Pages

Monday, 21 October 2013

ലോകം ജിന്നയെ പുനഃസംപ്രേഷണം ചെയ്യുന്നു - ഷാഹിന നിയാസി നിറമരുതൂര്‍


Posted On: 10/21/2013 3:43:49 PM  

ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാക്കളുടെ മുന്‍നിരയിലാണ് ഖാഇദേ അഅ്‌സം മുഹമ്മദലി ജിന്നയുടെ സ്ഥാനം. വ്യക്ത്യാധിഷ്ഠിത ചരിത്രം രചിക്കുന്നവര്‍ അദ്ദേഹത്തെ ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരനോ പാക്കിസ്താന്റെ നിര്‍മ്മാതാവോ മാത്രമായി പരിഗണിക്കുന്നു.

അതുകൊണ്ട് തന്നെ ജിന്ന എന്നും ഒരു വിവാദ പരിവേഷത്തോടെ ചര്‍ച്ചയില്‍ നിറയുന്നു. ഈയിടെ പാക്കിസ്താന്‍ ചരിത്രകാരനായ സിക്കന്തര്‍ ഹയാത്ത് അദ്ദേഹത്തെ ''charismatic leader '' (അസാധാരണ വ്യക്തിപ്രഭാവമുള്ള ജന നായകന്‍) എന്ന് വിശേഷിപ്പിച്ചപ്പോള്‍, ബി.ജെ.പിയുടെ സമുന്നത നേതാവായിരുന്ന ജസ്‌വന്ത്‌സിംഗ് എഴുതിയ ''ജിന്ന: ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം'' എന്ന പുസ്തകം ഗ്രന്ഥകാരന് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴിയാണ് കാണിച്ച് കൊടുത്തത്.

സംഘ്പരിവാര്‍ പതിറ്റാണ്ടുകളായി കെട്ടിപ്പൊക്കിയ നുണകളുടെ കൊട്ടാരത്തിന്റെ അടിത്തറ മാന്താന്‍ ധൈര്യം കാണിച്ചതാണ് ജസ്‌വന്ത്‌സിംഗിനെ പാര്‍ട്ടിക്ക് അപ്രിയനാക്കിയത്. ഇന്ത്യാ വിഭജനത്തില്‍ സര്‍ദാര്‍ പട്ടേലിനുള്ള പങ്ക് പരാമര്‍ശിച്ചതാണ് സംഘ്പരിവാര്‍ നേതാക്കളെ ഏറെ പ്രകോപിപ്പിച്ചത്.

''ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അംബാസിഡറായിരുന്ന, ത്രീ-പീസ് സ്യൂട്ടും രാജാവിന്റെ ഇംഗ്ലീഷും എരിയുന്ന സിഗരറ്റുമായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട മുഹമ്മദലി ജിന്ന'' എങ്ങനെ പാക്കിസ്താന്റെ ''ഖാഇദെ അഅ്‌സം'' ആയി പരിണമിച്ചു എന്നത് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. വിഭജനം അനിവാര്യമായിരുന്നുവോ? മിസ്റ്റര്‍ ജിന്ന മാത്രമായിരുന്നുവോ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദി? ജിന്നാ സാഹിബുമായി ഒരു വിഭാഗം പുലര്‍ത്തിയ ശത്രുത അതിന് എത്രത്തോളം കാരണമായിട്ടുണ്ട്? വിഭജനം ഒഴിവാക്കാന്‍ ശ്രമിച്ച ഗാന്ധിജി എന്തുകൊണ്ട് നിരാശനായി? ജിന്നയും നെഹ്‌റുവും തമ്മിലുള്ള രാഷ്ട്രീയമായ ഇടച്ചിലിന്റെ കാരണമെന്തായിരുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ത്യയുടെ വിഭജനത്തില്‍ സ്വാധീനം ചെലുത്തി എന്നാണ് ചരിത്രകാരന്‍മാര്‍ ഏറെയും അഭിപ്രായപ്പെടുന്നത്.

ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടി ശക്തമായി വാദിച്ചുപോന്ന ജിന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതിഹാസ സമാനമായി എന്നും നിലകൊള്ളുന്നു. ''ജിന്നയുമായി തെറ്റി ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചതുകൊണ്ടാണ് ബ്രിട്ടീഷ് ഭരണം മൂന്ന് ദശകങ്ങള്‍ പിന്നേയും നീണ്ടത്'' എന്ന് ജസ്‌വന്ത്‌സിംഗ് തന്റെ പുസ്തകത്തില്‍ പറയുന്നു.

1940-ല്‍ പാക്കിസ്താന്‍ പ്രമേയം അവതരിപ്പിക്കുമ്പോഴും ജിന്ന യഥാര്‍ത്ഥത്തില്‍ വിഭജനം ആഗ്രഹിച്ചിരുന്നില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.

വൈദേശികാധിപത്യത്തിനെതിരെ ജിന്നാ സാഹിബ് നടത്തിയ പോരാട്ടങ്ങളെ തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനത വൈകി എന്നത് പരമാര്‍ത്ഥമാണ്. 2005-ലെ വേനല്‍ക്കാലത്ത് പാക് സന്ദര്‍ശന വേളയില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, ജിന്നയെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിന് ശക്തമായ പഴി കേള്‍ക്കേണ്ടിവന്നു. 1942-ല്‍ അലഹബാദിലെ പത്രപ്രവര്‍ത്തകരോട് സംസാരിക്കവേ ജിന്ന പറഞ്ഞു. ''മുസ്‌ലിംകള്‍ മാത്രമല്ല, ഈ മഹത്തായ ഹിന്ദു സമൂഹവും തന്റെ പേരിന്റെ സ്മരണയെ അനുഗ്രഹിക്കുന്ന ഒരു കാലം എന്റെ ജീവിതകാലത്തല്ലെങ്കില്‍ മരണശേഷമെങ്കിലും സംജാതമാവും എന്ന്.'' ചുരുങ്ങിയപക്ഷം തന്നിലണിയിച്ച പ്രതിനായകന്റെ ചമയങ്ങള്‍ അഴിച്ചുമാറ്റാനെങ്കിലും ഹിന്ദുത്വ വാദത്തിന്റെ രണ്ട് പ്രമുഖ വക്താക്കള്‍ മുന്നോട്ട് വന്നതില്‍ ജിന്നയെ സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസം കൊള്ളാം.

ജിന്നയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഉപാധിയുള്ള മതേതര വിശ്വാസത്തോട് കൂടിയാണ്. ഇംഗ്ലണ്ടിലെ പഠനകാലത്ത് ഉള്‍ക്കൊണ്ട ഉദാരശീലം അദ്ദേഹത്തിന്റെ വ്യക്തിത്വത്തേയും രാഷ്ട്രീയ ചിന്തയേയും നിര്‍ണായകമായി സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ജിന്ന, ഹിന്ദു-മുസ്‌ലിം സമുദായ മൈത്രിയുടെ ശക്തനായ വക്താവായത്. ആ കാലത്ത് ഹിന്ദു-മുസ്‌ലിം ഐക്യത്തെക്കുറിച്ച് മറ്റു ദേശീയ നേതാക്കളെക്കാള്‍ കൂടുതല്‍ വ്യക്തമായ, ശാസ്ത്രീയമായ ധാരണയുണ്ടായിരുന്നു ജിന്നയ്ക്ക്. ഇന്ത്യയുടെ വാനമ്പാടിയെന്ന് പ്രസിദ്ധയായിരുന്ന സരോജിനിനായിഡു ജിന്നയെ പ്രകീര്‍ത്തിച്ചത്, ''ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അംബാസിഡര്‍'' എന്നാണ്. മഹാത്മാഗാന്ധിജി ജിന്നയെ 'ഖാഇദെ അഅ്‌സം' (മഹാനായ നേതാവ്) എന്നും വിശേഷിപ്പിച്ചു. ജിന്നയുടെ പേരില്‍ കെട്ടിച്ചമച്ച കള്ളക്കഥകളുടെ സ്രഷ്ടാക്കള്‍ ഇതൊന്നും അറിയാത്തവരല്ല.

മുംബൈയില്‍ ഗവര്‍ണര്‍ വെല്ലിംഗ്ടണ്‍ പ്രഭുവിന് യാത്രയയപ്പ് നല്‍കാന്‍ വേണ്ടി പ്രമാണിമാര്‍ സംഘടിപ്പിച്ച യോഗം, നിറത്തോക്കുകളുമായി നിരന്ന് നില്‍ക്കുന്ന വെള്ള പട്ടാളക്കാരെ തട്ടിമാറ്റിക്കൊണ്ട് ഭാര്യ റൂത്തിയോടൊപ്പം കടന്നുചെന്ന് കലക്കിയ സാഹസികനായ ജിന്നയെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ആ സാഹസിക കൃത്യത്തിന്റെ ഓര്‍മ്മയ്ക്കായി മുംബൈയിലെ പൗരാവലി അന്നത്തെ മുപ്പതിനായിരം രൂപ ചിലവഴിച്ച് മുംബൈ നഗരത്തില്‍ പടുത്തുയര്‍ത്തിയതാണ് 'ജിന്നാഹാള്‍'. ഒരു നേതാവിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ഒരു സ്മാരക മന്ദിരം പണിത ആദ്യത്തെ സംഭവമാണിത്.

മുസ്‌ലിം വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനു വേണ്ടി ഇന്ത്യയില്‍ ആദ്യമായി ഒരു നിയമം വൈസ്രോയിയുടെ കൗണ്‍സിലില്‍ അവതരിപ്പിച്ച് ('വഖഫ് അല്‍ ഔലാദ്') വിദഗ്ധമായി പൈലറ്റ് ചെയ്ത് പാസാക്കിയെടുത്തത് ജിന്നാ സാഹിബിന്റെ നയതന്ത്രജ്ഞതയായിരുന്നു. ആ വിജയമാഘോഷിക്കാന്‍ അലിഗറിലെ വിദ്യാര്‍ത്ഥികള്‍ ജിന്നാ സാഹിബിനെ റിക്ഷയില്‍ കയറ്റി അവര്‍ തന്നെ റിക്ഷ വലിച്ച് ക്യാമ്പസില്‍ കൊണ്ടുപോയി സ്വീകരണം നല്‍കി. പ്രശസ്ത ചരിത്രകാരിയായ ഡോ. ഐഷ ജലാലിന്റെ വിശ്രുതമായ '' Sole Spokesman'' എന്ന ജിന്നയുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ പുറംചട്ടയില്‍ അലിഗര്‍ വിദ്യാര്‍ത്ഥികള്‍ ജിന്നയെ റിക്ഷയില്‍ കയറ്റി വലിച്ച് കൊണ്ടുപോകുന്ന ചിത്രമുണ്ട്.

ലണ്ടനിലെ ''ലണ്ടന്‍സ് ഇന്‍'' നിയമ കോളജിന്റെ പ്രവേശന കവാടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നിയമദാതാക്കളുടെ കൂട്ടത്തില്‍ മുഹമ്മദ് നബിയുടെ പേര്‍ കൂടി എഴുതിവെച്ചത് കണ്ടപ്പോള്‍ ആവേശഭരിതനായി പഠനം ഇവിടെ തന്നെയാകട്ടെ എന്ന് തീര്‍ച്ചപ്പെടുത്തി രോമകൂപങ്ങള്‍തോറും മതബോധം വഴിഞ്ഞൊഴുകുന്ന മുഹമ്മദലി ജിന്ന. പക്ഷേ പ്രകടനപരതയില്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ മുസ്‌ലിം വിരുദ്ധര്‍ക്ക് അദ്ദേഹം മതഭ്രാന്തനും മത മൗലികവാദികള്‍ക്ക് അദ്ദേഹം മതവിരുദ്ധനുമായി. എന്നാല്‍ ഇത് രണ്ടുമായിരുന്നില്ല ജിന്ന.

അദ്ദേഹം പറയാറുണ്ടായിരുന്നു. ''ഞാനൊരു മൗലവിയോ മൗലാനയോ അല്ല, ഞാന്‍ ഇസ്‌ലാമിന്റെ ഒരു വിനീത ദാസന്‍ മാത്രമാണ്.'' എന്ന്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഐക്യപ്പെടലിലൂടെയല്ലാതെ ഇന്ത്യയുടെ ഐശ്വര്യം വീണ്ടെടുക്കാനാവില്ല എന്ന ദൃഢവിശ്വാസമായിരുന്നു ജിന്നയുടെ രാഷ്ട്രീയ ദര്‍ശനത്തിന്റെ കാതല്‍. ആ സ്വപ്‌നസാക്ഷാത്കാരത്തിനുള്ള മാധ്യമമായാണ് അദ്ദേഹം ആള്‍ ഇന്ത്യാ മുസ്‌ലിംലീഗിനെ കണ്ടത്. മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് വേണ്ടി അലഹബാദിലെ കൊട്ടാര സദൃശമായ തന്റെ വസതിയിലേക്ക് ജിന്നയെ ക്ഷണിച്ച മോത്തിലാല്‍ നെഹ്‌റു അദ്ദേഹത്തെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്: ''നമ്മെ എല്ലാവരേയും പോലെ കറകളഞ്ഞ ദേശീയവാദിയാണദ്ദേഹം. തന്റെ സമുദായത്തെ അദ്ദേഹം ഹിന്ദു-മുസ്‌ലിം മൈത്രിയിലേക്ക് വഴികാണിക്കുന്നു.''

ലഖ്‌നൗ സന്ധിക്ക് ശേഷം ഇന്ത്യയുടെ പ്രതീക്ഷ മുഴുവനും ജിന്നയിലായിരുന്നു. സംഭവബഹുലമായ ആ വര്‍ഷങ്ങളില്‍ അഭിഭാഷകനായ ജിന്നയുടെ യുക്തിപൂര്‍വ്വമായ ന്യായവാദങ്ങള്‍ ഇംഗ്ലീഷ് പ്രഭുക്കന്‍മാരെ കുഴക്കി. രാജ്യത്തിലെ രണ്ട് പ്രബല മതവിഭാഗങ്ങളെ മൈത്രിയുടെ പാതയിലേക്ക് നയിക്കാന്‍ ജിന്നയുടെ നയചാതുരികൊണ്ട് സാധിച്ചു. അതേസമയം മതവും രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തുന്നതിനെ ജിന്ന ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഇന്ത്യക്കാര്‍ക്ക് തുല്യ പങ്കാളിത്തമില്ലാത്ത സൈമണ്‍ കമ്മീഷനുമായി സഹകരിക്കുക അസാധ്യമാണെന്ന് ജിന്ന അസന്നിഗ്ധമായി പ്രഖ്യാപിച്ചു. സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണ പരിപാടി പരിപൂര്‍ണ വിജയമായത് ജിന്നയുടെ നേതൃപാടവത്താലാണെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് വിലയിരുത്തി.

മോത്തിലാല്‍ നെഹ്‌റു കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടി കോണ്‍ഗ്രസ് കല്‍ക്കത്തയില്‍ 1928 ഡിസംബര്‍ 28-ന് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ജിന്ന നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ''ഹിന്ദു-മുസ്‌ലിം സമവായമാണ് ആദ്യം ഉണ്ടാവേണ്ടത്. അവകാശങ്ങളും താല്‍പര്യങ്ങളും നിയമപരമായി നിര്‍വചിച്ചിട്ടില്ലെങ്കില്‍ ഭൂരിപക്ഷം മര്‍ദ്ദകരാവാനും ന്യൂനപക്ഷം ഭയചകിതരാവാനുമുള്ള എല്ലാ സാധ്യതകളും ഉണ്ട്. വര്‍ഗീയ ഭൂരിപക്ഷവുമായാണ് നമുക്ക് ഇടപെടാനുള്ളത് എന്നതിനാല്‍ ഇതിനുള്ള സാധ്യത ഇനിയും വര്‍ധിക്കുകയാണ് ചെയ്യുന്നത്. മുഴുവന്‍ സമുദായങ്ങളും ഈ വിശാലമായ രാജ്യത്ത് സൗഹാര്‍ദ്ദത്തിലും ഐക്യത്തിലും കഴിയുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്.'' 'വഴിഞ്ഞൊഴുകുന്ന ദു:ഖത്തോടെ ഞാന്‍ പറയട്ടെ. നെഹ്‌റു കമ്മിറ്റി റിപ്പോര്‍ട്ട് മുസ്‌ലിംകള്‍ക്ക് പ്രയോജനകരമോ ഫലപ്രദമോ അല്ല' എന്ന ജിന്നയുടെ പ്രതികരണം വികാര നിര്‍ഭരമായിരുന്നു. ഈ അവസരത്തിലാണ് ഭാവികാല മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആധാരശിലയായി തീര്‍ന്ന ''ജിന്നയുടെ പതിനാലു പോയിന്റുകള്‍'' അദ്ദേഹം രാഷ്ട്രത്തിന് മുമ്പാകെ സമര്‍പ്പിച്ചത്. അടുത്ത ഒരു പതിറ്റാണ്ട് കാലം ഇന്ത്യന്‍ രാഷ്ട്രീയം 'ജിന്നയുടെ പതിനാല് പോയിന്റുകള്‍' എന്ന സ്തംഭത്തിനു ചുറ്റും കറങ്ങി.

വട്ടമേശ സമ്മേളനവേദികളിലും അതിനു പുറത്തും ദളിതരുടെ ആവശ്യങ്ങള്‍ക്ക് ജിന്ന പരിപൂര്‍ണ്ണ പിന്തുണ നല്‍കി. അവരുടെ മോചന സമരത്തില്‍ താന്‍ അവരോടൊപ്പം തോളുരുമ്മി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ജിന്നയുടെ പടവും തലയില്‍വെച്ച് ദളിത് ജനത ഉത്സവമാഘോഷിച്ചു. ദളിതര്‍ക്ക് വോട്ടവകാശം എന്ന വാദം ജിന്ന ഉപേക്ഷിക്കുകയാണെങ്കില്‍ ജിന്നയുടെ 14 പോയിന്റുകള്‍ മുഴുവനും കോണ്‍ഗ്രസ് അംഗീകരിച്ച് കൊള്ളാമെന്ന് ഗാന്ധിജി ഉറപ്പുകൊടുത്തപ്പോള്‍ ജിന്നയുടെ പ്രതിവചനം -''തന്റെ 14 പോയിന്റുകള്‍ ഒന്നൊഴിയാതെ ഉപേക്ഷിക്കേണ്ടി വന്നാലും ഇന്ത്യയിലെ അയിത്ത ജാതിക്കാര്‍ക്ക് മനുഷ്യാവകാശം നേടികൊടുക്കാനുള്ള സമരത്തില്‍ നിന്ന് താന്‍ പിറകോട്ടില്ല'' എന്നായിരുന്നു. ലഖ്‌നൗ സമ്മേളനത്തോട് കൂടി ജിന്ന ഒരു വലിയ ജനസമൂഹത്തിന്റെ ഏക നേതാവായി അതിവേഗം ഉയരുകയായിരുന്നു.

ജിന്ന നടത്തിയ പ്രസംഗങ്ങള്‍ എന്നും സദസ്സിനേയും സമൂഹത്തേയും ആവേശം കൊള്ളിക്കുന്നതായിരുന്നു. ആരും പറയാതെയുംആരും കേള്‍ക്കാതെയും ആള്‍ഇന്ത്യാ റേഡിയോ നാലു ചുമരുകള്‍ക്കുള്ളില്‍ അതീവ രഹസ്യവും സുരക്ഷിതവുമായി സൂക്ഷിച്ച പ്രസംഗം 65 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത് വന്നിരിക്കുന്നു. ചരിത്രത്തിലെ പല റെക്കോര്‍ഡിംഗുകളെയും അപേക്ഷിച്ച് ഇതില്‍ കൃത്യമായി ദിവസവും സമയവും ഉള്ളടക്കവും രേഖപ്പെടുത്തിയിട്ടുണ്ട്.

കറാച്ചിയില്‍ നിന്ന് 1947 ഓഗസ്ത് 14-ന് ജിന്ന നടത്തിയ പ്രസംഗം ഒരു പക്ഷേ ലോകം കേട്ടിരിക്കാന്‍ ഇടയില്ല. പാക്കിസ്താന്‍ എന്ന രാജ്യം നിലവില്‍ വന്നതിനു തൊട്ടുപിറകേയാണ് ജിന്ന നടത്തിയ ഈ ഐതിഹാസിക പ്രസംഗം. പണ്ഡിറ്റ് നെഹ്‌റുവിന്റെ "Tryst with destiny' എന്ന ചരിത്ര പ്രസിദ്ധ പ്രഭാഷണം മൂല്യബോധമുള്ളതും പവിത്രമായ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ആയിരുന്നു. 1947 ഓഗസ്ത് 14ന് കറാച്ചിയില്‍ മുഹമ്മദലിജിന്ന നടത്തിയ പ്രഭാഷണവും മറ്റൊരു ചരിത്രമായിരുന്നു. ലോകത്തിന്റെ കാതുകളിലേക്ക് ആ പ്രസംഗം കടന്നുവന്നു.

''പാക്കിസ്താന്‍ ഭരണ ഘടനാ നിര്‍മ്മാണ സഭയുടെ പേരിലും എന്റെ സ്വന്തം നിലയ്ക്കും ബ്രിട്ടീഷ് ചക്രവര്‍ത്തിക്കും അദ്ദേഹത്തിന്റെ ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. വലിയ ഉത്തരവാദിത്തങ്ങള്‍ മുമ്പിലുണ്ട് എന്ന് എനിക്കറിയാം. സ്വാഭാവികമായും അദ്ദേഹത്തിന്റെ വികാരങ്ങള്‍ ഞാന്‍ പങ്കുവെക്കുന്നു. അനുതാപവും പിന്തുണയും ഉറപ്പ് നല്‍കിയത് ഞങ്ങള്‍ നന്നായി ഉള്‍ക്കൊള്ളുന്നു. ഞങ്ങളുടെ സല്‍മനോഭാവവും സൗഹാര്‍ദ്ദവും എപ്പോഴും ബ്രിട്ടനും ബ്രിട്ടീഷ് സര്‍ക്കാറിന്റെ തലവനായ ചക്രവര്‍ത്തിക്കും ഉണ്ടാകുമെന്നുള്ള സന്ദേശം നിങ്ങള്‍ ദയവായി കൈമാറുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. പാക്കിസ്താന്റെ ഭാവിക്ക് വേണ്ടി നിങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്കും ശുഭാശംസകള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

പാക്കിസ്താനിലെ എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിനും സുസ്ഥിതിക്കും വേണ്ടി ഞങ്ങള്‍ നിരന്തരമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കും. പൊതുജനസേവനം എന്ന ആശയത്താല്‍ എല്ലാവരും പ്രചോദിതരാവുമെന്നും സഹകരണത്തിന്റ അന്തസ്സത്ത ഉള്‍ക്കൊള്ളുമെന്നും ഒരു മഹത്തായ രാഷ്ട്രത്തിന്റെ നിര്‍മ്മിതിക്ക് ആവശ്യമായ രാഷ്ട്രീയപരവും പൗരധര്‍മ്മാധിഷ്ഠിതവുമായ ഗുണവിശേഷങ്ങള്‍ ഓരോരുത്തരും പ്രകടിപ്പിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

ഞാന്‍ ഒരിക്കല്‍കൂടി താങ്കള്‍ക്കും ലേഡിമൗണ്ട് ബാറ്റനും നിങ്ങളുടെ അനുകമ്പയ്ക്കും ശുഭാശംസകള്‍ക്കും നന്ദി പറയുന്നു, അതെ നമ്മള്‍ സുഹൃത്തുകളായി പിരിയുകയാണ്. നമ്മള്‍ എന്നും സുഹൃത്തുക്കള്‍ തന്നെയായിരിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഗവ.ഉദ്യോഗങ്ങളിലും സായുധ സേനയിലുമുള്ളവരും മറ്റുള്ളവരും എത്രസന്തോഷത്തോടെയും തുറന്ന മനസ്സോടെയുമാണ് പാക്കിസ്താന് വേണ്ടി താല്‍ക്കാലിക സേവനം ചെയ്യാന്‍ മുന്നോട്ട് വന്നത് എന്നതിനെ ഞങ്ങള്‍ അതിയായി വിലമതിക്കുന്നു. പാക്കിസ്താന്റെ സേവകര്‍ എന്ന നിലയില്‍ അവരെ ഞങ്ങള്‍ സംതൃപ്തരാക്കുകയും ഞങ്ങളുടെ പൗരന്‍മാരോടൊപ്പം അവരെ തുല്യരായി പരിഗണിക്കുകയും ചെയ്യും.

മുസ്‌ലിമേതര വിഭാഗങ്ങളോട് മഹാനായ അക്ബര്‍ ചക്രവര്‍ത്തി കാണിച്ച സഹിഷ്ണുതയും സന്‍മനോഭാവവും ഒരു പുതിയ സംഭവമല്ല. നമ്മുടെ പ്രവാചകന്‍ ജൂതന്‍മാരോടും ക്രിസ്ത്യാനികളോടും അവരെ കീഴടക്കിയതിന് ശേഷം കാണിച്ച പതിമൂന്ന് നൂറ്റാണ്ട് മുമ്പത്തെ പെരുമാറ്റത്തെയാണ് അത് തിരിച്ചുകൊണ്ട് വരുന്നത്.

പ്രവാചകന്‍ അവരോട് ഏറ്റവും കൂടുതല്‍ സഹിഷ്ണുത പുലര്‍ത്തുകയും അവരുടെ മതത്തോടും വിശ്വാസത്തോടും പരിഗണനയും ബഹുമാനവും കാണിക്കുകയും ചെയ്തു. എവിടെ ഭരണം നടത്തിയപ്പോഴും മുസ്‌ലിംകളുടെ മുമ്പിലുള്ള ചരിത്രം ഇങ്ങനെ മാനുഷികമായ തത്വങ്ങളുടെ മഹദ്‌സംഭവങ്ങള്‍ നിറഞ്ഞതാണ്. ഈ പാത പിന്തുടര്‍ന്ന് ഞങ്ങളും അതേ പോലെ പ്രവര്‍ത്തിക്കും.

അവസാനമായി പാക്കിസ്ഥാന് വേണ്ടിയുള്ള ശുഭാശംസകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ അയല്‍ക്കാരുമായും ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുമായും എന്നും ഞങ്ങള്‍ സൗഹാര്‍ദ്ദപൂര്‍വം വര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഉപസംഹരിക്കുന്നതിന് മുമ്പായി ഞങ്ങള്‍ക്ക് ലഭിച്ച സന്‍മനസ്സിന്റേയും സുഹൃദ്ബന്ധത്തിന്റെയും ആശംസാ സന്ദേശങ്ങള്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഒന്നാമത്തേത് മഹത്തായ അമേരിക്കന്‍ രാഷ്ട്രത്തിന് വേണ്ടി പ്രസിഡണ്ട് ട്രൂമാന്റെ സന്ദേശം, രണ്ടാമത്തേത് ഈജിപ്തില്‍ നിന്ന്, മൂന്നാമത്തേത് ഫ്രാന്‍സ്, നാലാമത് സിറിയയില്‍ നിന്ന്, അഞ്ചാമത് നമ്മുടെ അയല്‍രാജ്യമായ നേപ്പാളില്‍ നിന്ന്.ഇവരുടെ സൗഹാര്‍ദ്ദപൂര്‍വ്വമായ സന്ദേശങ്ങള്‍ക്ക് നമുക്കൊന്നായി ഹൃദയംഗമമായി നന്ദി പറയാം. ഈ അസംബ്ലി അനിശ്ചിത കാലത്തേക്ക് നിറുത്തിവെച്ചതായി അറിയിച്ച്‌കൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു.

1947 ഓഗസ്റ്റ് 15-ന് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അവസാനിക്കുന്ന ദിവസമായി ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിന് അംഗീകാരം ലഭിച്ചപ്പോള്‍, ഏകദേശം ഒരുകോടി ജനങ്ങളെ അതിര്‍ത്തിയുടെ ഇരുഭാഗത്തേക്കും അഭയാര്‍ത്ഥികളായി ഓടിക്കുന്ന വിധത്തിലാണ് അവിഭക്ത ഇന്ത്യയുടെ ഭൂപടത്തില്‍ റാഡ് ക്ലിഫിന്റെ പേന അതിര് വരച്ചത്.

വിവരണാതീതമായ ദുരന്തത്തിനാണ് അത് വഴിവെച്ചത്. പഞ്ചാബില്‍ ഒഴുകിയ ചോരപുഴക്ക്, അതിര്‍ത്തി നിര്‍ണയത്തില്‍ മൗണ്ട് ബാറ്റന്‍ പ്രഭു കാണിച്ച അനാവശ്യ ധൃതി കാരണമായിട്ടുണ്ട്. സൈന്യം, രാഷ്ട്ര സമ്പത്ത്, ഔദ്യോഗിക സാധന സാമഗ്രികള്‍ തുടങ്ങിയ സ്വത്തുക്കള്‍ യഥാക്രമം 80:20 എന്ന അനുപാതത്തിലാണ് ഇന്ത്യക്കും പാക്കിസ്താനുമായി വിഭജിച്ചത്. അതിര്‍ത്തി നിര്‍ണ്ണയത്തില്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതായി ജിന്നയുടെ സഹപ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടായിരുന്നു. ആ രാജ്യത്തിന്റെ ഗവര്‍ണര്‍ ജനറലായാണ് ജിന്ന പിന്നെ തന്റെ ജന്മനാട്ടില്‍ തിരിച്ചെത്തിയത്. പാക്കിസ്ഥാന്‍ നിലവില്‍ വന്നതിന് ശേഷം ഒരു വര്‍ഷവും ഒരു മാസത്തില്‍ കുറഞ്ഞ ദിവസങ്ങളും മാത്രമേ ഖാഇദേ അഅ്‌സം ജീവിച്ചിരുന്നുള്ളൂ. 1948 സപ്തംബര്‍ 11-ന് രാത്രി 10.20ന് മുഹമ്മദലി ജിന്ന സാഹിബ് കറാച്ചിയില്‍ അന്തരിച്ചു. തന്റെ സഹോദരന്റെ ശരീരംവെള്ളതുണിയില്‍ മൂടുന്നത് കണ്ട് സഹോദരി ഫാത്തിമ ജിന്ന ബോധരഹിതയായി നിലംപതിച്ചു. 1948 സപ്തംബര്‍ 12-ന് ജിന്നയുടെ ഭൗതിക ശരീരം കറാച്ചി മണ്ണു ഏറ്റുവാങ്ങി. പിങ്ക് നിറത്തിലുള്ള മാര്‍ബിളില്‍ പണിത ജിന്ന സാഹിബിന്റെ ഖബറിടം (മസാറെഖാഇദ്) പാക്കിസ്ഥാനിലെ രാഷ്ട്രീയ തിരയിളക്കങ്ങള്‍ക്കെല്ലാം മൂകസാക്ഷിയായി തലയുയര്‍ത്തി നില്‍ക്കുന്നു.

വിഭജനത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും ആറര ദശകങ്ങള്‍ക്ക് ശേഷവും ജിന്ന വിവാദ പുരുഷനായി തുടരുകയാണ്. ജിന്നയെ വ്യക്തിപരമായി എതിര്‍ത്തവരുടെയെല്ലാം ഉദ്ദേശ്യം അദ്ദേഹത്തിന്റെ ആദര്‍ശത്തെ തകര്‍ക്കലായിരുന്നു. ''ഹിന്ദു - മുസ്‌ലിം ഐക്യത്തിന്റെ രാജദൂതനെ വര്‍ഗീയതയുടെ അപ്പോസ്തലനാക്കിയ'' പ്രചാരണങ്ങളെല്ലാം അതിന്റെ ഭാഗമാണ്. ജിന്നയെ വ്യക്തിപരമായി തേജോവധം ചെയ്യുക, അതുവഴി മുസ്‌ലിം സമുദായത്തിന്റെ ആത്മവീര്യം കെടുത്തിക്കളയുക എന്ന കുടിലതന്ത്രമാണ് ജിന്നാ വിരോധികള്‍ പ്രയോഗിച്ചുകൊണ്ടിരുന്നത്. പാര്‍സി വനിതയെ വിവാഹം ചെയ്തു, പന്നി മാംസം കഴിച്ചു, മദ്യം കഴിച്ചു എന്നിത്യാദി നുണ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ബോംബെയിലെ പാര്‍സി വിഭാഗത്തില്‍പ്പെട്ട വ്യവസായി ദിന്‍ഷെപെറ്റിറ്റിന്റെ മകള്‍ റൂത്തിയെ ഇസ്‌ലാം മതം ആശ്ലേഷിച്ച് 'മറിയം' എന്ന പേര്‍ സ്വീകരിച്ചതിന് ശേഷമാണ് ജിന്ന വിവാഹം കഴിക്കുന്നത്.

''ദീര്‍ഘകാലം യുറോപ്പിന്റെ പരിഷ്‌കൃത ജീവിത സാഹചര്യത്തില്‍ കഴിഞ്ഞിട്ടും മദ്യപാനം മുതലായ ദുശ്ശീലങ്ങളൊന്നും തീണ്ടാതെ തിരിച്ചു വന്ന ഏക ഇന്ത്യക്കാരന്‍'' എന്ന് പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതന്‍ എന്‍.വി അബ്ദുസ്സലാം മൗലവി ജിന്നയെ വിശേഷിപ്പിച്ചിട്ടുണ്ട്.

36 വര്‍ഷക്കാലം നിഴല്‍പോലെ അദ്ദേഹത്തിന്റെ കൂടെ ജീവിച്ച കാര്‍ ഡ്രൈവര്‍ പറയുന്നു: 36 കൊല്ലത്തിനിടയില്‍ ഞാനൊരിക്കലും അദ്ദേഹത്തെ മദ്യഷോപ്പിലേക്ക് കൊണ്ട്‌പോയിട്ടില്ല എന്ന്. പിന്നെ എവിടെ നിന്നാണ് ഈ കള്ളുകുടി കഥ വീണ് കിട്ടിയത്.

ഇന്ത്യാ വിഭജനത്തിന് ജിന്ന മാത്രമാണ് ഉത്തരവാദി എന്ന ധാരണ തിരുത്തിക്കുറിക്കുന്നതാണ് ചരിത്ര വസ്തുതകള്‍. വിഭജനം ജിന്നയുടെ ചുമലില്‍ മാത്രം കെട്ടിവെക്കുന്ന പ്രചാരണങ്ങള്‍ തികച്ചും ദുരുദ്ദേശ്യപരമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ജിന്നയെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന് ചരിത്രത്തിന്റെ ഉള്ളറകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. വിഭജനത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായി ജിന്നയില്‍ കെട്ടി വെക്കുമ്പോള്‍ തിരശ്ശീലക്കുപിന്നില്‍ കളിച്ചവര്‍ക്കു കൈകഴുകി രക്ഷപ്പെടാനെളുപ്പമാണ്. ജിന്നയെ പ്രതിനായകനായി അവതരിപ്പിക്കുക വഴി മുസ്‌ലിംകളെയും പ്രതിനായകസ്ഥാനത്ത് പ്രതിഷ്ഠിക്കുക എളുപ്പമാണെന്ന് അവര്‍ കണ്ടു. അങ്ങനെ ജിന്നയുടെ പ്രതിനായക പരിവേഷം ഇന്ത്യന്‍ മനസ്സില്‍ സ്ഥിരപ്പെട്ടു. പതിറ്റാണ്ടുകളായി വേരുറച്ചുപോയ ഈ ധാരണ ഏറെ കാലം ചോദ്യം ചെയ്യപ്പെടാതെ തുടര്‍ന്നു.

വിഭജനം ജിന്നയുടെ തലയില്‍ ഉദിച്ച ആശയമായിരുന്നില്ല എന്നും ജിന്നയേക്കാളേറെ മറ്റുപലരുമാണ് അതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് എന്നും ചരിത്ര രേഖകള്‍ സംസാരിച്ചിട്ടും ആ സത്യം വിളിച്ച് പറയാന്‍ അധികമാരും ധൈര്യപ്പെട്ടില്ല. അതുകൊണ്ടാണല്ലോ മൗലാന അബുല്‍കലാം ആസാദ് തന്റെ ആത്മകഥയുടെ 30 പേജുകള്‍ തന്റെ മരണശേഷം മൂന്ന് ദശകം കഴിഞ്ഞേ പ്രസിദ്ധപ്പെടുത്താവൂ എന്ന നിര്‍ദേശത്തോടെ കല്‍ക്കത്തയിലെ ദേശീയ ലൈബ്രറിയിലും ഡല്‍ഹിയിലെ നാഷണല്‍ ആര്‍കേവ്‌സിലും മുദ്രവെച്ച് സൂക്ഷിച്ചത്. വിഭജനത്തിന്റെ മുറിവുകളെല്ലാം ഉണങ്ങി കഴിഞ്ഞ ശേഷമെങ്കിലും ആ കയ്‌പേറിയ സത്യങ്ങള്‍ ലോകം മനസ്സിലാക്കണമെന്ന് ധീര ദേശാഭിമാനിയായ ആ പണ്ഡിതന്‍ ആഗ്രഹിച്ചു.

വിഭജനത്തിന്റെ പാപഭാരം ഏതു ചുമലുകള്‍ താങ്ങിയാലും ശരി അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരുന്നു. ലോകത്തിലെ വന്‍ശക്തികളിലൊന്നായി മാറുമായിരുന്ന ഇന്ത്യ മൂന്നായി വിഭജിക്കപ്പെട്ടതായിരുന്നു പ്രധാന നഷ്ടം. ഒരിക്കലും ഉണങ്ങാത്ത മുറിവാണ് വിഭജനം ഉണ്ടാക്കിയത്. ഹിന്ദുക്കളുടേതെന്നോ മുസ്‌ലിംകളുടേതെന്നോ സിക്കുകാരന്റെതെന്നോ നിറംകൊണ്ട് തിരിച്ചറിയാന്‍ ആകാത്തവിധം ചോരപ്പുഴ ഒഴുകി. വിഭജനം ഭൂമിശാസ്ത്രത്തേക്കാള്‍ മനസ്സുകളെയാണ് മുറിവേല്‍പ്പിച്ചത്. അകന്ന മനസ്സുകളെ കൂട്ടിയിണക്കുകയാണ് മാനവരാശിയുടെ ആവശ്യം. അതിന് ഗാന്ധി-ജിന്ന- നെഹ്‌റു സൗഹൃദ സ്മരണകള്‍ വീര്യം പകരും.

No comments:

Post a Comment