്‍ പോയാല്‍ തീ വിലക്ക് ഒരു ചായ കുടിച്ചു കളയാം എന്ന് ആഗ്രഹിച്ചാണ് മുകളിലേക്ക് കയറാന്‍ ലിഫ്ടിനു അടുത്തെത്തിയത്....ഒരു അറബ് ഫാമിലി എന്റെ പുറകില്‍ ഊഴം കാത്തു നില്‍പ്പുണ്ടായിരുന്നു....ലിഫ്ടിനകത്തു കയറി അവര്‍ക്ക് വേണ്ടി കാത്തു നിന്നെങ്കിലും അവര്‍ കയറിയില്ല...ഇക്കാലത്തും ഇങ്ങിനെ ഉണ്ടോ ആള്‍ക്കാര്‍ എന്ന് ചിന്തിക്കുന്നതിനിടയില്‍ ലിഫ്റ്റ്‌ മുകളില്‍ എത്തിയിരുന്നു...അറബ് സ്കു എന്ന് പേരില്‍ ഒരു സിറിയന്‍ ഹല്‍വ ക്കടയുടെ തൊട്ടടുത്താണ് ലിഫ്റ്റ്‌ വാതില്‍ തുറക്കുക...അവിടെ പതിവായി ചിരിക്കുന്ന ഒരു മുഖമുണ്ട്....യുദ്ധത്തിന്റെ കനലെരിയുന്ന മുഖത്ത് നിന്നും സകുടുംബം പാലായനം ചെയ്ത സിറിയന്‍ വംശജരില്‍ ഒരു സുന്ദരി...പേര് മര്‍വ ...വിനയത്തിന്റെ നിറകുടം...പരിചയപ്പെട്ടപ്പോള്‍ ഞാന്‍ ദീദി എന്ന് വിളിക്കാം എന്ന് അവരോടു പറഞ്ഞു...അത്ഭുതത്തോടെ അതിന്റെ അര്‍ഥം ചോദിച്ചു എങ്കിലും സിസ്ടര്‍ എന്ന ഒഴുക്കന്‍ മട്ടില്‍ ഒരു മറുപടിയും ഒപ്പം ഞങ്ങള്‍ ഇന്ത്യക്കാര്‍ മുതിര്‍ന്നവരെ വിളിക്കുന്നത്‌ അങ്ങിനെയാനെന്നും പറഞ്ഞപ്പോള്‍ അവര്‍ അങ്ങിനെ തന്നെ വിളിച്ചോളൂ എന്ന് അനുവാദം തന്നു...
                                     ഫുഡ്‌ കോര്‍ട്ടില്‍ ഒരു ചെറിയ വേദി ഒരുക്കിയിട്ടുണ്ട്...കരോക്കെ സംവിധാനത്തില്‍ പിഞ്ചു കുട്ടികള്‍ പാട്ട് പാടുകയും നൃത്തം വെക്കുകയും ചെയുന്നത് കണ്ണിനു കുളിര്‍മയേകി...കാണാന്‍ സമയക്കുറവു ഉണ്ട്....പത്തു മിനിറ്റ് നേരത്തെ ഇടവേളയ്ക്കു വന്ന ഞാന്‍ പെട്ടെന്ന് തിരിച്ചു പോയില്ലെങ്കില്‍ സൂപര്‍ വൈസരുടെ മുട്ടന്‍ തെറി കേള്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് നില്‍ക്കെ വേദിയില്‍ നിന്നും ഒരു അനൌണ്‍ സ്മെന്റ് കേട്ട് തിരിഞ്ഞു നോക്കി...അടുത്തത് ഒരു  ഹിന്ദി ഗാനം ആലപിക്കാന്‍ പോകുന്നത് സജ്ന ....ഒരു നിമിഷ നേരം എന്നെ അവിടെ പിടിച്ചു നിര്‍ത്തി....അവളുടെ സ്വര മാധുരി എന്നെ ഞാന്‍ അറിയാതെ ഏതൊക്കെയോ കാലങ്ങളിലേക്ക് ആനയിച്ചു കൊണ്ട് പോയി....
                               ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ആദ്യമായി മധുരമുള്ള ഒരു ശബ്ദം കേട്ടപ്പോള്‍ അവള്‍ക്കു പിന്നാലെ നടന്നതും അവളില്‍ നിന്ന് നിരന്തരമായ തെറി കേട്ടതും ഓര്‍മയില്‍ ഓടി വന്നു...കെ ടി കുഞ്ഞബ്ദുള്ള മാസ്ടര്‍ എന്നെ പല തവണ വാണിംഗ് തന്നു വിട്ടിട്ടും ഞാന്‍ എന്റെ ഉദ്യമം അവസാനിപ്പിച്ചില്ല...ശരിയാണ്...ആദ്യമായി ഞാന്‍ അവളെ കണ്ടത് വാണിമേല്‍ എം യു പി യുടെ സ്ടാഫ് റൂമില്‍ വെച്ചായിരുന്നു....സംഗീതത്തിന്റെ ടീച്ചര്‍ അവളെ കൊണ്ട് പാട്ട് പാടിക്കുന്നു...ഹാജര്‍ പട്ടിക എടുത്തു കൊണ്ട് വരാന്‍ എന്നെ മാഷ്‌ സ്ടാഫ് റൂമിലേക്ക്‌ വിട്ടത് ഒരു അനുഗ്രഹമായി തോന്നി....കുറെ നേരം അവളുടെ സ്വരമാധുരി ആസ്വദിച്ചു നില്‍ക്കണം എന്നുണ്ടായിരുന്നു...നടന്നില്ല...അന്ന് തുടങ്ങിയതാണ്‌ അവളുടെ പിന്നാലെ ഉള്ള അലച്ചില്‍...ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ തുടങ്ങി അല്ലെ എന്നായിരുന്നു കൂട്ടുകാരില്‍ ചിലരുടെയും കെ ടി യുടെയും ഒക്കെ ചോദ്യം...ചോദ്യശരങ്ങള്‍ അവഗണിച്ചു കൊണ്ട് വണ് വേ പ്രണയത്തിന്റെ തീവണ്ടി അതി ശക്തമായി കുതിച്ചു കൊണ്ടേ ഇരുന്നു....
                                       എഴുതി കൊണ്ട് പോയ പ്രണയ ലേഖനങ്ങള്‍ അവള്‍ നിരസിച്ചു കൊണ്ടേ ഇരുന്നു...പിന്മാറാന്‍ ഞാന്‍ തയ്യാറായതും ഇല്ല...നാളുകള്‍ കൊഴിഞ്ഞു പോയി....എട്ടാം ക്ലാസ്സിലേക്ക് പോകുമ്പോള്‍ അവള്‍ ക്രസന്റ് ഹൈ സ്കൂളില്‍ ഉണ്ടാവില്ല എന്ന അറിവ് എന്നെ വല്ലാതെ വേദനിപ്പിച്ചു...ഏകാന്തതയില്‍ നിന്നും മുക്തി നേടി മറ്റു സുന്ദരികള്‍ക്ക് നേരെ പ്രണയ പരവശനായി എഴുതി വെച്ച കത്തുകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കെ ആണ് അവളുടെ അയല്‍വാസി ആ വിവരം പറയുന്നത്...ഒന്‍പതാം ക്ലാസ്സില്‍ അവള്‍ വന്നു ചേര്‍ന്നപ്പോള്‍ കാലി ടാങ്കില്‍ പെട്രോള്‍ അടിച്ചു കിട്ടിയ പവര്‍ ആയിരുന്നു എനിക്ക്....പുനര്‍ ചിന്തനക്കുള്ള അപേക്ഷ അവള്‍ സ്വീകരിച്ചില്ല....നിരന്തരം അവഗണിക്കപ്പെട്ടപ്പോള്‍ പോട്ടെ പുല്ല് എന്ന് വിചാരിച്ചു ഞാന്‍ ആ വിഷയത്തില്‍ നിന്നും കയ്യൊഴിഞ്ഞു....അല്ല ...എന്റെ ആദ്യ പ്രണയ സങ്കല്പവും സ്വപ്നാടനവും എല്ലാം കൂറ്റന്‍ മതിലിനിടിച്ചു തകര്‍ന്നു തരിപ്പണം ആയി പോയി എന്ന് പറയാം...അതെ...അതാണ്‌ ശരിയും ....
                    കാലങ്ങള്‍ ഉദയാസ്തമനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കടന്നു പോയി......ഓണവും വിഷുവും പെരുന്നാളും നോമ്പ് കാലവും എല്ലാം എല്ലാം....യാത്രയില്‍ ഏതോ വഴിയില്‍ വെച്ച് വീട്ടുകാര്‍ ചൂണ്ടി കാണിച്ചു തന്ന നല്ല പാതിയെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോന്നു...അവള്‍ക്കും അറിയാന്‍ താല്പര്യം...ആരെ എങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു....താല്‍ക്കാലിക സൌകര്യത്തിനു വേണ്ടി ഇല്ലെന്നു കള്ളം പറഞ്ഞു വെച്ച് യാത്ര തുടര്‍ന്നു ...
                            വീട്ടിലെ ഫോണ്‍ തകരാറില്‍ ആയപ്പോള്‍ പരാതി പറയാന്‍ ആണ് കുളപ്പരംബിലെ എക്സ്ചേഞ്ചിന്റെ ക്യൂവില്‍ നിന്നത്....അകത്തു നിന്നും ചന്ത്രേട്ടന്‍ പരാതികള്‍ ചോദിച്ചും അറിഞ്ഞും എഴുതി വെക്കുന്നതിനിടയില്‍ എന്റെ മുന്നിലത്തെ വരിയില്‍ നില്‍ക്കുന്ന അവളെ ഞാന്‍ കണ്ടു....അതെ...എന്റെ സകല അഭ്യര്തനകളും കാറ്റില്‍ പറത്തി ഈ വഴിക്ക് കണ്ടു പോകരുതെന്ന് നോട്ടം കൊണ്ട് പറഞ്ഞു വെച്ച് പോയ അവള്‍...എന്നെ കണ്ടതും തലയില്‍ കൈ വെച്ച് കൊണ്ട് പറഞ്ഞു....

അള്ളോ ഇതാര്യാ പടച്ചോനെ ഇക്കാണ്‌ന്നെ ?

കൂടെ മകളും ഉണ്ടായിരുന്നു....പത്താം ക്ലാസ്സുകാരിയാനത്രെ മകള്‍....പണ്ടത്തെ ആ ഗായികയെ മുറിച്ചു മാറ്റി വെച്ച ഒരു കഷ്ണം

സംസാരത്തിനിടയില്‍ അവള്‍ പറഞ്ഞു...

ഇങ്ങനെല്ലം ആവ്വെനായിരിക്കും പടച്ചോന്റെ വിധി...അല്ലെങ്കിലും ഇഞ്ഞി അന്ന് എന്റെ ബയ്യെന്നെ ബെരുമ്മോ ന്നും പ്രേമോം മന്നാങ്കട്ട്യോന്നും എനക്കരിഞ്ഞൂടെനൂ....അത് തിരീമ്മനെക്ക് ഇവള് ബെലുതാവ്വേം ചെയ്തു....

യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവളുടെ കുട്ടിക്കാലത്തെ കൌതുകം നിറഞ്ഞ കണ്ണുകള്‍ എന്നെ പിന്തുടരുന്നത് ഞാന്‍ ഹൃദയത്തിന്റെ കണ്ണാടിയില്‍ കാണുന്നുണ്ടായിരുന്നു....


ലോ റെയ്സും ലോ വെയ്സ്റ്റ് കള്‍ച്ചറും

മഗ്രിബ് നമസ്കാരത്തിന്റെ സമയം ആയപ്പോള്‍ അടുത്തുള്ള സ്ടോരിലെ ഉത്തരേന്ത്യന്‍ സുഹൃത്ത് വന്നു വിളിച്ചത്....ഷോപിംഗ് മാളിനകത്ത്‌ ഉള്ള ചെറിയ നമസ്കാര മുറിയില്‍ എത്തിയപ്പോള്‍ മൂന്നു പേര്‍ നമസ്കാരം നിര്‍വഹിക്കുന്നുണ്ട്....ഒരുത്തന്‍ സുജൂദി ലേക്ക് പോകുമ്പോള്‍ തന്നെ കണ്ടത് തന്റെ ഷര്‍ട്ട് മുകളിലോട്ടു കയറി പാന്റ് ചന്തിയുടെ അതിര്‍ത്തി വിട്ടു താഴോട്ടും ഇറങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്....തന്റെ സൂയസ് കനാല്‍ വെളിപ്പെട്ടപ്പോള്‍ കൂടെ വന്ന ഉത്തരേന്ത്യന്‍ സുഹൃത്ത് അവനെ ചവിട്ടാന്‍ കാല്‍ പൊക്കിയതു  ഞാന്‍ തടഞ്ഞു....നിസ്കാരം പൂര്തിയായി കഴിഞ്ഞപ്പോള്‍ ആ സുഹൃത്തിനെ കാര്യം ബോധ്യപ്പെടുത്തി....മാറ്റി നിസ്കരിക്കാന്‍ പോലും തയാറാകാതെ ആ സുഹൃത്ത് ഇറങ്ങി പോയി....ഇന്നത്തെ ഫാഷന്‍ വസ്ത്ര ലോകം മനുഷ്യനെ പരമാവധി വഴി തെറ്റിക്കാന്‍ ഉള്ളതാണെന്ന ബോധ്യം വല്ലാതെ വേദനയുളവാക്കി ...ചന്തിയും ഒരു പരിധി വരെ അണ്ടര്‍ വെയറും പരസ്യപ്പെടുത്തി ഞെളിഞ്ഞു നടക്കാന്‍ ആണ് ആധുനിക ഫാഷന്‍  സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്‌...മനുഷ്യന്‍ വസ്ത്ര ധാരണത്തില്‍ മാന്യന്‍ ആവുക സംസ്കാര സമ്പന്നന്‍ ആവുക എന്ന നില വിട്ടു എന്തും വെളിപ്പെടുത്തുക അത് അന്യന്റെ കണ്ണിലേക്കു ആസ്വാദനത്തിനു വിട്ടു കൊടുക്കുക എന്ന രീതിയിലേക്ക് പരിവര്‍ത്തനം നടന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പോലും തയ്യാറാകാത്ത ഭൂരിപക്ഷതോടാണ് എനിക്ക് പ്രതിഷേധം അറിയിക്കാനുള്ളത്...


                            എന്റെ കുട്ടിക്കാലത്ത് വീട്ടിനടുത്തുള്ള  മന്നി ഏട്ടത്തി എന്ന് ഞങ്ങള്‍ വിളിക്കുന്ന സ്ത്രീ വീട്ടില്‍ വന്നപ്പോള്‍ അവരുടെ വസ്ത്ര ധാരണം എന്നെ അത്ഭുതപ്പെടുത്തിയത് കൊണ്ടാവാം ഞാന്‍ വിളിച്ചു പറഞ്ഞു....മന്നിയെട്ടത്തിന്റെ മൊല കാണുന്ന് ...ഇത് കേട്ടപ്പോള്‍ ഉമ്മ എന്നെ തടഞ്ഞു....ഒരു കൈലി  മുണ്ടും മേല്‍ മുണ്ടും മാത്രം ആയിരുന്നു അവരുടെ വേഷം....നീര് വറ്റിയ ശരീരം, ഉടു  മുണ്ടിനു മേല്‍ മുഴുവന്‍ ഭാഗവും പ്രദര്‍ശിപ്പിച്ചു പേരിനൊരു മേല്‍ മുണ്ട് ശരീരത്തെ പൊതിഞ്ഞു വെച്ചിട്ടുണ്ട് എന്ന് മാത്രം...അവര്‍ണ കുടുംബത്തില്‍ പെട്ട അവര്‍ക്ക് പഴയ കാലത്ത് മാറ് മറക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല പോലും എന്ന് പിന്നീടാണ് മനസ്സിലാക്കിയത്....സവര്‍ണനു തൊട്ടു കൂടായ്മയും തീണ്ടി ക്കൂടായ്മയും അപാരമാനെങ്കിലും അവര്‍ണരുടെ ശരീര ഭംഗി ആസ്വദിക്കുന്നതില്‍ ഇപ്പറഞ്ഞതൊന്നും ബാധകം ആയിരുന്നില്ല എന്നര്‍ത്ഥം...സവര്‍ണന്‍ അവന്റെ മേല്‍ മേല്‍ക്കോയ്മ കാനിക്കുന്നതിലൂടെ ആവശ്യപ്പെട്ടത് എന്തോ അതിന്റെ പരസ്പര പൂരകമായ ഏറ്റെടുക്കലുകള്‍ ആണ് പിന്നീട് വന്ന വസ്ത്ര വിപണികളിലും പ്രകടമായത്....ഒറ്റ പീസ് സ്യൂട്ടിനുള്ളില്‍ മറക്കാന്‍ പറ്റുന്നത് മാത്രം മറച്ചു വെച്ച് പരമാവധി വെളിപ്പെടുതിയുള്ള ഫാഷന്‍ പാശ്ചാത്യ സ്ത്രീകള്‍ ആരാധനയോടെയാണ് സ്വീകരിച്ചത്....മാക്സിമം സെക്സി ആവുക എന്ന ചിന്താ ധാര അവരെ വഴി തെറ്റിച്ചു കൊണ്ടേ ഇരുന്നു....


                            ഈ അടുത്ത് സുഹൃത്ത് എനിക്ക് തന്ന രണ്ടു ഫോട്ടോകള്‍ കാണുമ്പോള്‍ മനുഷ്യന്റെ സൌന്ദര്യ ആസ്വാദന സംവേദന ശക്തി പോലും മരവിച്ചു പോകുന്നതാണ അനുഭവപ്പെട്ടത് ...കമ്പോള വല്‍ക്കരിച്ച് മനുഷ്യനെ പരമാവധി വഴി തെറ്റിക്കാന്‍ ഇറങ്ങി പുറപ്പെട്ട സയനിസതിന്റെ അടിമകള്‍ ആയി പോവുകയാണു ഉപഭോക്താക്കള്‍ ആയ നമ്മള്‍ എന്നത് നമുക്ക് തിരിച്ചറിയാന്‍ ഏറെ വൈകി പോയി...ലോ റൈസ് ജീന്‍സും ട്രൌസറും അരങ്ങു വാഴുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സംസ്കാര സമ്പന്നത ആണെന്നും ഒപ്പം നമ്മുടെ സ്വകാര്യ ജീവിതത്തില്‍ ജൂതന്മാര്‍ മുതല്‍ ഫാഷന്‍ എന്ന പേരില്‍ പേക്കൂത്തുകള്‍ പടച്ചു വിടുന്ന ഇത്തരം അധമ പ്രവര്‍ത്തികള്‍ പടച്ചു വിടുന്നവര്‍ പരിപൂര്‍ണ വിജയത്തില്‍ എതുകയാനെന്ന ബോധ്യവും നമുക്കില്ലാതെ പോയി എന്ന് കൂടി നാം ഓര്‍ക്കുന്നില്ല ...




                                  ചില ഉപഭോക്താക്കള്‍ സ്ടോരില്‍ വന്നാല്‍ കുനിഞ്ഞു നില്‍ക്കുന്നത് കാണാന്‍ പേടിയാണ്....മല വിസര്‍ജനം എമര്‍ജന്‍സി യില്‍ നടത്താന്‍ വേണ്ടിയാണോ പാതി തുറന്നു വെച്ച് നടക്കുന്നത് എന്ന് പോലും സംശയിക്കത്തക്ക രീതിയില്‍ ആണ് ഇന്നത്തെ വസ്ത്ര ധാരണ രീതി...ഖത്തര്‍ എന്ന കൊച്ചു രാജ്യത്ത് കൂടുതല്‍ ആയി ഇത്തരം വസ്ത്ര ധാരണ രീതികള്‍ കണ്ടിട്ടുള്ളത് ലബനാന്‍ ഈജിപ്റ്റ്‌ സിറിയ തുടങ്ങിയ രാജ്യക്കാരില്‍ ആണെന്നത് ഏറെ ഖേദകരം തന്നെ...ഇന്ഗ്ലാണ്ടുകാരനും അമേരിക്കക്കാരനും അയരലണ്ടുകാരനും ഒക്കെ ബെര്മൂടയും മറ്റും ഒക്കെ ധരിച്ചു വരാറുണ്ടെങ്കിലും കുനിഞ്ഞു നില്‍ക്കുമ്പോള്‍ ഈ  സൂയസ് കനാല്‍ കാണിക്കുന്ന തരത്തില്‍ എന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല....ഉണ്ടെങ്കില്‍ നിങ്ങള്ക്ക് തിരുത്താം...ചുരുക്കത്തില്‍ അറബ് വംശജരിലാണ് ഇത്തരം ഫാഷന്‍ തരംഗം ആളിപ്പടരുന്നത് എന്ന് മനസ്സിലാക്കാം ....നീ എന്തിനാ കുനിയുന്നതും നോക്കി നടക്കുന്നത് എന്ന് ചോദിച്ചേക്കരുത്....എന്റെ ജോലി ഒരു ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ ആയതു കൊണ്ട് തന്നെ ഇത്തരം കാഴ്ചകള്‍ പതിവായതു കൊണ്ട് പറഞ്ഞു എന്ന് മാത്രം....

Wednesday 12 February 2014

ആയിശുമ്മാനെ കൊണ്ടോയ ജിന്ന്

             ഞായറാഴ്ച സ്കൂളിനു അവധിയായത്‌ കൊണ്ട് മദ്രസാ പഠനം പതിനൊന്നു മണി വരെ നീളും.....അതിനിടക്ക്കിട്ടുന്ന ഇടവേളയില്‍  ഓടി കിതചൊന്നു വീട്ടിലെത്തിയാല്‍ ഉമ്മ ദോശ ക്കല്ലില്‍ നിന്ന് ചൂടോടെ പറിച്ചെടുത്തു തരുന്ന ദോശയില്‍ തേങ്ങ ചിരവി ഇട്ട് പഞ്ചസാരയും ചേര്‍ത്ത് ചുരുട്ടി കയ്യില്‍ തരും ...പിന്നത്തെ ഓട്ടം ദോശയുടെ ബാക്കി ഭാഗം കടിച്ചു പിടിച്ചു കൊണ്ടാണ് ...അപ്പോള്‍ ഉമ്മ പുറകില്‍ നിന്ന് വിളിച്ചു പറയും...

ആട നിക്ക്വാനേ ....ഇനിക്കത് തീര്‍ത്തും തിന്നിറ്റ് പൊറോ?

പാണല്‍ വടി കൊണ്ട് ഉസ്താദിന്റെ അടി കിട്ടുന്നയിലും നല്ലത് ഈ ഓട്ടം തന്നെ എന്ന് വിചാരിച്ചു ഓടി കിതചെതുമ്പോള്‍ അടുത്ത നിര്‍ദേശം ഉസ്താദ് പുരപ്പെടുവിചിട്ടുണ്ടാവും


ളുഹറും അസറും എല്ലാരും  പള്ളിക്ക് ജമാത്തിനെക്ക് എത്തണം ....കേട്ടിക്കല്ലേ

അസര്‍ നിസ്കാരത്തിനു വന്നാല്‍ പള്ളിയുടെ താഴത്തെ നിലയില്‍ വെറുതെ കുറെ നേരം ഇരിക്കും....വാണിമേല്‍ പുഴയുടെ മയ്യഴിയോടുള്ള അടങ്ങാത്ത അഭിനിവേഷതോട് കൂടിയുള്ള പ്രയാണം കാണാന്‍....ഒപ്പം പടിഞ്ഞാറന്‍ കാറ്റ് അറബിക്കടലില്‍ നിന്നും നേരിട്ട് വിതരണം ചെയ്യുന്ന കാറ്റിനെ പുല്‍കി അങ്ങിനെ സ്വപ്നം കണ്ടിരിക്കാന്‍ ....ഇടക് ചില മുതിര്‍ന്നവരും വിശ്രമിക്കുന്നവരില്‍ ഉണ്ടാകും ....അവൂള്ള ഹാജിയും പതിവുകാരില്‍ ഒരാള്‍ ആയിരുന്നു...വെറ്റില കെട്ടെടുത്തു മലര്‍ത്തി വെച്ച് ഉണ്ടന്‍ ഒരു മംഗള അടക്ക പൊട്ടിച്ചു കൊടുക്കാന്‍ എന്നെ ഏല്പിക്കും...

ഇഞ്ഞിതൊന്ന് അക്കല്ലുമ്മല്‍ ബെച്ച് കുതീങ്ങ് പൊട്ടിച്ചാ ....

വെറ്റിലയുടെ മുനമ്പ് പൊട്ടിച്ചെടുത്ത് ചുണ്ണാമ്പ് ഉരച്ചു പിടിപ്പിച്ചു പുകയില തണ്ടിന്റെ നാറിയ മണവും മൂക്കിലോട്ടു വലിച്ചു കേറ്റി  അടക്കയും കൂടി ചുരുട്ടി അതിനകത്തേക്ക് കയറ്റി  വായിലേക്ക് തിരുകി വെച്ച് വലത്തേ കവിളില്‍ കോട്ടിപ്പിടിച്ചു ചവച്ചു കൊണ്ടേ ഇരിക്കും....ഇടയ്ക്കു ചുണ്ടിലേക്ക്‌ ചൂണ്ടാണി വിരലും അതിന്റെ അനിയന്‍ വിരലും  ഒരു വഴി വെട്ടി ഉണ്ടാക്കി നീട്ടി വലിച്ചൊരു തുപ്പുണ്ട് ....ആകാശത്ത് ചുവപ്പിന്റെ മഴവില്ല് തീര്‍ത്തു ഭൂമിയിലേക്ക്‌ പതിക്കുമ്പോള്‍ കാറ്റേ റ്റു   വരുന്ന മിശ്രിതത്തിന്റെ മണം മനം പിരട്ടുന്നതായിരിക്കും....എങ്കിലും അവൂള്ളക്കാന്റെ കഥ കേള്‍ക്കാനുള്ള താല്പര്യം എന്നെ മൂപ്പരുടെ സാമീപ്യം വിട്ടു മാറാന്‍ സമ്മതിക്കാറില്ല


             ഇന്നത്തെ തലമുറയോട് ജിന്നിനെ പറ്റിയോ ഭൂത പ്രേത പിശാജുക്കളെ പറ്റിയോ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല...അപ്പൊ തന്നെ അവര്‍ വല്ല ഗൂഗിള്‍ സെര്ച്ചിലോ മറ്റോ തപ്പി നോക്കും ...എന്നാല്‍ അവരും കൂടി അറിയട്ടെ ഈ സംഭവം എന്ന് വെച്ചാണ് ഞാന്‍ പണ്ട് എനിക്ക് അവൂള്ളക്ക പറഞ്ഞു തന്ന സംഭവ ബഹുലമായ അല്ലെങ്കില്‍ എന്റെ തന്നെ കുടുംബത്തില്‍ നടന്ന ഒരു സംഭവം നിങ്ങളോട് കൂടി പങ്കു വെക്കാം എന്നാഗ്രഹിച്ചത്,...
         
               വളരെ പുരാതനമായ ഒരു കുടു മ്ബമായിരുന്നു ഞങ്ങളുടേത്.....പ്രമാണിയും ജന്മിയും ഒക്കെയായിരുന്ന വല്ല്യുപ്പ ആദ്യ ഭാര്യയുടെ മരണത്തിനു ശേഷം മറ്റൊരു കല്യാണം കഴിച്ചു ...എടച്ചേരി കാരിയായ ആയിഷ  ആയിരുന്നു വധു....മൂരി വണ്ടിയിലാണ് അന്ന് പുത്യാപ്പിള പെണ്ണിന്റെ വീട്ടില്‍ പോയതും പെണ്ണിനെ തിരിച്ചു കൂട്ടി കൊണ്ട് വന്നതും...അതും പത്രാസുള്ള മൂരികളെ കെട്ടി വെച്ച് പതിനാറു മൂരി വണ്ടികള്‍ ...വാണിമേല്‍ പുഴയുടെ കുറുകെ പാലം ഉണ്ടായിരുന്നില്ല...വേനല്‍ക്കാലത്ത് മാത്രമേ സുഗമ സഞ്ചാരം ഉണ്ടാവുകയുള്ളൂ....പുഴയുടെ വശങ്ങളില്‍ ഇടിച്ചു താഴ്ത്തിയ ഭാഗത്ത്‌ കൂടെ ഇറങ്ങി വന്നു തോണിയില്‍ വേണം അക്കരെ കടക്കാന്‍...ആയിഷയുടെ മനസ്സില്‍ പുഴ ഒരു രോദനം കണക്കെ നില വിളിച്ചു....വെള്ളം ഇഷ്ടപ്പെട്ട അവള്‍ പുഴയെ സ്നേഹിച്ചു....വീട്ടില്‍ നിന്നും അലക്കാനും കുളിക്കാനും പുഴയിലേക്ക് പോവുക പതിവായി തുടര്‍ന്നു
                                ആയിശുമ്മ ആവുമ്പോഴേക്കും അവരില്‍ പരിവര്‍ത്തനങ്ങള്‍ കണ്ടു തുടങ്ങി....അല്‍പ സ്വല്പം മാനസിക വിഭ്രാന്തി കാണിച്ചു തുടങ്ങിയ അവര്‍ ഉറക്കില്‍ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി ...ഗത്യന്തരമില്ലാതെ വല്ല്യുപ്പ അവര്‍ ഉറക്കില്‍ നിന്നെഴുന്നേറ്റു പോകുന്നത് അറിയാന്‍ മുണ്ടിന്റെ കോന്തലയില്‍ ആയിശുമ്മാന്റെ മുണ്ട് കെട്ടിയിട്ടു....
                                ചികിത്സിക്കാനും മന്തൃക്കാനും വന്ന മുസ്ലിയാര്‍ ആയിശുമ്മാക്ക് ജിന്ന് ബാധയാണെന്ന് വിധി എഴുതി....ഈ പറമ്പില്‍ ജിന്ന് സേവ ഉണ്ടെന്നും അതില്‍ ഒരു ജിന്ന് ആയിശുമ്മയെ ആവാഹിചെടുതെന്നും ആയി മുസ്ലിയാരുടെ വിലയിരുത്തല്‍....ഒരു ദിവസം സുബഹി നിസ്കരിക്കാന്‍ എഴുന്നേറ്റ വല്ല്യുപ്പയുടെ കോന്തല അഴിഞ്ഞു പോയിരിക്കുന്നു....ആയിശുമ്മ ഇല്ല...സകല സ്ഥലത്തും തിരഞ്ഞു നോക്കി.....മണ്ണെണ്ണ വിലക്ക് തെളിച്ചു നോക്കിയപ്പോള്‍ നിലത്തു ചോര തുള്ളികള്‍ വീണു പരന്നു കിടക്കുന്നത് കാണാം ....വല്ല്യുപ്പ പരിഭ്രാന്തനായി...വാതില്‍ തുറന്നു കിടക്കുന്നു...പുറതെക്കാന് ചോര പ്പാടുകള്‍ പോയിട്ടുള്ളത്...എന്താണ് സംഭവിച്ചത് എന്നൊരു പിടിയും കിട്ടുന്നില്ല ....അടുത്തുള്ള വീടുകളിലും കിണറുകളിലും പുഴയില്‍ വരെയും സകല സ്ഥലത്തും തിരഞ്ഞു നോക്കി...എവിടെയും കണ്ടെത്താനായില്ല....ഒരു ദിവസത്തെ തിരച്ചിലിന്റെ ഫലം നിരാശ ആയിരുന്നു....




                         പെരിങ്ങത്തൂര്‍ പുഴയിലെ കടവില്‍ മണല്‍  വാരല്‍ തൊഴിലാളികള്‍ നഗ്നയായ ഒരു സ്ത്രീ ഒലിച്ചു വരുന്നത് കണ്ടപ്പോള്‍ തോണി കള്‍ കൊണ്ട് തടസ്സം സൃഷ്ടിച്ചു ഒരു വിധം അവരെ കരക്കെത്തിച്ചു....ശരീരത്തില്‍ രക്തത്തിന്റെ പാടുകള്‍ ...ചെവി രണ്ടും മാന്തി പറിച്ചു വെച്ചിട്ടുണ്ട്...അവര്‍ ആ സ്ത്രീയെ ശരീരം മറച്ചു കരയില്‍ കിടത്തിയപ്പോള്‍ ആണ് ജീവനുണ്ടെന്നു മനസ്സിലായത്‌....എവിടെയാണ് സ്ഥലം എന്ന് ചോദിച്ചപ്പോള്‍ എടച്ചേരി ആണെന്ന് പറഞ്ഞു...അങ്ങിനെ അവിടെ നിന്നും ഒരു മൂരി വണ്ടിയില്‍ ആയിശുമ്മയെ അവര്‍ ഇടചെരിയിലെ വീട്ടില്‍ എത്തിക്കുമ്പോള്‍ വല്ല്യുപ്പയും സഹായികളും അവിടെ എത്തിയിരുന്നു...എല്ലാവരിലും അത്ഭുതം ...പത്തു പതിനഞ്ചു കിലോ മീറ്ററോളം ഒഴുകി പോയിട്ടും ജീവന്‍ ബാക്കി കിട്ടിയല്ലോ എന്ന ആശ്വാസവും ....പുഴയിലൂടെ തന്നെ ആരോ താങ്ങി കൊണ്ട് പോയതാണെന്ന ആയിശുമ്മയുടെ വിശദീകരണം ജിന്നിന്റെ കരങ്ങളാണ് അതിനു പുറകില്‍ എന്ന് വിധി എഴുതപ്പെട്ടു,....നാട്ടിലാകെ പാട്ടായി...ജിന്ന് കൊണ്ട് പോയ ആയിശുമ്മാനെ കാണാന്‍ നാനാ വഴിക്ക് നിന്നുമാല്‍ക്കാര്‍ വരാന്‍ തുടങ്ങി....ചിലര്‍ ആയിശുമ്മയെ തൊട്ടു നോക്കി....ഇപ്പോഴും ജിന്നുന്ദ് കൂടെ എന്ന് പറഞ്ഞു ചിലര്‍ തൊട്ടു നോക്കാന്‍ ഭയന്ന്...വല്ല്യുപ്പ പോലും പിന്നെ അല്പം ജാഗ്രത കാണിച്ചു തുടങ്ങി...കാലങ്ങള്‍ക്കിപ്പുറം അവൂള്ളക്ക എനിക്ക് ഈ കഥ പറഞ്ഞു തരുമ്പോള് പോലും അത്ഭുത സ്തഭ്ധനായാണ് വിവരിക്കുന്നത്....ജിന്ന് കൊണ്ട് പോയ എന്റെ വല്ല്യുമ്മ എനിക്ക് അങ്ങേ അറ്റം സ്നേഹ നിധി ആയിരുന്നു...അത് കൊണ്ടാവാം ഈ പുഴ ഇന്നും എനിക്ക് സ്നേഹ നിധി ആവുന്നത്...എന്ത് തന്നെ ആയാലും എന്റെ വല്ല്യുമ്മ യെ പുഴ അന്ന് തിരിച്ചു തന്നില്ലായിരുന്നെങ്കില്‍ എനിക്ക് ആ സ്നേഹം കിട്ടില്ലായിരുന്നു....മുട്ടായി വാങ്ങാന്‍ പൈസ വേണം എന്ന് പറയുമ്പോള്‍ ഫ്ലാസ്കിനകത്തു ഒളിപ്പിച്ചു വെച്ച ഇരുപത്തി അഞ്ചു പൈസ തരാന്‍ ഉണ്ടാകില്ല ...ഏതായാലും പടച്ചവനു സ്തുതി...എന്റെ പതിമൂന്നാം വയസ്സ് വരെ വല്ല്യുമ്മ ന്റെ സ്നേഹം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞല്ലോ ..ഒരു പക്ഷെ ഈ ജിന്ന് കൊണ്ട് പോയ സംഭവം ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ പിള്ളാരോട് പറഞ്ഞിട്ടൊരു കാര്യവും ഉണ്ടാകില്ല...എന്നാല്‍ ഇത് സത്യമാണ് എന്ന അവൂള്ളക്ക യുടെ ചരിത്ര സത്യം എനിക്ക് വിശ്വസിച്ചേ പറ്റൂ....നിങ്ങള്‍ക്കും വേണമെങ്കില്‍ വാണിമേല്‍ പുഴയുമായി ബന്ധമുള്ള പഴമക്കാരെ ആരെ എങ്കിലും കിട്ടുകയാണെങ്കില്‍ ചോദിച്ചു നോക്കാം....അതാവും നല്ലത് .



Sunday 9 February 2014

നീറുന്ന മനസ്സിലേക്ക്

ആശയ ദാരിദ്ര്യം സംഭവിക്കുന്നത്‌ 
മനസ്സ് വേവുമ്പോഴാണ്‌ 
ഉള്ളും പുറവും നീറ്റലിന്റെ 
പാരമ്യതയില്‍ നില്‍ക്കുമ്പോഴും 
ഞാന്‍ നിനക്ക് പ്രതിഷ്ഠ നല്‍കിയത് 
മനസ്സിന്റെ കണ്ണാടി ക്കൂട്ടിലാണ് 
നിന്നോടുള്ള സംവാദവും സംവേദനവും 
തേനില്‍ പുരട്ടിയെടുതാണ് 
ഞാന്‍ പകരുന്നത് 
നീ പകരം തരുന്നത് 
കാരിരുമ്പിന്റെ തറയ്ക്കുന്ന വേദനയും

ചങ്ങലയില്‍ തളച്ചു പൂട്ടിയിട്ട
നിന്റെ കൈ കാലുകളില്‍
കുത്തി ഒലിക്കുന്ന വ്രണം മണത്തു നോക്കി
ആനന്ദം കണ്ടെത്തുവാന്‍ ഈ ലോകം
അവിടം സ്വര്‍ഗമെന്നു
വ്യഥാ നിനച്ചു പോയ പേക്കിനാവ്
ഒരു നാള്‍ വരുമെന്ന ശുഭ പ്രതീക്ഷയെ
കശക്കി എറിഞ്ഞവര്‍
ആര്‍ത്തട്ടഹസിച്ചു പൊട്ടി ചിരിച്ചവര്‍

കപടമീ ലോകമെന്നറിയുവാന്‍
നാളുകള്‍ തന്‍ വേദനയും വേവലാതിയും
ചുമന്നു നടന്നു കഴുത കണക്കെ
ഇനിയും ചുമക്കുവാന്‍ നീ കഴുത തന്നെ
ആത്മാവ് വഴിയില്‍ ഉപേക്ഷിച്ചവന്
ആത്മാര്‍ഥത നീ തോണ്ടി നോക്കരുത്
കാപട്യം ഇന്നീ ലോകത്തിനു
അലങ്കാരമത്രെ വഞ്ചനയും
അവന്‍ ആണ് ഇന്നിന്റെ മാന്യന്‍
അവനു ആണ് ഇരിപ്പിടവും
സിംഹാസനവും പുഷ്പ കിരീടവും 

പാര പണിയുന്നവന് ഒരു മധുരോപഹാരം

മനസ്സ് കൊണ്ട് ഇനി ഒരിക്കലും അയാളെ കാണാന്‍ ഇടവരുത്തല്ലേ എന്ന് ആഗ്രഹിച്ചിരുന്നു....അത്രക്ക് വെറുത്തു പോയി എന്നത് മാത്രമല്ല...അയാള്‍ക്കും ഉണ്ടാവില്ലേ ഇനിയങ്ങോട്ട് എന്നെ കാണുമ്പോള്‍ മനസ്സിനൊരു പ്രയാസം ...ഞാനും അയാളും തമ്മില്‍ ജീവിതത്തില്‍ കണ്ടു മുട്ടിയ നാളുകള്‍ വളരെ അപൂര്‍വ്വം ആയിരുന്നു....സംസാരിച്ചതും അതെ...എന്നിട്ടും അയാള്‍ അയാളുടെ തനി നിറം കാണിച്ചു ...പക്ഷെ താന്‍ ഈ ചെയ്യുന്നത് ഒരു പുണ്യ പ്രവര്‍ത്തി ആണെന്ന് ധരിച്ചോ?...മറ്റുള്ളവര്‍ ഇത് ഒരു കാലത്തും അറിയില്ലെന്ന് വിജാരിച്ചോ ഏതായാലും എന്റെ അന്നം മുട്ടിക്കാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല എന്നത് അയാളുടെ നീച പ്രവൃത്തിയുടെ പരാജയം മാത്രമാണ്...ചിലര്‍ക്ക് ചില ക്രൂര വിനോദങ്ങളില്‍ ആണ് ആത്മരതി നുകരാന്‍ കഴിയുക...അത് എത്രത്തോളം സഹജീവികളെ വേദനിപ്പിക്കുന്നു എന്നത് അയാള്‍ക്ക്‌ പ്രശ്നമല്ലായിരിക്കാം...പക്ഷെ നന്മ ശേഷിക്കുന്നവര്‍ക്ക് ദൈവം കനിഞ്ഞരുളുന്ന വിജയം അനുഗ്രഹം ഇതൊന്നും തടയാന്‍ നിങ്ങളെ പോലെയുള്ളവരുടെ നാവുകള്‍ക്ക് തടയാനോ വിലങ്ങുകള്‍ ഇട്ടു പൂട്ടി വെക്കാനോ കഴിയില്ല....അത് ദൈവത്തിന്റെ തീരുമാനം ആണ്....തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നിടതാണ് നീ പരാജയപ്പെടുന്നത് എന്ന് നീ അറിയുന്നില്ല...മാനവകുലത്തിനു ദൈവം കല്പ്പിക്കപ്പെട്ടത്‌ വിവാഹവും പവിത്രമായ കുടുംബ ജീവിതവും ആണെങ്കില്‍ നിന്നെ പോലെയുള്ള കറുപ്പ് ബാധിച്ചു പോയ ഹൃദയങ്ങള്‍ക്ക്‌ അത് തടയിടാന്‍ കഴിയില്ല.,...നിന്റെ നാവിനെ കണ്ണിനെ കൈ കാലുകളെ ഹൃദയത്തെ ശരീരത്തെ ആകെയും നീ സൂക്ഷിക്കണം എന്ന് പഠിപ്പിച്ചു തന്നതിന്റെ പൊരുള്‍ പ്രാവര്‍ത്തികം ആക്കാന്‍ കഴിയാതിടത്ത് നീ സംപൂജ്യനാണ് ....പരാജിതനും ...




                                                   ഞാന്‍ എനിക്ക് നേരെ പിടിച്ചു വെച്ച കണ്ണാടി ചിലത്  പറഞ്ഞു തരുന്നുണ്ട്..എന്റെ വേദനകള്‍ പങ്കു വെക്കാനും തീഷ്ണമായ ജീവിതാനുഭവങ്ങളെ ആവാഹിച്ചെടുത്ത് ഒപ്പമിരുന്നു കരയാനും ചിരിക്കാനും സങ്കടപ്പെടാനും അന്നും ഇന്നും എന്നും ആ ഒരു കണ്ണാടി മാത്രമേ ഉണ്ടായിരുന്നുള്ളൂ...എങ്കില്‍ ആ കണ്ണാടി യുടെ പശ്ചാത്തലത്തില്‍ വന്നു ഒളിഞ്ഞു നോക്കി ഇരുന്നു എന്റെ ആനന്ദത്തിലും വേദനയിലും കൃത്രിമത്വം ആരോപിക്കാനും കളങ്കം ചാര്‍ത്തി വെക്കാനും ശ്രമിക്കുന്ന നിന്നിലെ കഴുകന്റെ കണ്ണുകള്‍ അന്ന് തിരിച്ചറിയാന്‍ മാത്രം ഉള്ള വിവേകം എനിക്ക് ഉണ്ടായിരുന്നില്ല...അല്ലെങ്കിലും എന്നിലേക്ക്‌ വന്ന വഴികള്‍ തടസ്സപ്പെടുത്താന്‍ നീ നടത്തിയ പരിശ്രമങ്ങള്‍ ഒക്കെയും വിജയം കണ്ടപ്പോള്‍ നിനക്ക് കിട്ടിയ ആ ഒരു രതി സുഖം ഉണ്ടല്ലോ അത് നൈമിഷകം ആണെന്ന് തിരിച്ചറിയാന്‍ നീ ഒട്ടേറെ നാളുകള്‍ കടന്നു പോവേണ്ടതുണ്ട് എന്നത് നിനക്കുള്ള പാഠമാണ് ...എങ്കില്‍ നീ ഇത് കൂടി അറിയണം....നിര്‍ബന്ധമില്ല...എങ്കിലും
                              യാദ്രിശ്ചികമായാണ് അവര്‍ എന്നെ എന്റെ ജോലി സ്ഥലത്ത് വെച്ച്  കണ്ടുമുട്ടുന്നത്....അവിവാഹിതന്‍ സുമുഖന്‍ സുന്ദരന്‍ ആലങ്കാരികമായി പറഞ്ഞാല്‍ എല്ലാം ഒത്തു വന്ന പന പോലത്തെ ഒരു പയ്യന്‍....സ്വര്‍ണം ചില്ലലമാരയില്‍ വെച്ച് പൂട്ടി കാവലിരിക്കുന്നവന്‍ ...അത്യാവശ്യക്കാര്‍ വരുമ്പോള്‍ പണത്തിന്റെ കനം സ്വര്‍ണതോട് കൂട്ടി ചേര്‍ത്ത് വിതരണം ചെയ്യുന്നതിനിടയില്‍ അവര്‍ എന്നെ കണ്ടു...പരിചയം സൌഹൃദമായി വളര്‍ന്നു....ഒടുക്കം അവരുടെ പാളയത്തില്‍ അവര്‍ ഒരുക്കിയ സ്നേഹ വിരുന്നില്‍ അതിഥി...ആതിഥേയന്‍ വല്ലാതെ വിനയ കുനിയന്‍ ആവുമ്പോഴും നെല്ലും പതിരും തിരിച്ചറിയാതെ ഞാനും...ഒടുക്കം യാത്ര പറഞ്ഞു പിരിയുന്നതിനിടയില്‍ അയാളുടെ സുഹൃത്തിന്റെ സ്വകാര്യം പറച്ചില്‍ ...പ്രവാസത്തിന്റെ ആദ്യ  അവധിക്കാലം അവരെയും അറിയിച്ചു...എന്നേക്കാള്‍ ആ വാപ്പയുടെ പ്രതീക്ഷ എന്റെ ഒപ്പം വിമാനത്തില്‍ ഇരുന്നൊരു യാത്ര.....യാത്രയില്‍ മുഴുവന്‍ കൌതുകം കലര്‍ന്ന വെച്ച് കെട്ടലുകള്‍ ഇല്ലാത്ത സംസാരം ....തന്റെ മകളെ കൈ പിടിച്ചു തരാന്‍ മനസ്സാ വാചാ നടത്തിയ തയ്യാറെടുപ്പുകള്‍ ആ  ഭാണ്ട ക്കെട്ടിലുണ്ടെന്നു വ്യക്തം ....അല്പം ബഹുമാനം കലര്‍ന്ന സ്നേഹം പൊതിഞ്ഞു വെച്ച സംസാരം കോഴികൊട് വിമാനത്താവളത്തിന്റെ ആകാശ കാഴ്ച വരെ അനുസ്യൂതം തുടര്‍ന്ന് കൊണ്ടേ ഇരുന്നു....താഴെ മിടിക്കുന്ന ഹൃദയ താളങ്ങളുടെ സ്വരം എന്റെ കര്‍ണ പുടങ്ങളിലേക്ക് എത്തിച്ചു കൊണ്ടേ ഇരുന്നു...വാപ്പ ഉമ്മ അനുജന്‍ ബന്ധുവായ സുഹൃത്ത് നാല് വര്‍ഷത്തെ പ്രവാസം അവധിക്കു മാത്രമായി വിട്ടു കൊടുത്തുള്ള മിന്നല്‍ പര്യടനം അവര്‍ക്ക് ആനന്ദത്തിന്റെ തുള്ളികളായി പോഴിയുന്നതിനിടെ ഞാന്‍ അയാളെ പരിജയപ്പെടുത്തി കൊടുത്തു ...വാപ്പയും അയാളും തമ്മില്‍ മുന്‍ പരിചയക്കാര്‍ ആണെന്ന കാര്യം എനിക്കറിയാം ....ദൈവ നിശ്ചയം ഉണ്ടെങ്കില്‍ കാണാം എന്നാ വാക്കുകളില്‍ അയാളുടെ കണ്ണുകള്‍ എന്നെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടേ ഇരുന്നു...




                       വിവാഹിതനാവുക എന്നത് ആലോജിചില്ലെങ്കിലും ഉമ്മയുടെ ന്നിസഹായവസ്ഥയും അപേക്ഷയും ആവട്ടെ എന്നാ തീരുമാനത്തില്‍ എത്തി ചേരുമ്പോഴും എന്നില്‍ സങ്കല്പങ്ങളുടെ ഭാണ്ഡം കെട്ടുകളായി പൊതിഞ്ഞു വെക്കപ്പെട്ടിരുന്നില്ല...എന്നെയും എന്റെ മാതാപിതാക്കളെയും തിരിച്ചറിഞ്ഞു പെരുമാറുന്ന ഒരു പെണ്ണ്....അതില്‍ കവിഞ്ഞൊന്നും ആഗ്രഹിച്ചിരുന്നില്ല.....ടെലിഫോണ്‍ ശബ്ദിക്കുമ്പോള്‍ മറുതലക്കല്‍ അയാള്‍ ആണെന്ന് വാപ്പയുടെ മറുപടി യില്‍ നിന്നും ബോധ്യമായി...വൈകീട്ട് വീട്ടിലേക്കു ആദ്യമായി വരുന്ന പെണ്ണാ ലോചന ...വാപ്പയുടെയും ഉമ്മയുടെയും ഉത്സാഹം എന്റെ കണ്ണുകള്‍ക്ക്‌ കൌതുകം പകര്‍ന്നു....ഒരുക്കപ്പാടുകള്‍ നടത്തുന്നതിനിടയില്‍ സമയം തള്ളി നീക്കുന്ന എന്നെ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല ...വിളിച്ചു പറഞ്ഞ നാല് മണിയും അഞ്ചു മണിയും കഴിഞ്ഞു മഗ്രിബ് നമസ്കാരത്തിനുള്ള സമയം ആയപ്പോള്‍ ആ തിരിച്ചറിവുണ്ടായി.....അത് മുടങ്ങി....എവിടെയോ അന്വേഷണത്തില്‍ പിഴച്ചു....ആരോ ഒരാള്‍ കുറ്റക്കാരന്‍ ആയിട്ടുണ്ട്...ഒന്നുകില്‍ വാപ്പ ശരിയില്ല....ഉമ്മാക്ക് സുഖമില്ല അല്ലെങ്കില്‍ ചെക്കന്‍ ഇടയ്ക്കിടയ്ക്ക് ലഹരി പുല്‍കും....ഏതായാലും പുതരിയിലെ കല്ലുകടി നല്ലതിനാണെന്ന ബോധ്യം അന്നെനിക്കുണ്ടായില്ലെങ്കിലും വീട്ടുകാര്‍ക്കുണ്ടായി ...



                                              വൈകുന്നേരം വീട്ടില്‍ കയറി വന്ന വാപ്പ ഉമ്മയോട് പറയുന്നത് കേട്ടാണ് അവര്‍ വരാതിരുന്നതിന്റെ പൊരുള്‍ അറിഞ്ഞത്...വീട്ടിലേക്കുള്ള വരവിനു മുമ്പേ അവര്‍ വീട്ടിനടുത്തുള്ള ബസ് സ്റൊപ്പിലും കടയിലും ഒക്കെ നടത്തിയ അന്വേഷണത്തില്‍ ആരോ ഒരാള്‍ എന്നെ വല്ലാതെ പുകഴ്ത്തി പറഞ്ഞത് കാരണം ആണത്രെ അവര്‍ തിരിച്ചു പോയത്....ഏതായാലും ആ പുകഴ്തലുകാരനെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു ...പ്രതികരിക്കാന്‍ ഏറ്റവും നല്ലത് മൌനം ആണെന്ന തിര്ച്ചരിവ് നിന്നെ നീ അല്ലാതാക്കി കളഞ്ഞു എന്ന ബോധ്യം ഒക്കെയും എന്നില്‍  ആനന്ദതെക്കാള്‍ വേദനയാണ് എനിക്ക് തന്നത്....ഒടുക്കം എന്റെ കല്യാണം ആയപ്പോള്‍ അന്ന് എന്നെ അടുക്കള പോക്കിരിയാണ് അവന്‍ എന്ന് ചൊല്ലി കൊടുത്ത അതെ നാവു വെച്ച് എന്റെ മുറ്റത്ത്‌  വന്നിരുന്ന്‍ വെട്ടി വിഴുങ്ങുമ്പോള്‍ അടുത്ത് വന്നിരുന്നു ഞാന്‍ ചോദിച്ചത് ഓര്‍മ്മയുണ്ടോ ആവോ?...അന്നും ഞാന്‍ വേദനിച്ചിരുന്നു...എന്ത് കൊണ്ട് നിങ്ങളെ പോലെയുള്ളവര്‍ ഭൂമിയില്‍ സ്വൈര വിഹാരം നടത്തുന്നു എന്ന്....നിങ്ങള്ക്ക് അന്ന് കിട്ടിയ ആസുഖതിനു എന്റെ വീട്ടിലെ അതിഥിയായി വന്നു എന്റെ സല്‍ക്കാരം സ്വീകരിച്ചു പോകുമ്പോള്‍ ഞാന്‍ നിങ്ങള്ക്ക് വേണ്ടി പ്രാര്തിച്ചിരുന്നു....ഇനിയെങ്കിലും ഈ പാര പ്പണി ഇയാളില്‍ നിന്നും എടുത്തു കള യണെ തമ്പുരാനേ എന്ന്...അല്ലെങ്കിലും നിങ്ങള്ക്ക് മനസ്സിലായില്ലേ നിങ്ങള്‍ തല കുത്തി നിന്ന് പാര പണിതാലും നടക്കാനുള്ളത് നടക്കുക തന്നെ ചെയ്യും അന്ന്....അത് ദൈവനിശ്ചയം ആണ് ....മറക്കരുത്....ഈ ദിനം എന്റെ ദിനമാണ്...അന്ന് നീ നാവു കൊണ്ട് എന്നെ നശിപ്പിക്കാന്‍  ശ്രമിച്ചിട്ടും പാഴായി പ്പോയ എന്റെ നാളുകളിലെ പതിനൊന്നു വര്ഷം പിന്നിട്ട ദിനം....ഇന്നും നീ നാവ് ചലിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു...ഒപ്പം ബിരിയാണി തീറ്റയും....

Tuesday 28 January 2014

വറ്റ് തേടുന്നവര്‍



                             



വേവാത്ത നൂറു മണി വറ്റ്
കുഴച്ചു പാകപ്പെടുത്തി
വായിലോട്ടെറിയാന്‍
ഓങ്ങി നില്‍ക്കെ
അവന്റെ കുഞ്ഞിളം കൈ
എന്റെ മുഖത്തേക്ക് നീട്ടി
കാച്ചി കുറുക്കിയൊരപെക്ഷ



കണ്ണില്‍ ഇരുട്ടിന്റെ മായാജാലം
മുഖത്ത് വിശപ്പിന്റെ ദൈന്യത
കുഞ്ഞോളെ ചൂണ്ടിയെന്‍
മുഖത്തേക്ക് വീണ്ടും
വിശപ്പിന്റെ കാളിയ വിളി

വറ്റിന്റെ പൊതി ദൂരേക്ക്‌
കളയുമ്പോള്‍
കറുമ്പനൊരു കാക്ക
കൊഞ്ഞനം കുത്തി
പൊതിയും കൊക്കിലോതുക്കി
ദൂരേക്ക്‌





Monday 27 January 2014

അവകാശം പറഞ്ഞു രണ്ടു പേര്‍

ഒരാള്‍

എന്നിലെ പത്തു വയസ്സുകാരന് അന്ന് ആ സ്ത്രീ  ആരും ആയിരുന്നില്ല ...വല്ല്യുമ്മ അടുത്തിരുന്നു സംസാരിക്കുമ്പോള്‍ വെറുതെ ഒന്ന് ഞാനും നോക്കി ...നല്ല പാല് പോലെ വെളുത്ത  അമ്പതിനടുത്ത് പ്രായം തോന്നിക്കുന്ന അവരില്‍ എന്നെ ആകര്‍ഷിക്കത്തക്ക വിധം കരുണ വറ്റാത്ത ഒരു ചിരി ...വല്ല്യുമ്മ ന്‍റെ വെറ്റില പെട്ടിയില്‍ നിന്നും ചുണ്ണാമ്പ് എടുത്തു വെറ്റിലയില്‍ ഉരച്ചു പിടിപ്പിച്ചു അടക്കയും കൂട്ടി പ്പിടിച്ചു കടിച്ചു പിടിച്ചു കൊണ്ട് ഒരു ചോദ്യം ...

ഇചെര്യോനെന്താ ഇങ്ങന കോല്  പോലിരിക്കുന്നേ?

വല്ല്യുമ്മ യാണ് മറുപടി പറഞ്ഞത്

അയിന് മര്യായിക്കെന്തെങ്കിലും തിന്നണ്ടേ...കാട്ടു കോയി പോവുമ്പോലെ ഇങ്ങനെ പോവും...മയിമ്പി ന് കാരി  ബെരും

ദേഷ്യം പിടിച്ചു കൊണ്ടുള്ള വല്ല്യുമ്മന്റെ  വര്‍ത്താനം കേട്ട ഞാന്‍ മടിയില്‍ കയറി സ്ഥാനം പിടിച്ചു....എന്റെ നോട്ടം മുഴുവന്‍ ആ സ്ത്രീയില്‍ ആയിരുന്നു.....നരച്ച തല മുടിക്ക് പിറകില്‍ കറുത്ത നിറത്തില്‍ ഒരു കെട്ടു മുടി വേറെ തന്നെ  ചുരുട്ടി മടക്കി കെട്ടി വെച്ചിട്ടുണ്ട് ...കഴുത്തില്‍ ഒരു കറുത്ത ചരട് , നടുവില്‍ ഉറുക്ക് കാണാം ...വെളുത്ത ബ്ലൌസിന് മേലെ തോര്‍ത്ത്‌ കൊണ്ട് ചുറ്റി   വെച്ച് പുറത്തേക്കു തുറിച്ചു നോക്കുന്ന വെളുത്ത വയറിനെ ഭാഗികമായി മറച്ചു വെച്ചിട്ടുണ്ട്....





വല്ല്യുമ്മ നോട് ഒരു രൂപ വാങ്ങണം ....കളിക്കാന്‍ പോകുന്നിടത്ത് സലിം ഐസ് കൊണ്ട് വരും ....കളി തുടങ്ങുന്നതിനു മുമ്പ് ഒന്ന് ,  കളി കഴിഞ്ഞു പോരുമ്പോള്‍ ഒന്ന്...അങ്ങിനെ രണ്ടെണ്ണം വാങ്ങാന്‍ ഒരു രൂപ കിട്ടണമെങ്കില്‍ വല്ല്യുമ്മ തന്നെ കനിയണം...വിഷയം അവതരിപ്പിച്ചപ്പോള്‍ വല്ല്യുമ്മ ഉടുത്ത മുണ്ടിന്റെ തലക്കല്‍ കെട്ടി വെച്ച താക്കോല്‍ കൂട്ടവും എടുത്ത് അകത്തേക്ക് പോയി...അപ്പോള്‍ ആ സ്ത്രീ എന്റെ അടുത്ത് വന്നിരുന്നു ...എന്തൊക്കെയോ ചോദ്യങ്ങള്‍  ചോദിക്കുന്നതിനിടക്ക് നല്ല നാടന്‍ വെളിച്ചെണ്ണയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറിക്കൊണ്ടിരുന്നു....

എന്ന അറ്യോ ഇനിക്ക് ?

ച്ചും ....

ഞാന്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ ആ മുഖത്തെ തെളിച്ചം മാഞ്ഞു പോകുന്നത് ഞാന്‍ കണ്ടു...ആരായിരിക്കും ഇവര്‍ എന്നറിയാന്‍ മനസ്സില്‍ ഒരു തോന്നലുണ്ടായത് അപ്പോഴാണ്‌ ...വല്ല്യുമ്മ കയ്യില്‍ ചുരുട്ടിപ്പിടിച്ച  ഒരു രൂപ എനിക്കും അമ്പതു രൂപ അവര്‍ക്കും കൊടുത്തു...

 ഉലുവ യില്‍ വറവ്  കഴിച്ച തേങ്ങ അരച്ച് വെച്ച  മീന്‍ കറി എന്റെ ബലഹീനതയാണ് എന്ന് നന്നായി അറിയാവുന്ന വല്ല്യുമ്മ എന്നെ പീടത്തില്‍ ഇരുത്തി  മണ്‍ കലത്തില്‍ നിന്നും ചോറ് കോരി ഇട്ടു തരുമ്പോള്‍ ഞാന്‍ ചോദിച്ചു

ആരാ വല്ലിമ്മാ വയ്ന്നേരം വന്നത്?...

വല്ല്യുമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു...

അത് ദേവി

ആയെന്തിനാ ഓര് വന്നേ...

അത് പരത്യല്ലെക്കളെ ......എന്നും പറഞ്ഞു വല്ല്യുമ്മ കുറെ ചിരിച്ചു...

എന്താണ് ഈ പരത്തി എന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായില്ല..

ഇന്നേം ഇന്റെ എട്ടനേം പെറ്റത് ഇബിടത്തെ കുഞ്ഞ്യാത്ത പത്തായത്തിന്റെ മോള്ളുന്നാ ...അന്ന് ഓളെനും  പരത്തി .....ഇന്നല്ലേ ഈ ആസോത്ര്യും നഴ്സു മാറും എല്ലാം വന്നത്

പരത്തി എന്നത് ഒരു പ്രൊഫഷന്‍ ആണെന്നും അവര്‍ ഒരു പ്രൊഫഷണല്‍ ആയിരുന്നെന്നും പില്‍ക്കാലതാണ് മനസ്സിലായത്‌ ...പഴയ കാലത്ത് പ്രസവം വീടുകളില്‍  ആയിരുന്നു ...പുറതോട്ടു തള്ളി  വരുന്ന ചോര കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി പ്രസവ ശുശ്രൂഷ വരെ നടത്തുന്ന ഒരു വിഭാഗം

വല്ല്യുമ്മ വിശദീകരിച്ചു തന്നതിലൂടെ എനിക്ക് കാര്യം  പിടികിട്ടി...അവരെ ഒന്ന് കൂടി കാണണം എന്ന് മനസ്സ് കൊണ്ട് വെറുതെ ആഗ്രഹിച്ചു പോയി....അല്ലെങ്കിലും ആ സ്നേഹത്തോടെയുള്ള തലോടലും വെളിച്ചെണ്ണയുടെ മണവും കളങ്കമില്ലാത്ത ചിരിയും ,.....മനസ്സിലെവിടെയോ ഒരു സ്ഥാനം ഞാന്‍ അവര്‍ക്ക് കൊടുത്തു...



ചകിരി കമ്പനിയുടെ അവശിഷ്ടങ്ങള്‍ കുന്നു കൂട്ടി ഇട്ട ഒരു മലയുണ്ട് ഞങ്ങളുടെ നാട്ടില്‍ ...ഒരു തലക്കല്‍ ഓടി കയറി മറ്റേ തലക്കലേക്ക് മലക്കം മറിഞ്ഞു കളിക്കുക എന്നത് അന്നത്തെ ഒരു വിനോദമായിരുന്നു....വീണാലും പരിക്ക് പറ്റില്ല.... വാരിക്കുഴി കണക്കെ ഭീമന്‍ കുഴികള്‍ ഉണ്ടാക്കി  കൂട്ടുകാരെ അതിനകത്ത് ചതിച്ചു തള്ളി  ഇടുക  എന്നതും ഒരു രസമായിരുന്നു...ഇടയ്ക്കു ചകിരി കമ്പനിയുടെ  വാച് മാന്‍ കൊയേക്ക വന്നു ഓടിക്കും...അന്ന് ഒരു ദിവസം കളി നടന്നു കൊണ്ടിരിക്കെ രണ്ടു ആട്ടിന്‍ കുട്ടികളെയും കൊണ്ട് ആ സ്ത്രീ നടന്നു പോകുന്നത് കണ്ടു....

ദേവ്യെടത്യെ ....

പുറകില്‍ നിന്നും എന്റെ വിളി കേട്ടിട്ടാവണം പെട്ടെന്ന് തിരിഞ്ഞു നിന്ന അവര്‍ കുനിഞ്ഞിരുന്നു ചോദിച്ചു...

അല്ല  .... ന്റെ മോനാ ത്

അവരുടെ സ്നേഹത്തിനു മുന്നില്‍ ഒരു അനുസരണയുള്ള  ആട്ടിന്‍ കുട്ടിയെ പോലെ ഞാന്‍ നിന്നു....

ന്റെ മോന്‍ എന്റൊടി പോരെലേക്ക് പോരുന്നോ?

നാള പോരാ ...ഞാന്‍ ഉമ്മാനോട് ചോയിക്കട്ടെ

എനക്കെന്നാ കൊണ്ട തര്വ ?

മുട്ടായി

എന്റെ മറുപടി കേട്ടിട്ടാവണം ദേവി ഏട്ടത്തി കുറെ ചിരിച്ചു

ദേവി  ഏട്ടത്തിയുടെ വീട്ടില്‍ പോകണം എന്ന എന്റെ ആഗ്രഹം ഉമ്മാനോട് പറഞ്ഞാല്‍ ഒരു പക്ഷെ സമ്മതിക്കില്ല എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല ..എന്നെക്കാള്‍ ആവേശത്തില്‍ ഉമ്മയും ഉണ്ടായിരുന്നു ദേവി ഏട്ടത്തിയുടെ വീട്ടിലേക്കു പോവാന്‍ ....

ചാണകം തളിച്ച് വൃത്തിയാക്കിയ മുറ്റം ....ഞങ്ങളെ കണ്ട ദേവി ഏട്ടത്തി ഓടി വന്ന് എന്നെ കൈ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി...ഒരു കിടപ്പ് മുറിയും ചെറിയ ഒരടുക്കളയും മാത്രമുള്ള ഓല മേഞ്ഞ വീട്....മണ്ണെണ്ണ വിളക്കുകള്‍ ജനാലക്കരികില്‍ വെച്ചിരിക്കുന്നത് കാണാം...




അമ്മേ എന്ന് വിളിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഞാനും പുറത്തേക്കു നോക്കി ....ദേവി ഏട്ടത്തിയുടെ മകന്‍ ആണെന്ന് അവര്‍ പറഞ്ഞു തന്നു....എന്റെ പ്രായം തന്നെ  കാണും ....പരിജയമില്ലാത്തത് കൊണ്ടാവാം അടുത്ത് വന്നില്ല...ദേവി ഏട്ടത്തി അടുത്ത് വന്നു അവനോടു ചോദിച്ചു

എടാ സുനീ ...ഇനിക്ക് അറിയോ ഇതാരാന്നു ?...ന്റെ മോന്‍ തന്ന്യാ ഇതും

യാത്ര പറഞ്ഞു പിരിയുമ്പോള്‍ ദേവി ഏട്ടത്തിയുടെ കണ്ണില്‍ നിന്നും സന്തോഷ ക്കണ്ണീര്‍ പൊടിഞ്ഞു വരുന്നുണ്ടായിരുന്നു....

സുനി എന്റെ കളിക്കൂട്ടുകാരനായി മാറിയതും വളരെ പെട്ടെന്നായിരുന്നു....വെളുപ്പും കറുപ്പും കലര്‍ന്ന ആട്ടിന്‍ ഒരു  കുട്ടി എപ്പോഴും അവന്റെ കൂടെ ഉണ്ടാകുമായിരുന്നു ..അതിനെ തീറ്റിച്ചു കൊണ്ടേ ഇരിക്കുക എന്ന ജോലിയില്‍ അവന്‍ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കും

പിന്നീടാണ് സുനി ദേവി ഏട്ടത്തിയുടെ വളര്‍ത്തു മകന്‍ ആണെന്ന സത്യം ഞാന്‍ അറിഞ്ഞത് ...അവര്‍ വിവാഹം കഴിച്ചിരുന്നില്ല ....ആങ്ങളയുടെ മകനെ ദത്തെടുത്തു വളര്‍ത്തുകയായിരുന്നു

ആദ്യത്തെ പ്രവാസ അവധിയില്‍ നാട്ടിലേക്ക് പോകുമ്പോള്‍ എന്തൊക്കെയോ വാരി വലിച്ചു വാങ്ങി എന്നല്ലാതെ എന്ത് വാങ്ങണം എന്നത് ഒരു നിശ്ചയമുണ്ടായിരുന്നില്ല ....വീട്ടില്‍ കയറി ചെല്ലുമ്പോള്‍ ആണ് ഒരു കോണില്‍ ദേവി ഏട്ടത്തി നില്‍ക്കുന്നത് കണ്ടത്....ഇടതു കയ്യില്‍ വലതു കൈ കുത്തി ഉറപ്പിച്ചു വലതു കൈ കൊണ്ട് താടിയില്‍ അമര്‍ത്തി വെച്ച്  എന്നെ തന്നെ നോക്കി കൊണ്ടിരുന്നു അവര്‍.....ഞാന്‍ ആദ്യം അവരുടെ അടുത്തേക്കാണ് പോയത്....പെട്ടെന്ന് ഓടി വന്നു എന്നെ കെട്ടിപ്പിടിക്കുമ്പോള്‍ ദേവി ഏടത്തി പറഞ്ഞു

ന്റെ മോന്‍ നല്ലോണം തടിചിക്കല്ലോ ....

നീര് വറ്റി പോയി ഞരമ്പുകള്‍ എടുത്തു പിടിച്ചു വാര്‍ധക്യത്തിന്റെ അവശ തകളിലൂടെ സഞ്ചരിക്കുന്ന ദേവി ഏട്ടത്തിയുടെ പഴയ സുന്ദര രൂപം മാത്രം ആയിരുന്നു എന്റെ മനസ്സില്‍ ...

ദേവി ഏട്ടത്തി വല്ലാണ്ട് മെലിഞ്ഞു പോയി...ന്താ പറ്റ്യേ?

പെഷരും സുഗരും  എന്ന് മാണ്ട ...എനക്കില്ലാത്ത സൂക്കേട്‌ ഒന്നുല്ല മോനെ

എന്റെ ശരീരം അടി മുടി നോക്കി അവര്‍ വീണ്ടും ചോദിച്ചു...

ന്റെ മോന്‍ എനിക്കെന്നാ കൊണ്ടോന്നെ?

ഇങ്ങക്കെന്നാ മാണ്ട്യെന്നു ങ്ങള് പറഞ്ഞാ മതി

പേര്‍ഷ്യേന്നു അത്തര്‍ കൊണ്ടോന്നിക്കോ.?

ണ്ടല്ലോ

എനക്കെന്തിനാടാ അത്തര്‍ ...അമര്‍ത്തി ചിരിച്ചു കൊണ്ട് ദേവി ഏട്ടത്തി പിന്നെ വരാം എന്നും പറഞ്ഞു യാത്രയായി

വല്ല്യുമ്മ യാണ് ആദ്യം പറഞ്ഞത്....

ദേവിക്ക് സുഖയില്ലാ ന്നു പറേന്ന കേട്ടിക്ക് ...ഇഞ്ഞി പോയി കണ്ടിനോ?

അവിടെ കയറി ചെല്ലുമ്പോള്‍ അകത്തു നിന്ന് ദേവി ഏട്ടത്തിയുടെ ചുമ കനത്തു വരുന്നത് കേള്‍ക്കാമായിരുന്നു ...അകത്തേക്ക് കയറി അടുത്തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ സുനി  ഒരു കസേര ഇട്ടു തന്നു...എങ്കിലും ഒടിഞ്ഞു വീഴാറായ കട്ടിലിന്റെ തലക്കല്‍ ദേവി ഏട്ടത്തിയുടെ കൈ  പിടിച്ചു ഇരുന്നു ..

ആരേം കണ്ടാ തിര്യൂലാ..... സുനി പറഞ്ഞു

ഞാനാ ദേവി എട്ടത്യെ ...

എന്റെ ശബ്ദം തിരിച്ചറിഞ്ഞു എന്നത് ആ വരണ്ട ചിരിയില്‍ നിന്നും മനസ്സിലായി...

ന്റെ മോന്‍ ബന്നോ ...എനക്കെന്താ കൊണ്ടോന്നെ?

മുട്ടായി എന്ന് പറയാന്‍ ആണ് മനസ്സ് വന്നത്.....എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു വിറങ്ങലിക്കുന്ന ദേവി എട്ടതിയോടു തമാശ പറയാന്‍ എനിക്ക് തോന്നിയില്ല...

ചെക്കാ ....ന്റെ മോന് കുടിക്ക്വേന്‍ ന്നാ കൊടുത്തേ?

യാത്ര പറഞ്ഞു പിരിയുമ്പോഴും എന്റെ മോന്‍ എന്ന വിളി അന്തരീക്ഷത്തില്‍  അലയടിച്ചു കൊണ്ടേ ഇരുന്നു.....

മറ്റൊരാള്‍

പൊക്കിള്‍ കൊടിയുടെ വേദന അനുഭവിച്ചവരെക്കാള്‍ വേദന പറഞ്ഞു തന്നു മനസ്സില്‍ കുടിയേറി പാര്‍ത്ത ഒരു ബിംബം ആയിരുന്നു  നാണി അമ്മ എന്ന  ഞങ്ങളുടെ നാണി  ....പേര് വിളിച്ചു ശീലിച്ചു പോയി...നാണി  അമ്മെ എന്ന് വിളിക്കുന്നതിലും അവര്‍ക്ക് നാണ്യെ എന്ന് വിളിക്കുന്നത്‌ കേള്‍ക്കാന്‍ ആണ് ഇഷ്ടം  ...മുകളിലത്തെ വരിയില്‍ രണ്ടു പല്ലുകള്‍ കൊന്ത്രന്മാര്‍ ആണ്....ഒന്ന് തെക്കോട്ടും ഒന്ന് വടക്കോട്ടും ...മുറുക്കിയ ചുണ്ടുകള്‍ വിടര്‍ത്തി ചിരിക്കുന്ന നാ ണി അന്ന് ഞങ്ങളുടെ അയല്‍വാസി ആയിരുന്നു....രാവിലെ മുതല്‍ വൈകുന്നേരം ആകുന്നതിനിടക്ക് മൂന്നോ നാലോ വീടുകളില്‍  കയറി എന്തെങ്കിലും സഹായങ്ങള്‍ ചെയ്തു കൊടുത്ത് ജീവിച്ചു പോകുന്ന ഒരു സ്ത്രീ ..

എന്റെ ഇളം പ്രായത്തില്‍ എന്നെ പരിചരിക്കലായിരുന്നു നാണിയുടെ ഡ്യൂട്ടി ..കുളിപ്പിക്കുക ഭക്ഷണം കഴിപ്പിക്കുക എന്റെ അപ്പി കോരി വൃത്തിയാക്കുക മൂത്രമൊഴിച്ചാല്‍  വൃത്തിയാക്കുക അങ്ങിനെ പോകുന്നു ചുമതലകള്‍ ...വാപ്പ വലിയ കണിശതയുള്ള  ആള്‍ ആയതു കൊണ്ട് തന്നെ നാണി വളരെ സൂക്ഷിച്ചാണ് ഓരോ നീക്കങ്ങളും നടത്താറ് ...എന്തെങ്കിലും തെറ്റ് കണ്ടു പിടിച്ചാല്‍ നാണിയെ വഴക്ക് പറയുമെങ്കിലും നാണി ഇല്ലാത്തപ്പോള്‍ പുകഴ്ത്തി പറയാനും വാപ്പ മടിക്കാറില്ല

   പതിവ് സന്ദര്‍ശനം മുടക്കാത്ത നാണി ഞങ്ങളുടെ ഇടയിലെ ചാനല്‍ പ്രവര്‍ത്തകയാണ്....അതായത് ഓരോ വീടുകളിലെയും വാര്‍ത്തകള്‍ കൃത്യമായി മറ്റു വീടുകളില്‍ എത്തിക്കുക എന്നതാണ് പ്രധാന ജോലി...ആയിശാന്റെ കുളി തെറ്റിയതും സലീന പുയ്യാപ്പിളയുമായി പിണങ്ങി വീട്ടില്‍ വന്നു നില്‍ക്കുന്നതും മൊയ്തീന്‍ വയനാട്ടില്‍ പോയി പെണ്ണ് കെട്ടിയതും അലീമിച്ചാന്റെ പാലിന്റെ പോരിഷയും എന്ന് വേണ്ട സകല വാര്‍ത്തകളും പരസ്പരം കൈമാറാന്‍ നാണി ഏട്ടത്തിയുടെ അത്ര മിടുക്ക് മറ്റാര്‍ക്കും ഉണ്ടാവില്ല....വൈകുന്നേരങ്ങളിലെ സീരിയലി നെക്കാളും പെണ്ണുങ്ങള്‍ക്ക് ഇഷ്ടം നാണിയുടെ കഥ കേള്‍ക്കാന്‍ ആണ്....
                 വര്‍ഷാ വര്ഷം ഓല വീട് പുതുക്കി മേയാന്‍ ഓല ശേഖരിക്കുന്നത് നാണിയുടെ അപാര സാമര്‍ത്ഥ്യം കൊണ്ട് മാത്രമാണ്....കെട്ടു കഥകള്‍ കൈ മാറി ഓലയും എടുത്തു നടക്കും ..എന്നാല്‍ ഒരു ദിവസം നാണിയുടെ കഥ കേട്ടില്ലെങ്കില്‍ ഉറക്കം വരില്ല എന്നാ അവസ്ഥ വരെആയി  ഞങ്ങള്‍ അയല്‍വാസികളുടെ   കാര്യങ്ങള്‍
         
                  എന്നിരുന്നാലും ഞങ്ങള്‍ക്കെല്ലാം നാണിയെ നല്ല സ്നേഹമാണ്....ഒരു ദിവസം നാണി എന്നെ കണ്ടപ്പോള്‍ വഴി തടഞ്ഞു വെച്ച് ചോദിച്ചു...

ഇഞ്ഞെനക്ക് ഒരു പോറിന്റെ സോപ്പ് താ

ങ്ങള് പൊരേല് ബാ .....എന്ന് പറഞ്ഞു  ഞാന്‍ നടന്നു ..

പിറ്റേ ദിവസം രാവിലത്തെ കണി അവരെ ആയിരുന്നു...അവര്‍ കയറി വരുന്നത് കണ്ടപ്പോള്‍ ഭാര്യ വന്നു സൂചന തന്നു....

അതേയ് ....മന്നാ പോവൂല ...എതിര കൊടുത്താലും മതിയാവൂം ഇല്ല


നാണി ഏടത്ത്യെ ഇന്ന്  ങ്ങള്യാണല്ലോ  കണി

 അയെ ...ന്നാ ഇന്നത്തെ ദെവസം ഇനിക്കെന്തെങ്കിലും കോള് കിട്ടും ഒറപ്പാ...

ന്ന എത്തിര എടുത്ത് കൊണ്ട് നടന്നതാ ന്നറിയോ ....ബല്ലാത്ത ബാശ്യെനൂ

അടുത്ത് വന്നിരുന്ന നാണി പഴയ കഥകള്‍ എടുത്തു വെക്കാന്‍ തുടങ്ങി ...നിരവധി തവണ ശരീരത്തില്‍ മൂത്രം ഒഴിച്ചതും ഒരു ദിവസം കയ്യിലൂടെ അപ്പി ഇട്ടതും ഒരിക്കല്‍ മുല കുടിക്കാന്‍ ശ്രമിച്ചതും അങ്ങിനെ അങ്ങിനെ

കുട്ടിക്കാലത്തെ എന്റെ ഓരോ ചലനങ്ങളും അവര്‍  വര്‍ണിച്ച  തരാന്‍ തുടങ്ങി ..പോയ കാല  കഥകള്‍ ഓര്‍ത്തെടുത്തു അവര്‍ .ഇടയ്ക്കിടയ്ക്ക് കണ്ണീര്‍ തുടക്കുന്നുണ്ടായിരുന്നു...അതിനിടയില്‍ ദുബായില്‍ നിന്നും കൊണ്ട് വന്ന ഒരു ലക്സ് സോപ്പും രണ്ടു ചോക്ലേറ്റും കയ്യില്‍ വെച്ച് കൊടുത്തപ്പോള്‍ തലയില്‍ കൈ വെച്ച് ഒന്ന് ചിരിച്ചു....

ന്റെ മോന്‍ നന്നായി വെരും....ഇഞ്ഞി ഒരു കുപ്പായത്തിന്റെ തുണ്യൂം കൂടി താ

ഞാന്‍ തുണി കൊണ്ടോന്നിക്കില്ലാലോ ഏന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ ശകാരിച്ചു

പോട് ചെര്യോനെ ഇഞ്ഞി ....പണ്ട്യെന്നെ കള്ളതരല്ലാണ്ട് ഞ്ഞി പറെലില്ലാലോ

മുറുക്കാന്‍ തിന്നു ചുവന്ന നാവു നീട്ടി പല്ലുകള്‍ക്കിടയില്‍ കടിച്ചു വെച്ച് വീണ്ടും അവര്‍ പറഞ്ഞു

ഇന്നെത്തിര എടുത്തു നടന്നാ തന്നര്യോ ഇഞ്ഞി ?

എനക്കിതൊന്നും പോരെ എന്നും പറഞ്ഞാണ് അവര്‍ അന്ന് വീട്ടില്‍ നിന്ന് പോയത്....

അവധിക്കാലം ഒന്ന് കൂടി....ഒരു മാസത്തേക്ക് പറക്കാന്‍ ഉള്ള ഒരുക്കപ്പാടിനിടയില്‍ ഉമ്മയെ വിളിച്ചു അത്യാവശ്യം വേണ്ട സാദനങ്ങള്‍ ചോദിച്ചപ്പോള്‍ ഉമ്മ  പറഞ്ഞു

ഒരു കമ്പിളി പുതപ്പു വേണം...പിന്നെ കുറച്ചു റൂമില്‍ അടിക്കുന്ന സ്പ്രേയും

ഇതെന്താ ഉമ്മ ഇങ്ങിനെ ഒരു പതിവില്ലാത്ത ഓര്‍ഡര്‍ എന്ന് ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞു....അത് നാണിക്കു കൊടുക്കാന്‍ ആണ്....റൂമില്‍ അടിക്കുന്ന സ്പ്രേ നാലോ അഞ്ചോ എടുക്കണം

നാണിയുടെ വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍ അകത്തു നിന്നും ഒരു മുരളല്‍ മാത്രമേ കേള്‍ക്കുന്നുള്ളൂ ....അകത്തു കയറുന്നതിനു മുമ്പേ അസഹനീയമായ ഒരു വാസന എന്നെ പൊതിഞ്ഞു കഴിഞ്ഞിരുന്നു...

ആകെ ഉണ്ടായിരുന്ന ഒരു മകന്‍ നാണിയെ ഈ രൂപത്തില്‍ ഉപേക്ഷിച്ചു പോയി...ഇപ്പോള്‍ നാണി ഒറ്റയ്ക്കാണ്...ഇടയ്ക്കു പെയ്ന്‍  ആന്‍ഡ്‌ പാലിയേറ്റീവ്കാര്‍ വന്നു വൃത്തിയാക്കി വസ്ത്രം മാറ്റി കൊടുത്തു പോകും...താല്‍ക്കാലികമായി ഒരു ഹോം നര്സിനെയും വെച്ച് കൊടുതിട്ടുണ്ട് ..

എന്നെ കണ്ട നാണി കൊഴിഞ്ഞു പോയ കവിള് പൊക്കി കാണിച്ചു ചിരിച്ചു

\എന്ന തിരിഞ്ഞിക്കോ നാണി എട്ടത്യെ എന്ന് ചോദിച്ചപ്പോള്‍  അവര്‍ ചെറുതായി കരയുന്നുണ്ടായിരുന്നു

ഇടയ്ക്കു അവര്‍ പറഞ്ഞു




ഇഞ്ഞും എന്റെ മോന്‍ തന്നെല്ലേ ....ഞാന്‍ ഇങ്ങിന്യായി പോയി ല്ലേ...ഒര്യാനെ ചത്താ  മയ്യെനൂ ...

കമ്പിളി പുതപ്പു കട്ടിലിന്റെ തലപ്പത് വെച്ച് കൊടുത്തു യാത്ര ചോദിക്കുമ്പോള്‍ നാണി ഒരു ചോദ്യം

എനക്കിഞ്ഞി ലക്സ് സോപ്പ് കൊണ്ടോന്നിക്കോ ?

കരച്ചില്‍ അടക്കാന്‍ ആവാതെ കയ്യില്‍ ഉള്ള സോപ്പും ചോക്ലേറ്റും എന്റെ വളര്തമ്മയെന്ന നാണി അമ്മയുടെ കയ്യില്‍ വെച്ച് കൊടുത്തു മനസ്സില്ലാ മനസ്സോടെ ഞാന്‍ അവിടെ വിട്ടിറങ്ങി .....ഇനി ഈ കാഴ്ച എനിക്ക് കാണാന്‍ കഴിയില്ല എന്ന മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു.....

                                           ശുഭം




















Saturday 25 January 2014

ചീരു ഏട്ടത്തി

ഇതും ഒരു ആഗ്രഹ പൂര്തീകരണത്തിന്റെ തുടക്കം ആണ്....ആവാം ....എന്നെ സ്നേഹിക്കുന്ന 

എന്റെ എഴുത്തുകള്‍ ഇഷ്ടപ്പെടുന്ന എത്രയോ സുഹൃത്തുക്കള്‍ എന്നെ ആത്മാര്‍ഥമായി 

പ്രോത്സാഹിപ്പിച്ചിരുന്നു....എഡിറ്റ്‌ ചെയ്യാനും തെറ്റുകള്‍ തിരുത്താനും തിരക്കിനിടയിലും എന്നെ

 അകമഴിഞ്ഞ് സഹായിക്കുന്ന ജാസി ഫ്രെണ്ട് ആര്ഷാ അഭിലാഷ് എനിവരോട് എന്റെ പ്രത്യേക 

നന്ദിയും കടപ്പാടും അറിയിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു....വളരെ 

ചെരുതായിരിക്കാം... എന്തോ എനിക്കിത് മഹത്തരമാണ് ....ഒരു എഴുത്ത് അച്ചടിച്ച്‌ വരിക 

എന്നതല്ല എന്നെ നിങ്ങള്‍ പരിഗണിച്ചു എന്നതില്‍ ആണ് ....റിയാസ് ടി അലി മറ്റു ഇ മഷി 

ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എന്റെ പ്രിയപ്പെട്ട എല്ലാവര്ക്കും 

നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു പേജു മുപ്പത്തി നാല്

http://emashi.blogspot.in/










Wednesday 22 January 2014

പ്രവാസിയുടെ കട്ടില്‍

രക്തത്തില്‍ കുളിച്ചു കിടക്കുകയാണ് അയാള്‍
ചോര കുടിച്ചു തടിച്ചു കൊഴുത്തൊരു മൂട്ട
കിടക്കയുടെ മടക്കിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്
അന്‍പത്തി ഒന്ന്  കുത്ത് കൊണ്ടിട്ടുണ്ട്
തലങ്ങനെയും വിലങ്ങനെയും

കയ്യ റ പ്പില്ലാതെ കുത്തിയ സുനി മൂട്ടയും
കുത്തിനെ തടഞ്ഞു കൈക്ക് മുറിവേറ്റ
അണ്ണന്‍ മൂട്ടയും കിടക്ക യില്‍ നിന്നും
പ്രാണ രക്ഷാര്‍ത്ഥം തടി സലാമ ത്താക്കി

ബോംബെ മൂട്ട യാണ് മുഖ്യ പ്രതിയെന്നു പോലീസ്
അവര്‍ ഞങ്ങളുടെ കുലത്തില്‍ പിറന്നവരെ അല്ലെന്നു
മറ്റു മൂട്ടകള്‍ പ്രഖ്യാപിച്ചു

സോഷ്യലിസ്റ്റ്‌ മൂട്ട അയാളെ പുകഴ്ത്തി
ധീരനായ ഇരട്ട ചങ്കിന്റെ ഉടമ യാണ്
ഈ പ്രവാസി

ഇടതിനെ വലത്തോട്ട് കാറ്റിനു പിടിപ്പിച്ച
നേതാവ് ബക്കറ്റില്‍ നോക്കി പുലമ്പി
തിരമാലകള്‍ ബക്കറ്റില്‍ പുനര്‍ ജനിക്കില്ലെന്ന്

സോഷ്യലിസ്റ്റ്‌ മൂട്ട അയാളുടെ വീട്ടില്‍ വന്നു ഭാര്യയെ
കെട്ടിപ്പിടിച്ചു കണ്ണീര്‍ വാര്‍ത്തു
ഇറങ്ങിയ വഴിയില്‍ ആരോ കണ്ണ് മുഴിച്ചപ്പോള്‍
കാ മാ മുണ്ടിയില്ല

അന്‍പത്തി ഒന്ന് കുത്തേറ്റു അയാള്‍ അപ്പോഴും കിടക്കയില്‍
മറ്റു മൂട്ടകള്‍ അപമാന ഭാരത്താല്‍ തല താഴ്ത്തി നടന്നു
പ്രമാണി മൂട്ടകള്‍ രഹസ്യ യോഗം വിളിച്ചു
എനിക്കാ ഗൂടാലോചനയില്‍ പങ്കില്ലെന്ന് ആണയിട്ടു
പിറ്റേന്ന് പത്ര സമ്മേളനം
ഞങ്ങള്‍ മൂട്ടകള്‍ അന്വേഷണം പ്രഖ്യാപിക്കുന്നു

മാനക്കെടായില്ലേ എന്നാ പത്രക്കാരുടെ ചോദ്യത്തിന്
മുന്നില്‍ കുലം കുത്തികളെ അങ്ങിനയേ കാണൂ
എന്നാല്‍ ഞങ്ങള്‍ക്കതില്‍ പങ്കില്ലെന്ന്
പുഞ്ചിരിയെക്കാലേറെ അമര്‍ഷത്തില്‍

സകലരും തടിച്ചു കൂടി അയാള്‍ക്ക്‌ അരികെ
പല വിധ കഥകള്‍ മെനഞ്ഞു
കള്ളക്കഥകള്‍ കെട്ടു  കഥകള്‍
കേട്ട് മ ടു തൊടുക്കം
ചാടിയെനീട്ടയാള്‍ പറഞ്ഞു
എന്നെ കുത്തിയ മൂട്ടയെ എനിക്കറിയാം
അതിനു ഗൂടാലോജന നടത്തിയവനെയും

Tuesday 21 January 2014

ചെക്കോട്ടിയെ അറിയുക

പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞു വെച്ച് പോയ കുഞ്ഞുണ്ണി മാഷ്‌ സമൂഹത്തില്‍ ഏറ്റവും പൊക്കം ഉള്ളവനായിട്ടാണ് ജീവിച്ചു പോയത്....മഹത്തരമായ ഒപ്പം അര്‍ത്ഥവത്തായ വരികള്‍ കാച്ചി ക്കുറുക്കി എടുത്തു മലയാളിയുടെ തലച്ചോറിലേക്ക് മിന്നല്‍ പിണര്‍ കണക്കെ പായിച്ചു വിട്ട വരികള്‍ ....മാഷ്‌ നമ്മെ വിട്ടു പോയിട്ടും  അദ്ധേഹത്തിന്റെ വരികള്‍ പൊക്കം കുറഞ്ഞതായിട്ടു പോലും നെഞ്ചിലേറ്റി നടക്കുന്നത് ആ വരികളില്‍ ഒളിഞ്ഞു കിടക്കുന്ന തീവ്രമായ ആക്ഷേപ ഹാസ്യതിന്റെയും നിലപാടുകളുടെയും അര്‍ത്ഥ വ്യാപ്തി ഉള്‍ക്കൊണ്ടു തന്നെയാണ്...എന്നാല്‍ തീരെ പൊക്കം കുറഞ്ഞു പോയതിനാല്‍ സമൂഹത്തിന്റെ സമാന്തരതകളിലൂടെ അന്യഥാ ബോധത്തോടെ മനപൂര്‍വം അകന്നു സഞ്ചരിക്കുന്ന ചില ഏകാന്ത പതികരെ നമ്മള്‍ വീക്ഷിക്കെണ്ടതുണ്ട് ...കാരണം അവരും  മനുഷ്യര്‍ തന്നെ...ഉയരം തീരെ കുറഞ്ഞു പോയതിനാല്‍ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടും പ്രതി സന്ധികളെ തരണം ചെയ്തു അപാര ശക്തിയോടും അതിലേറെ ഊര്‍ജ സ്വലതയോടും കൂടി സമൂഹത്തിലേക്കു ഇറങ്ങി വന്നു വിജയം ആഘോഷിക്കുന്ന ചിലര്‍ ...അവരില്‍ ഒരാളാണ് ചെക്കൊട്ടി എന്ന ഈ പാവം മനുഷ്യന്‍...



                          കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കറുത്ത നിറത്തില്‍ ഉള്ള ബാഗില്‍ മുഴുവന്‍ പ്രതീക്ഷയുടെ അമിത ഭാരം ആണ്...എന്റെ ഈ ജീവന്‍ ആയുസ്സോടെയും ആരോഗ്യത്തോടെയും ഇരുന്നിട്ട് വേണം മൂന്നാല് വയറു കഴിയാന്‍ എന്നാ ബോധ്യത്തോടെ പൂക്കാട്‌ നിന്നും തൊട്ടില്‍പാലം വരെ വെയിലും പൊടിയും വക വെക്കാതെ ഒരു നടത്തം ....അവിടെ വല്ലതും തടയുമോ എന്നാ പ്രതീക്ഷ ...വല്യ കോളില്ലെങ്കില്‍ അതികം ദൂരം ഇല്ലാത്ത അടുത്ത ഏതെങ്കിലും പട്ടണത്തിലേക്ക് ഒരു യാത്ര....ഇതിനിടയില്‍ വല്ല ടിക്കറ്റും വിട്ടു കിട്ടിയാല്‍ പതിവിലേറെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് അനുസ്യൂതം തുടരുന്ന ജീവിത പ്രയാണം....ഇതിനിടയില്‍ ഏറ്റവും വേദനിപ്പിക്കുന്നത് ഇടയ്ക്കു ചിലരെങ്കിലും ചെക്കൊട്ടിക്കു നേരെ നടത്തുന്ന പരിഹാസ സ്വരങ്ങള്‍ ആണ്....ഒരു വൈകുന്നേരം തൊട്ടില്‍പാലം ടൌണില്‍ നില്‍ക്കുമ്പോള്‍ ചെക്കൊട്ടി കിടന്നു മറിയുന്നു,ചീത്ത വിളിക്കുന്നു....കാര്യം അറിയാന്‍ അടുത്ത് ചെന്നപ്പോള്‍ ആണ് സംഗതി പിടി കിട്ടിയത്...ഒരു വിദ്വാന്‍ എന്തോ പറഞ്ഞു പരിഹസിച്ചു ചിരിച്ചതാണ്...അത് താങ്ങാവുന്നതിലും അപ്പുറം ആയപ്പോള്‍ അവനു നൊന്തു....അവന്‍ പ്രതികരിച്ചു....തന്റെ ശരീരത്തിന്റെ പോരായ്മ തന്നെ പോലും  അറിയിക്കാതെ നിത്യ വൃത്തി തേടി മാന്യമായി സമൂഹത്തോട് പ്രതികരിക്കുന്ന ചെക്കൊട്ടിയോടു ഈ തരത്തില്‍ ഒരു പ്രതികരണം നടത്തിയ അവനോടു വല്ലാത്ത വെറുപ്പ് തോന്നിയിരുന്നു....അവന്‍ അതിനു കാരണം പറഞ്ഞത് ചെക്കൊട്ടി പെട്ടെന്ന് ചൂടാവുന്ന ആള്‍ ആണെന്നാണ്‌ ...എന്തും ആവട്ടെ ...അവരുടെ ശാരീരിക വൈകല്യതെക്കാള്‍ തന്റെ മനസ്സിന് ആണ് വൈകല്യം ബാധിച്ചത് എന്ന്സ്വയം ബോധ്യപ്പെടാത്ത  കാലത്തോളം തനിക്കൊരു നല്ല മനുഷ്യന്‍ ആവാന്‍ കഴിയില്ല എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് അവിടം പിരിയുമ്പോള്‍ ചെക്കൊട്ടി എന്ന ഉയരം കുറഞ്ഞ മനുഷ്യന്‍ എന്റെ മനസ്സില്‍ എട്ടടി പൊക്കത്തില്‍ അങ്ങിനെ ഉയര്‍ന്നു നില്‍ക്കുകയായിരുന്നു.....

                                    ലോട്ടറി ടിക്കറ്റ് എടുക്കാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന എനിക്ക് നേരെ ഒരു ടിക്കറ്റ് വെച്ച് നീട്ടിയപ്പോള്‍ നിഷേധിക്കാന്‍ മനസ്സു വന്നില്ല...ഒരു ദിവസം ഞാന്‍ എടുത്തോളാം എന്ന് പറഞ്ഞു ഒഴിയാന്‍ ശ്രമിച്ചെങ്കിലും വിട്ടില്ല ...ടിക്കറ്റ് തന്നിട്ട് ചായ കുടിക്കെനുള്ള പൈസേല്ലേ മാണ്ടൂ എന്ന് ചെക്കൊട്ടി അപേക്ഷിച്ചപ്പോള്‍ നിര്‍ബന്ധത്തിനു വഴങ്ങി ഒരെണ്ണം എടുത്തു ....എന്നല്ല.. ശരീരത്തിന് മതിയായ ആരോഗ്യം ഉണ്ടായിട്ടും യാചന നിത്യ വൃത്തിയാക്കിയ ചിലര്‍ സമൂഹത്തില്‍ വിരാജിക്കുന്നത് കാണാറുണ്ട്...അത്തരക്കാര്‍ക്കുള്ള ചുട്ട മറുപടിയാണ് ചെക്കൊട്ടിയുടെ ഈ അധ്വാനം എന്ന് മനസ്സില്‍ ഓര്‍ത്തു കൊണ്ടാണ് ഒരു ടിക്കറ്റ് എടുത്തത്‌....അതെ.വൈകല്യത്തെ തോല്‍പ്പിച്ച് വിശക്കുന്ന വയറിന്റെ അന്തരാളങ്ങളിലേക്കു ഊര്‍ജം പ്രവഹിപ്പിക്കാനുള്ള കഠിന ശ്രമം മാതൃകാ പരവും അങ്ങേ അറ്റം അഭിനന്ദനീയവും തന്നെ....ചെക്കൊട്ടി സമൂഹത്തിനു നല്‍കിയ നല്ല പാഠവും അത് തന്നെ ....ഇത്തരം ജീവിക്കുന്ന ഉദാഹരണങ്ങളെ കണ്ടു പഠിക്കാന്‍  നാം തയ്യാരവാതത്തില്‍ ആണ് പ്രയാസം....എന്നും നമുക്ക് മാതൃകകള്‍ ആയി ഇത്തരം ചില സാധു മനുഷ്യരും നമുക്കിടയില്‍ ജീവിച്ചു പോകുന്നുണ്ടെന്ന് നാം മറക്കുന്നിടതാണ് നാം ഒന്നും അല്ലാതാകുന്നത്‌ ...അത് കൊണ്ട് മാത്രമാണ് നമ്മുടെ മനുഷ്യത്വം പോലും നഷ്ടമാകുന്നത്...ഇവരെ കണ്ടു പഠിക്കുമ്പോള്‍ മാത്രമാണ് നാം ദൈവം കനിഞ്ഞരുളിയ അനുഗ്രഹം പോലും മനസ്സിലാക്കുകയുള്ളൂ എന്ന് മറക്കാതിരിക്കാന്‍ ആണ് എന്റെ ഈ ശ്രമം....തല്‍ക്കാലം ഇത്ര മാത്രം 

Sunday 19 January 2014

പാനസോണികിന്റെ സ്ക്രൂ ബംഗാളിയുടെ ബുദ്ധി








റാസല്‍ ഖൈമ യിലെ സൂഖ് മാരീസില്‍ ജോലി ചെയ്യുന്ന കാലത്ത് റൂമിലെ ടെലിവിഷന്‍ തകരാര്‍ ആയപ്പോള്‍ അത് റിപ്പയര്‍ ചെയ്യാന്‍ വേണ്ടിയാണ് ഞാനും സുഹൃത്ത് റഹീമും കൂടി മുത്തലിബിന്റെ അടുത്ത് എത്തുന്നത്‌ ....തടിച്ചു കുറുകിയ പാകിസ്ഥാനി സ്വദേശി....കവിളിനകത്തു നെഷ്വാര്‍ വെച്ച് അതിന്റെ ലഹരിയില്‍ ആണ് മുഴുവന്‍ ജോലിയും അദ്ദേഹം ചെയ്യുന്നത്....വളരെ നല്ല കഴിവുള്ള ടെക്നീഷ്യന്‍ ആണെന്നാണ്‌ മുത്തലിബ് അറിയപ്പെടുന്നത്....പെഷാവാര്‍ സ്വദേശി ആണ്...ജോലിയോട് അങ്ങേ അറ്റം ആത്മാര്‍ഥത ഉള്ളയാള്‍ ....പരിജയപ്പെട്ടതിനു ശേഷം ആ സൌഹൃദം കാത്തു സൂക്ഷിക്കാന്‍ ഞങ്ങള്‍ പരസ്പരം ശ്രമിച്ചിരുന്നു....ഒരു ദിവസം മുത്തലിബിന്റെ ഫോണ്‍ കാള്‍ വന്നു....അവനു ജോലിയില്‍ സഹായിക്കാന്‍ ഒരു സഹായി വേണം എന്നതായിരുന്നു ആവശ്യം .....ശ്രമിക്കാം എന്ന് പറഞ്ഞു വെച്ച് ഫോണ്‍ വെച്ചപ്പോഴാണ് എന്റെ ബംഗാളി സുഹൃത്ത് അലാവുദ്ധീന്‍ ഒരാളെ പറ്റി പറഞ്ഞ കാര്യം പറഞ്ഞത് ...അങ്ങിനെ അലാവുദ്ധീന്‍ സുഹൃത്തിനെ കൂട്ടി എന്റെ അടുത്ത് വന്നു.....ഞങ്ങള്‍ മൂന്നു പേരും കൂടി മുതലിബിനെ പോയി കണ്ടു അലാവുദ്ധീന്റെ സുഹൃത്തിനെ പരിജയപ്പെടുത്തി കൊടുത്തു.....





                       പിറ്റേ ദിവസം മുത്തലിബിന്റെ ഫോണ്‍ കാള്‍ വന്നപ്പോള്‍ ഞാന്‍ വെറുതെ പരിഭ്രമിച്ചു ...ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ ആവോ?...മുത്തലിബ് ഫോണ്‍ എടുത്ത ഉടനെ ചിരിയോടു ചിരി....എന്നിട്ട് പറഞ്ഞു....നിന്നെ ഒന്ന് കാണാനുണ്ട്....നീ ഇങ്ങോട്ട് വാ....ചിരിയോടു കൂടി ഉള്ള വിളി ആയതിനാല്‍ ഗൌരവം ഉള്ള വിഷയം അല്ല എന്ന് മനസ്സിലാക്കി അപ്പോള്‍ തന്നെ ഞാന്‍ അവന്റെ കടയിലേക്ക് നടന്നു....മുത്തലിബ് സംഭവം വിവരിച്ചു....അതിങ്ങനെ ആയിരുന്നു

                         ബംഗാളി ജോലിക്ക് വന്ന ഉടനെ നാഷണല്‍ പാനസോണിക് ടേപ്പ് റിക്കാര്‍ഡര്‍ എടുത്തു കൊടുത്തു അതിന്റെ കമ്പ്ലൈന്റ് പറഞ്ഞു കൊടുത്തു കൊണ്ട് അത് റിപ്പയര്‍ ചെയ്യാന്‍  ആവശ്യപ്പെട്ടു ....അങ്ങിനെ റിപ്പയര്‍ ചെയ്തു കഴിഞ്ഞു ബംഗാളി മുതലിബിനു അത് കാണിച്ചു കൊടുത്തു....മേശയ്ക്കു പുറത്തു കുറെ സ്ക്രൂകള്‍ ബാക്കി ഇരിക്കുന്നത് കണ്ടപ്പോള്‍ മുത്തലിബ് ചോദിച്ചു....

ഭായ് ....യെ സ്ക്രൂ  നഹീ രഖാ

വോ മുഷ്കില്‍ നഹീ സാബ്....കോമ്പനീ ഇസമേ സ്യാദാ രഖാ താ

(അത് സാരമില്ലാ സായിബെ ...കമ്പനി ഇക്കണ്ട സ്ക്രൂകള്‍ ഒക്കെ ചുമ്മാ വെചെക്കുവാണെന്ന് )  

ഓര്‍മകള്‍ക്ക് മരണമില്ലാതിരിക്കാന്‍ ....

വാട്ട്സപ്പിലൂടെ അവളുടെ സമ്മാനത്തിന്റെ ഫോട്ടോ അയച്ചു തന്നിട്ട് ഭാര്യ ഒരു ചോദ്യം.....ഇന്നത്തെ ദിവസം ഓര്‍മ്മയുണ്ടോ? അല്‍പ നേരം ഞാനും തണുത്തു വിറങ്ങലിച്ചു പോയി....എന്റെ സുഹൃത്ത് എനിക്ക് വിവാഹ സമ്മാനമായി  തന്ന ആ സമ്മാന പൊതി ഇന്നും തുടച്ചു വൃത്തി ആക്കി സൂക്ഷിക്കുന്നത് എന്റെ ഭാര്യ ആണ്....അവളുടെ ഓരോ ചരമ ദിനത്തിലും എന്നെ ഒര്മിപ്പിക്കുന്നതും എന്റെ ഭാര്യ തന്നെ....അല്ലെങ്കിലും അവളുടെ അകാലത്തില്‍ ഉള്ള പിരിഞ്ഞു പോകല്‍ എന്നെക്കാളെ റെ എന്റെ ഭാര്യക്കും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ആയിരുന്നില്ല .







                         കോളേജില്‍ പഠിക്കുന്ന കാലത്താണ് പൂച്ച കണ്ണുള്ള ആ സുന്ദരിയെ ഞാന്‍ ആദ്യമായി കാണുന്നത്....ഇരു നിറം ഉള്ള ശരീരം....ചുരിദാറും മുഖ മക്കനയുമിട്ടു മുഖത്ത് കൃത്രിമം ഏതും ഇല്ലാതെ ഘടിപ്പിച്ചു വെച്ച ചിരിയുമായി  ഒരു തനി നാടന്‍ പെണ്‍കുട്ടി....പേര് സജ്ന , പരിജയപ്പെടുന്നത് വളരെ യാദ്രിശ്ചികം ആയിട്ടായിരുന്നു....ഇടത്തരം കുടുംബത്തില്‍ വളര്‍ന്ന അവള്‍ക്കു ഭാവിയെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു...പഠിച്ചു ഒരു ടീച്ചര്‍ ആവണം ...ജോലി കിട്ടിയിട്ട് മാത്രമേ കല്യാണം കഴിക്കുകയുള്ളൂ  എന്നൊക്കെ അവള്‍ തന്നെ മനസ്സില്‍ എടുത്ത ഉറച്ച തീരുമാനം പങ്കു വെക്കാറുണ്ടായിരുന്നു....അവളുടെ ആഗ്രഹം സഫലമായി....ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച അവള്‍ ബി എഡ നും ഞാന്‍ പ്രവാസ ജീവിതത്തിലേക്കും കുടിയേറി....രണ്ടു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ നാട്ടില്‍ വരുന്നത്...കല്യാണം ഉറപ്പിച്ചതോട് കൂടി പഴയ സുഹൃത്തുക്കളെ കാണാനും കല്യാണത്തിന് ക്ഷണിക്കാനും പോകുന്നതിനിടയില്‍ അവളുടെ വീട്ടിലും എത്തി...എന്നാല്‍ പഴയ പ്രസന്നവതിയായ സജ്നയെ എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല ....ആകപ്പാടെ നിരാശയുടെ കാര്‍മേഘം മൂടി കെട്ടിയ പോലെ അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു....

എന്ത് പറ്റിയെടോ തനിക്കു ?

ഹേ ഒന്നൂല്ലല്ലോ എന്ന മറുപടിയില്‍ ഞാന്‍ തൃപ്തനായില്ല ....അപ്പോള്‍ ആണ് അവള്‍ എന്നോട് പറയുന്നത്

എനിക്ക് നിന്നോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്

ഹും ...പറ

നീ എന്റെ കൈ കണ്ടോ?

കൈപ്പത്തി കാണിച്ചു തന്നപ്പോള്‍ ഞാനും ആകെ വിഷമത്തിലായി....ഇരു നിറത്തില്‍ ഉള്ള ശരീരത്തില്‍ വെള്ള പ്പാണ്ട് എന്നാ രോഗം അവള്‍ക്കു കഠിനമായ വെളുപ്പ്‌ നിറം ചാര്‍ത്തി കൊടുത്തിരിക്കുന്നു....എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു നില്‍ക്കുന്ന എന്റെ മുഖത്ത് നോക്കി അവള്‍ വീണ്ടും ചോദിച്ചു?

ഈ സൂക്കേട്‌ വരുന്നത് വല്ല ശാപോം കൊണ്ടാണോ?...അല്ലേല്‍ തന്നെ എന്നെ ആര്  ശപിക്കാനാ ല്ലേ?

ആശ്വസിപ്പിക്കാന്‍ പോലും ആവാതെ കുഴങ്ങുന്ന അവള്‍ വീണ്ടും ചോദിച്ചു

ഇത് മാറുമോ?...ഇതിനു വല്ല ചികിത്സയും ഉണ്ടോ?

ഉണ്ട്...നീ ഇങ്ങിനെ ബെജാരാവല്ലേ ....ചികില്‍സയൊക്കെ കാണും

അവളുടെ ഉമ്മ കൊണ്ട് തന്ന ജൂസ് കുടിക്കാന്‍ പോലും മനസ്സ് വന്നില്ല ....വേദനയോടെ അതിലേറെ സമാശ്വസിപ്പിക്കാന്‍ പോലും വാക്കുകള്‍ കിട്ടാതെ ഇറങ്ങി പോരുമ്പോള്‍ അവള്‍ പറഞ്ഞു...

ഞാന്‍ ഇപ്പം എവിടേം പോകാറില്ല ...എങ്കിലും നിന്റെ കല്യാണത്തിന് ഞാന്‍ വരും ..

കൃത്രിമമായി ചിരിച്ചു കൊണ്ട് അവിടം വിടുമ്പോള്‍ മനസ്സ് ഇരുട്ട് മൂടി കഴിഞ്ഞിരുന്നു....എന്തിനാണ് റബ്ബേ ഇത്തരം രോഗങ്ങള്‍ കൊടുത്തു പരീക്ഷിക്കുന്നു എന്ന് ആലോചിച്ചു പോയി....കണ്ണ് നീര്‍ തുള്ളികള്‍ അവള്‍ക്കുള്ള പ്രാര്‍ത്ഥന ആയി പരിണമിച്ചു.....

കല്യാണത്തിന്റെ തലേ ദിവസം ആണ് അവള്‍ വന്നത് ....കയ്യില്‍ ഉള്ള പൊതി തരുമ്പോള്‍ എന്നോട് പറഞ്ഞു.

ഇതില്‍ എന്റെ ഓര്‍മ്മകള്‍ കൊത്തി  വെച്ചിട്ടുണ്ടാവും...കാലന്തരങ്ങളോളം നിനക്ക് സൂക്ഷിക്കാന്‍

കല്യാണ തിരക്ക് കഴിഞ്ഞു ഞാന്‍ ആ സമ്മാന പൊതി അഴിക്കുമ്പോള്‍ ഭാര്യയോടു അവളെ പറ്റി പറഞ്ഞിരുന്നു....സ്നേഹപൂര്‍വ്വം സജ്ന എന്ന് കൊത്തി  വെച്ച ആ സമ്മാനം ഭാര്യ അലമാരയില്‍ സൂക്ഷിച്ചു വെച്ചു ....

ഉറക്കത്തിന്റെ മൂര്‍ധന്യത്തില്‍ ആണ് ഫോണ്‍ ബെല്ലടിയുന്നത് കേട്ടത് ....ഉറക്കം നശിപ്പിച്ച ആ ഫോണ്‍ ബെല്ലിനെ ശപിച്ചു കൊണ്ടാണെങ്കിലും ഫോണെടുത്തു...
മറുതലക്കല്‍ ഉറ്റ സുഹൃത്തിന്റെ ശബ്ദം....

ഡാ സോറി ...അറിയാം ഉറങ്ങുകയാണെന്ന്

എന്ത് പറ്റി നിസാര്‍ ....കാര്യം പറ

അത് പിന്നെ സജ്നയും കുറച്ചു ബന്ധുക്കളും കൂടി ടൌണില്‍  പോയിരുന്നു....അവളുടെ ചികിത്സക്ക് വേണ്ടി ...തിരിച്ചു വരുമ്പോള്‍ ഏറെ വൈകിയിരുന്നു...അവര്‍ സഞ്ചരിച്ച ജീപിന്റെ ഡ്രൈവര്‍ ഉറങ്ങി പോയി ...ജീപ്പ് മരത്തിലിടിച്ച് സജ്ന മരണപ്പെട്ടു ...

നിസാറിന്റെ ഫോണ്‍ കാള്‍ പോലും ഞാന്‍ വെറുത്തു പോയി...ഇന്നലെയും ഞാന്‍ അവളെ വിളിച്ചിരുന്നു...വീട്ടില്‍ നിന്നും ചിലരുടെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് അവള്‍ ഈ യാത്രയ്ക്ക് തയ്യാരായാത്....അത് അവസാനതെത് ആകുമെന്ന് ഞാനും കരുതിയില്ല .....ആകെ തളര്‍ന്നു പോയി കണ്ണില്‍ ആകെ ഇരുട്ട് കയറിയ പോലെ ...

         അകത്തളത് കിടത്തിയിരിക്കുന്ന വെളുത്ത തുനിക്കെട്ടുകള്‍ക്കിടയില്‍ കിടന്നു പുറത്തു നില്‍ക്കുന്ന എന്നെ നോക്കി അവള്‍ ചിരിക്കുന്നുണ്ടോ എന്ന് തോന്നി പോയി....മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ സമാനിച്ചു കൊണ്ട് അവളെയും താങ്ങി എടുത്തു കുറച്ചു പേര്‍ പള്ളിക്കാട്ടിലേക്ക്‌ യാട്രയായതു ഈ ദിവസമായിരുന്നു....മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെയും ആ സമ്മാന പൊതിയും എന്റെ ഭാര്യയും സജ്നയെ എന്റെ ഓര്മ താളുകളില്‍ നിന്ന് ഉയര്‍ത്തി എടുത്തു കാണിച്ചു തരും....ഓര്‍മകള്‍ക്ക് മരണമില്ലാതിരിക്കാന്‍ ....




Saturday 18 January 2014

തേങ്ങുന്ന മാതൃ ഹൃദയം

ജോലി സംഭന്ധിച്ച തിരക്കിനിടയില്‍ ആ മുഖം മാറി നിന്ന് എന്റെ  മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് ഞാന്‍ അത്ര ഗൌനിചിരുന്നില്ല ....പക്ഷെ കുറെ സമയം അവിടെ ചുറ്റി പറ്റി നിന്ന് ഞാന്‍ തിരക്കില്‍ നിന്നൊഴിവായി എന്ന് മനസ്സിലായപ്പോള്‍ അവന്‍ എന്റെ അടുത്തേക്ക് വന്നു ....സലാം പറഞ്ഞു കൈ തന്നപ്പോള്‍ വല്ലാതെ ചൂട് പിടിച്ച രക്തം  ഞരമ്പുകളിലൂടെ ശീഘ്രം കുതിച്ചു പായുന്ന  പോലെ തോന്നി....

എന്നെ അറിയോ എന്നാ ചോദ്യം എന്നെ വിഷമതിലാക്കി....ഇത്രയും നേരം എന്നെ കാണാന്‍ വേണ്ടി കാത്തു നിന്ന ഇയാള്‍ ആരായിരിക്കാം എന്ന് മനസ്സില്‍ വല്ലാതെ വേവലാതിപ്പെടാന്‍ തുടങ്ങി....മുഖ പുസ്തകത്തില്‍ സുഹൃത്താണെന്നും നിങ്ങളെ നേരില്‍  കാണാന്‍ ഒരു പാട് ആഗ്രഹിചിരുന്നെന്നും പറയുമ്പോള്‍ ഇതിനു മാത്രം എന്താണ് എന്നില്‍ നിന്ന് ഇയാള്‍ക്ക് കിട്ടിയത് എന്ന് ഞാന്‍ സംശയിച്ചു കൊണ്ടേ ഇരുന്നു...മുറിച്ചു മുറിച്ചു സംസാരിക്കുന്ന അവന്‍ എന്നെ ഇടയ്ക്കിടയ്ക്ക് ഇക്ക എന്ന് വിളിക്കുമ്പോള്‍ യാന്ത്രികമായി അവന്റെ ജേഷ്ടന്റെ സ്ഥാനത് എത്തിപ്പെട്ട പോലെ തോന്നി....മൂന്നു മണിക്ക് ജോലി അവസാനിക്കും എന്ന് പറഞ്ഞപ്പോള്‍ അത് കഴിഞ്ഞു  ഞാന്‍ വരാം എന്ന് പറഞ്ഞു അവന്‍ പിരിഞ്ഞു...

              അല്ഖോറില്‍ നിന്നും ദോഹയിലെക്കുള്ള നൂറ്റി രണ്ടാം നമ്പര്‍ ബസ്സില്‍ ഒരുമിച്ചൊരു യാത്ര....ഇടയ്ക്കു എന്നെ ഒന്ന് പ്രശംസിച്ചു....ഇക്കയുടെ മുഖം എപ്പോഴും ചിരിച്ചു കൊണ്ടാണെന്ന് തോന്നുന്നു....അല്ലെങ്കിലും ജീവിതത്തില്‍ ഒരു പ്രയാസവും ഇല്ലാത്ത ആള്‍ക്ക് മാത്രമേ ഇങ്ങിനെ മന്ദസ്മിതനായി ഇരിക്കാന്‍ പറ്റൂ ....ഹയ്യട എന്നാ ഭാവത്തില്‍ അവന്റെ വാദത്തെ നിഷേധിച്ചു കൊണ്ട് അവന്റെ വിചാരങ്ങള്‍ തകര്‍ത്തു കൊണ്ടും ഞാനും മുന്നേറി....ആത്മാര്‍ഥമായ ഒരു അടുപ്പം അര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ തമ്മില്‍ കൈ വന്നിരുന്നു....

        ഗൌരവമായ ചര്‍ച്ചയിലേക്ക് കടന്നത്‌ വൈകിയാണെങ്കിലും അവന്റെ വേദനയുടെ ഒരംശം എങ്കിലും ഒപ്പം പങ്കു വെച്ചേക്കാം എന്ന് ഞാനും ആഗ്രഹിച്ചു....ഒപ്പം നിങ്ങളോടും കൂടി ആവാം എന്ന് വെച്ചതിന്റെ പൊരുള്‍ നിങ്ങള്ക്ക് വഴിയെ മനസ്സിലായിക്കോളും ...

                              രണ്ടു ആണ്മക്കള്‍ ആണ് അവന്റെ വീട്ടില്‍  ആകെ ഉള്ളത്...ഇവന്‍ ആണ് ഇളയവന്‍ ....വാപ്പ മരണപ്പെട്ടിട്ട് എട്ടു വര്ഷം കഴിഞ്ഞു....ജേഷ്ടന്‍ കല്യാണം കഴിച്ചത് വാപ്പയുടെ ബന്ധുവിനെ തന്നെയാണ്....മാറി താമസിക്കുകയും ചെയ്തു....ഇപ്പോള്‍ ഇവനും ഭാര്യയും രണ്ടു മക്കളും ഉമ്മയും തറവാട്ടില്‍ ആണ് താമസം ...ജേഷ്ടന്‍ മാറി താമസിച്ചതിനു ശേഷം തറവാട്ടില്‍ കയറുകയോ ഉമ്മയുടെ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്യാറില്ല....മറ്റു ചില പ്രശ്നങ്ങള്‍ കൂടി തല പൊക്കിയപ്പോള്‍ കാര്യങ്ങള്‍ രൂക്ഷമായി....ഇക്കാര്യം ചോദിച്ചു വന്നവരോടൊക്കെ അവന്‍ പറഞ്ഞ കാരണം ഉമ്മാക്ക് അവനോടു സ്നേഹമില്ലെന്നും അനിയനെ കൂടുതലായി സ്നേഹിക്കുന്നു എന്നതും ആണ്...റമദാന്‍ മാസത്തില്‍ പോലും അവന്റെ വീട്ടില്‍ കയറി ഉമ്മയോട് രണ്ടു വാക്ക് സംസാരിക്കാന്‍ പോലും അവന്‍ തയ്യാറാവുന്നില്ല എന്ന് വന്നപ്പോള്‍ അനിയന്‍ തൊട്ടടുത്ത പള്ളിയിലെ ഖാസിയോടു ഈ വിവരങ്ങള്‍ സംസാരിച്ചു....പതിവായി നമസ്കാരത്തിന് വരുന്ന അവന്‍ അന്ന് പള്ളിയില്‍ ഉണ്ടാവും എന്ന് മനസ്സിലാക്കിയ ഖാസി മാതാവിനോടുള്ള കടമ എന വിഷയത്തില്‍ അവനു കുറച്ചു ക്ലാസ് എടുത്തു കൊടുത്തു...അന്ന് വൈകുന്നേരം അവന്‍ ഒരു കിലോ നാരങ്ങയും വാങ്ങി തറവാട്ടില്‍ വന്നു കോലായില്‍ ഗ്രില്സും ചാരി നിന്ന് ഉമ്മാനെ വിളിച്ചു...ഉമ്മ എന്റെ മോന്‍ വന്നല്ലോ എന്നാ ആശ്വാസത്തില്‍ കയറി ഇരിക്കാന്‍ കസേര വെച്ച് കൊടുത്തെങ്കിലും അവന്‍ ഇരുന്നില്ല ....കയ്യില്‍ ഉള്ള നാരങ്ങാ പൊതി ഉമ്മയുടെ കയ്യില്‍ കൊടുത്തിട്ട് പള്ളിയിലെ ഉസ്താദ് പറഞ്ഞിട്ടാണ് ഞാന്‍ ഇത് കൊണ്ട് വന്നത് എന്ന് പറഞ്ഞു വന്നത് പോലെ ഇറങ്ങി പോയി....

                  തലയിണയുടെ ഉള്ളില്‍ നിന്ന് വെളുത്ത കടലാസില്‍ നൂല് കൊണ്ട് വരിഞ്ഞു കെട്ടിയ അറബി ആയത്തുകള്‍ കിട്ടിയപ്പോള്‍ ഉമ്മ ഒന്ന് പതറി....എന്തായിരിക്കും ഇത് എന്ന് പേടിച്ച ഉമ്മ വീട്ടിനടുത്തുള്ള ഒരു മുസ്ലിയാരുടെ അടുത്ത് പോയി കാര്യം തിരക്കി....അപ്പോള്‍ മുസ്ലിയാര്‍ അതിനകത് അറബിയില്‍ തന്റെയും മൂത്ത മകന്റെയും പേര് എഴുതിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു കൊടുത്തു....അങ്ങിനെ ഉമ്മ അവനെ ശപിച്ചു കൊണ്ട് അവിടുന്നിറങ്ങി...ഖത്തറില്‍ ഉള്ള മകനെ വിളിച്ചു കരഞ്ഞു കൊണ്ട് കാര്യങ്ങള്‍ അറിയിച്ചു കുറച്ചു കഴിയുമ്പോഴേക്കും ബി പി രോഗി ആയ ആ ഉമ്മ തളര്‍ന്നു കിടപ്പിലായി....ടെന്ഷ കൂടിയത് കാരണം കിട്നിയെ ബാധിച്ചു എന്നും ഒരാഴ്ച കിടക്കണം എന്നും ഹോസ്പിറ്റലില്‍ നിന്നും ഡോക്ടര്‍ ഉപദേശിച്ചു....ഉമ്മാക്ക് ഒരു കിഡ്നി മാത്രമേ നിലവില്‍ ഉള്ളൂ....ഡയാലിസിസ് വേണ്ടി വരുന്ന അവസ്ഥയില്‍ നിന്ന് താല്‍ക്കാലികമായി ആ ഉമ്മ രക്ഷപ്പെട്ടു....എന്നാല്‍ ഇന്നും തന്റെ മകന്‍ എന്തിനു തന്നോട് ഇത് ചെയ്തെന്നോ എന്തിനാണ് അവന്‍ എന്നെ ഉപദ്രവിക്കുന്നത് എന്നോ ഒക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ ആവാതെ ഇളയ മകനും ഭാര്യയും പ്രയാസപ്പെടുന്നു....കരഞ്ഞു കണ്ണീര്‍ ഒളിപ്പിച്ചു ഇരിക്കുന്ന ആ ഉമ്മയുടെ വേദനക്ക് സമാശ്വസിപ്പിക്കാന്‍ പോലും ആവാതെ പ്രയാസപ്പെടുന്ന എന്റെ ഈ മുഖ പുസ്തക സുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ പോലും ആവാതെ യാത്ര ചോദിച്ചു മടങ്ങുമ്പോള്‍ അവന്റെ ജെഷ്ടനെ എങ്ങാനും എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആശിച്ചു പോയി
    

Thursday 16 January 2014

മൊയ്തൂക്കയെ അറിയുക

സമൂഹത്തിന്റെ പുറമ്പോക്കിലൂടെ സ്വയം അദ്രിശ്യനായി നടന്നു കാലം കഴിച്ചു കൂട്ടുന്ന ചിലരെ നമ്മള്‍ ശ്രദ്ധിക്കാതെ പോയേക്കാം ....അവര്‍ പിന്നിടുന്ന വഴിത്താരകള്‍ വേദനയുടെയും വെവലാതിയുടെതും ആകാം....മനസ്സ് പ്രക്ഷുബ്ധമാകുന്ന ഘട്ടങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ആകാശത്ത് നിന്നും കീഴ്പോട്ടു തൂക്കിയിട്ട പിടി വള്ളികള്‍ ആണ് അവര്‍ക്ക് ആശ്രയം....മനസ്സിന്റെ രോദനം വായിച്ചെടുക്കാന്‍ പാകത്തില്‍ മുഖ ഭാവം സൃഷ്ടിച്ചെടുതു താനറിയാതെ പ്രഭാതത്തില്‍ വീട് വിട്ടിറങ്ങി നിത്യവൃത്തിക്ക് വേണ്ടി മുന്നേറുമ്പോള്‍ അവര്‍ നമുക്ക് ആരുമല്ലെങ്കിലും അവരും നമ്മുടെ മുന്നില്‍ മനുഷ്യരായി ജീവിച്ചു കാലം തീര്‍ത്തു പോയവര്‍ ആണെന്ന് നാം ഓര്‍ക്കണം...അല്ലെങ്കിലും സാമൂഹിക മണ്ഡലത്തില്‍ പാവങ്ങള്‍ക്കും വേദനയുള്ളവനും വിശപ്പിന്റെ കാഠിന്യം അറിയുന്നവനും എന്ത് പ്രസക്തി?....





കുറ്റ്യാടി തൊട്ടില്‍പാലം റോഡില്‍ പതിവായി വാഹനം ഓടിച്ചു പോകുന്നവര്‍ കൊടക്കല്‍ പള്ളി മുതല്‍ തൊട്ടില്‍പാലം ടൌണ്‍ വരെ ആവശ്യത്തില്‍ കൂടുതല്‍ ജാകരൂകരായിരിക്കും ...കാരണം ഈ പാവം മനുഷ്യന്‍ ഏതു സമയവും എവിടെ വെച്ചും റോഡ്‌ മുറിച്ചു കടന്നേക്കാം...നാളുകളായി മൊയ്തൂക്ക അങ്ങിനെയാണ്....തന്റെ അന്നന്നത്തെ വകക്കുള്ള വകുപ്പ് തേടി ഇറങ്ങുന്ന ഒരു പാവം മനുഷ്യന്‍....എന്ത് കൊണ്ട് മൊയ്തൂക്ക എന്ന് ഞാന്‍ പലപ്പോഴായി ചിന്തിക്കാറുണ്ട്....അങ്ങാടിയില്‍ പോയി വീട്ടുകാര്‍ക്ക് സാദനങ്ങള്‍ എത്തിച്ചു കൊടുക്കുക എന്നാ ദൌത്യം ഏറ്റെടുത് ഭംഗിയായി നിര്‍വഹിച്ചു താന്‍ ചെയ്ത ജോലിക്ക് അര്‍ഹമായ കൂലിയും വാങ്ങി വീട്ടിലേക്കു തിരികെ പോകുമ്പോള്‍ അതിന്റെ ലക്‌ഷ്യം തന്നെ മഹത്തരമാണ്...നിത്യ രോഗി ആവുക എന്നത് അതുമായി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞാല്‍ പിന്നെയും അതോര്‍ത്തു വെവലാതിപ്പെടുന്നതിനു പകരം തന്റെ ഈ തടി കൊണ്ട് തന്നാലാവുന്നത് ചെയ്യുക എന്നാ ലക്‌ഷ്യം മുന്‍ നിര്‍ത്തി പ്രയാണം തുടരുക....അത് മോയ്തൂക്കാക്ക് മാത്രം അര്‍ഹാതപ്പെട്ടതാണ് എന്ന് തോന്നിപ്പോകാരുണ്ട് പലപ്പോഴും....ഒരു പക്ഷെ ക്ഷണിക്കപ്പെടാത്ത അതിഥി ആയി നിന്നിലേക്ക്‌ മൊയ്തൂക്ക വന്നേക്കാം.....പക്ഷെ ആ മനസ്സറിയാന്‍ നിനക്ക് കഴിഞ്ഞില്ലെങ്കിലോ?...മൊയ്തൂക്ക വിത്യസ്തന്‍ ആവുന്നത് അവിടെയാണ് ..മൌനം വാചാലമാക്കിയ ഒരു സാധു മനുഷ്യന്‍....കലഹിക്കുന്ന ലോകത്തോട്‌ മറുത്തൊരു കലപില കൂടാതെ തനിക്കു വേണ്ട കാര്യങ്ങള്‍ മുറ തെറ്റിയാലും വെടിപ്പോടെ നീങ്ങി കിട്ടാന്‍ കാതങ്ങള്‍ നടന്നു തീര്‍ക്കുന്ന ഒരാള്‍ .......എന്നെ അല്ഭുതപ്പെടുതാരുള്ള മറ്റൊരു മനുഷ്യന്‍ ഏറെ വിത്യസ്തന്‍ എന്നത് കൊണ്ട് മോയ്തൂക്കയെ നിങ്ങള്ക്ക് പരിജയപ്പെടുത്തി എന്ന് മാത്രം....നാഥന്‍ അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു 

Sunday 12 January 2014

ചുരത്തില്‍ ഇരുന്നൊരു കുശലം






അടുത്ത് ചെന്നപ്പോള്‍ തുറിച്ച നോട്ടം
പേടിച്ചൂട്ടോ ന്നു പറഞ്ഞപ്പോള്‍
പല്ലിളിച്ചു കാണിച്ചു

നീട്ടിയ ഭക്ഷണം തട്ടി പ്പറിച്ചു
പിറകില്‍ നിന്ന് എത്തി നോക്കിയ
കുഞ്ഞന്‍ കുരങ്ങിനെ നീട്ടി വിളിച്ചു

പോവല്ലേ എന്ന് പറഞ്ഞപ്പോള്‍
വീണ്ടുമൊരു നോട്ടം
എന്താണ് എന്നൊരു ചോദ്യം

ഇവിടെ സുഖാണോ എന്ന് ചോദിച്ചപ്പോള്‍
കളിയാക്കി ഒന്ന് ചിരിച്ചു

താന്‍ കാണുന്നില്ലേ അവിടൊരു ബോര്‍ഡ്
ഞങ്ങള്‍ക്ക് തിന്നാന്‍ തരരുത്
ഞങ്ങള്‍ ചീത്തയായി പോകും
അല്ലേലും നിന്റെ യീ എച്ചില് തിന്നെത്ര കാലം ?

ഞങ്ങള്‍ക്ക് പരമ സുഖം
അവന്‍ തുടര്‍ന്നു
അല്ലേലും നിങ്ങള്‍ക്കൊരു വിചാരമുണ്ട്
നിങ്ങളുടെ പൂര്‍വികര്‍ ആണ് ഞങ്ങള്‍ എന്ന്
എങ്ങാനും ഡാര്‍വിനെ കിട്ടിയിരുന്നെങ്കില്‍

നിങ്ങളുടെ കാപട്യവും
ചതിയും വഞ്ചനയും
കൊല്ലും കൊലയും
ഞങ്ങളുടെ സംഭാവനയല്ല

കുലത്തെ പറയിക്കാന്‍
കിരാത ജന്മം ജനിചോരോടെന്തു പറയാന്‍
അല്ലേലും നിങ്ങള്ക്ക് നഷ്ടപ്പെട്ടത് ഞങ്ങള്ല്ക്
നഷ്ടപ്പെട്ടിട്ടില്ല
അതിന്റെ പേരാണ് സ്നേഹം

പല്ലിളിച്ചു പരിഹസിച്ചു കാടിറങ്ങി
വന്നവന്റെ മുഖത്ത് നോക്കി
നിര്‍ന്നിമേഷനായി മടങ്ങവേ
അവന്‍ കുഞ്ഞിനെ വയറ്റത്ത് ഒട്ടിച്ചു വെച്ച്
മരചില്ലകളിലൂടെ ശര വേഗത്തില്‍
ഇടയ്ക്കിടയ്ക്ക് പിറു പിറുത്തു കൊണ്ട് 

Wednesday 8 January 2014

അന്ത്യ യാത്ര

ചത്ത്‌ കിടക്കുമ്പോള്‍ 

ചമഞ്ഞു കിടക്കണം
 
അത് ചൊല്ല് 


മരിച്ചാല്‍ മൂക്കില്‍ പഞ്ഞി വെക്കുന്നത് 

ഈച്ച ഉറുംബ്‌ മുതലായവ കേറാതിരിക്കാന്‍ 


അകത്തളത്തിലെ നാല് കാലില്‍ 

കിടത്തുന്നത് 

നിന്നെ അവസാനം ഒന്ന് കാണാന്‍ 

മലര്‍ത്തി കിടത്തുന്നത്

നിന്റെ മുഖത്ത് നോക്കി 

അവര്‍ക്ക് 

അട്ടഹസിക്കാന്‍ 

ആറു കാലില്‍ താങ്ങി 

കൊണ്ട് പോകുമ്പോള്‍ 

നിനക്ക് ചൊല്ലി തരുന്നത് 

ലാ ഇലാഹ ഇല്ല ള്ളാ ഹു 

നിന്നെ ഓര്‍മ്മിപിക്കാന്‍ 

ഒരു പിടി മണ്ണ് വാരി ഇട്ടു 

മിന്നാ ഖലക്കുനാക്കും 

ചൊല്ലി പിരിയുന്നവര്‍ 

പ്രാര്‍ഥി ക്കുന്നത് 

നിന്റെ ആഖിരത്തിന്

എന്നാല്‍ നീ 

നിനക്ക് വേണ്ടി 

എന്ത് ചെയ്തു?

മരണം ഉണ്ടെന്നരിഞ്ഞിട്ടും 

ആഖിരം ഉണ്ടെന്നരിവുണ്ടായിട്ടും?