ഭാഗം ഒന്ന്
മനസ്സിന്റെ നോട്പാഡില്‍ കുറിച്ചിട്ട ബിസി ഷെഡ്യൂളുകള്‍ ഓര്‍ത്തു കൊണ്ടാണ് വിമാനതാവളത്തിലേക്ക് യാത്ര തിരിച്ചത്...കമ്പനി അനുവദിച്ച വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ഇരുപത്തി രണ്ടു നാളത്തെ അവധി ആഘോഷിക്കാന്‍ സ്വന്തം നാട്ടിന്റെ അതിഥി ആവേണ്ടി വരുന്ന അനവധി പ്രവാസികളില്‍ ഒരുവന്‍..കൂടെ വന്ന കമ്പനിയുടെ ഡ്രൈവര്‍ ട്രോളി ഉരുട്ടി കൊണ്ട് വന്നു ലഗേജു എടുത്തു അതില്‍ വെച്ച് തന്നു യാത്ര പറയുമ്പോള്‍ തിരിച്ചു വരുമ്പോള്‍ എന്നെ വിളിക്കണേ എന്നോര്മിപ്പിച്ചാണ് പോയത്.
അതെ, തിരിച്ചു വരണം,എന്ന് മനസ്സിനെ ബോധ്യപ്പെടുത്തി വീണ്ടും അവധിയുടെ ആഹ്ലാദ തിലേക്കു ഒരു മടക്ക യാത്ര...അതീവ സുന്ദരികള്‍ എന്ന ഭാവേന മുഖത്തും ചുണ്ടിലും കൃത്രിമം കലര്‍ത്തി വെച്ച റെഡി മെയ്ഡ് ചിരിയുടെ പ്രായോജകര്‍ എന്നെ ഒട്ടും ആകര്‍ഷിച്ചില്ല..പഞ്ഞിക്കെട്ടു കളെ വകഞ്ഞു മാറ്റി മുന്നോട്ടു കുതിക്കുന്ന വിമാനതെക്കാള്‍ വേഗം എന്റെ മനസ്സ് കസ്റ്റംസ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു...
എമിഗ്രേഷന്‍ പരിശോധനനക്ക് വരിയില്‍ നിന്നപ്പോള്‍ കേരളത്തിന്റെ തനതു സൌന്ദര്യം കൃത്രിമം ഏതുമില്ലാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് വെറുതെ സന്തോഷിച്ചു..അപ്പോഴാണ് അടുത്ത ചോദ്യം...
നാട്ടിലെവിടെയ?
ഈ സൌന്ദര്യ ധാമത്തിന്റെ ചോദ്യത്തിന് മറുപടി അമേരിക്ക എന്ന് പറഞ്ഞാലോ എന്ന് വരെ ആലോചിച്ചു പോയി...പിന്നെ നിയമവും വ്യവസ്ഥയും ആലോചിച്ചു പോയത് കൊണ്ടും ചുരുക്കം നാളത്തെ അവധിക്കു വന്ന അതിഥി എന്നാ ഓര്‍മ്മപ്പെടുത്തലും എന്നെ പിന്‍വലിയാന്‍ പ്രേരിപ്പിച്ചു..
നാടും വീടും വീട്ടിലെ ഫോണ്‍ നമ്പര്‍ അടക്കം കുറിച്ച് വാങ്ങിയ കടലാസ് കയ്യില്‍ ഉണ്ടായിട്ടും ഇവളുടെ ഒരു കുനുഷ്ട ചോദ്യം...സാരമില്ല...ഇപ്പോള്‍ പന്ത് അവളുടെ കാലില്‍ അല്ലെ....ദേഷ്യത്തില്‍ മുക്കി എടുത്ത ഒരു കമന്റ് പറയണം എന്ന് തോന്നി...മറ്റൊന്നും അല്ല...അവള്‍ ഒരു സുന്ദരി ആയിരുന്നല്ലോ..... ദൈവത്തിന്റെ നാടിന്റെ തനതു സൌന്ദര്യം...
കസ്റ്റംസുകാരന്‍ ഒന്നും കിട്ടാത്തതിന്റെ ദേഷ്യം മുഖത്ത് കൊത്തി വെച്ചിട്ടുണ്ട്....കേരളത്തോട് ആദ്യമായി മനസ്സ് തുറന്നു ഒന്ന് ചിരിക്കാം എന്ന് വെച്ചാണ് പുറത്തിറങ്ങുമ്പോള്‍ ആദ്യത്തെ ചിരി ഇയാള്ക്കിരിക്കട്ടെ എന്ന് വെച്ച് കൊണ്ട് നല്ലൊരു അസ്സല്‍ ചിരി പാസ്സാക്കിയത്....ആവണക്കെണ്ണ കുടിച്ച പരുവത്തില്‍ ഉള്ള അയാളുടെ നോട്ടത്തില്‍ പുച്ഛത്തിന്റെ കൈലേസ് എടുത്തു തുടച്ചു വൃത്തിയാക്കി പുറത്തേക്കിറങ്ങി....
അപരിചിതമായ നിരവധി മുഖങ്ങള്‍ക്കിടയില്‍ നിന്നും അവനെ തപ്പി എടുക്കാന്‍ കുറെ പാട് പെട്ടു .
യാത്രയില്‍ മുഴുവന്‍ അവനു മാത്രം സംസാരിക്കാനുള്ള അവസരം ഞാന്‍ കൊടുത്തു കൊണ്ടേ ഇരുന്നു....ഡ്രൈവര്‍ എന്നതിലുപരി കഠിനാധ്വാനി ആയ അവന്‍ ഗള്‍ഫുകാരെ പരിഹസിക്കും....ഇവിടെ ബംഗാളികളും ബീഹാരുകാരനും നാല് കാശുണ്ടാക്കി പോകുമ്പോ നിങ്ങളെ പോലെയുള്ളവര്‍ അങ്ങ് മരുഭൂമിയില്‍ എല്ലാം ഉപേക്ഷിച്ചു സമ്പാദിക്കുന്നു.....
ഒരു വര്‍ഷത്തെ ഇടവേള യില്‍ നാട്ടിലെ മരണപ്പെട്ടു പോയവരുടെ ഒരു ലിസ്റ്റ് തന്നെ ഉണ്ടായിരുന്നു അവന്റെ കയ്യില്‍...ഓരോരുത്തരെ ആയി അവന്‍ എണ്ണി പറയാന്‍ തുടങ്ങി...എന്നാല്‍ എന്റെ ശാരദ ഏടത്തി അവന്റെ ലിസ്റ്റില്‍ ഇല്ലായിരുന്നു...ഉണ്ടാവില്ല... അല്ലെങ്കിലും കിലോ മീറ്ററുകള്‍ ക്കപ്പുറം എന്നെയും എന്റെ കുടുംബത്തെയും സ്വന്തം ഹൃദയത്തില്‍ വേറിട്ട സ്ഥാനം നല്‍കി സ്നേഹിച്ചു കൊതി തീരുന്നതിനു മുമ്പേ വിട പറഞ്ഞു പോയ ശാരദ ഏടത്തി യെ മറ്റാര്‍ക്കും അറിയാനുള്ള മനസ്സുണ്ടായിരുന്നില്ല എന്നു കൂടി
പറയാം..
...
ഭാഗം രണ്ടു.
ഡിഗ്രി ബാച്ചിലെ ആദ്യത്തെ ദിനം...അപരിചിതരും പരിചിതരും ഒക്കെ ആയി പുതിയ ഒരു ലോകം....ചിലര്‍ പരിചയപ്പെട്ടു വരുന്നു...സുരേന്ദ്രനും രാജുവും ഷമീരും സലീമും ഒക്കെ അറിയാതെ ബെസ്റ്റ് ഫ്രെണ്ട് പട്ടികയിലേക്ക് കയറി വന്നു...നാളുകള്‍ നീങ്ങി കൊണ്ടിരിക്കുന്നു....എന്തിനും ഏതിനും സംശയം ചോദിക്കുക,കാര്യങ്ങള്‍ വെട്ടി തുറന്നു പറയുക,അധ്യാപകരോട് പോലും അടുത്ത് പെരുമാറുക എന്നതൊക്കെ കൊണ്ടാവാം എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കൂടെയുളവര്‍ എന്നെ ചുമതലപ്പെടുത്തുക എന്നത് പതിവായി ....ഒരു ദിവസം ക്ലാര്‍ക്ക് രവിയേട്ടന്‍ വന്നു ബസ്സ് പാസ്സിനുള്ള ഫോട്ടോയും അപേക്ഷാ ഫോറവും ശേഖരിക്കാന്‍ എന്നെ ഏല്പിച്ചു...ഫോട്ടോകള്‍ ശേഖരിക്കുന്നതിനിടയില്‍ സുന്ദരികളുടെ ഫോടോ കയ്യില്‍ കിട്ടുമ്പോള്‍ വെറുതെ ഒന്നാസ്വദിച്ചു നോക്കി....ചില സുന്ദരികള്‍ വഴക്ക് പറഞ്ഞു....ചിലര്‍ ചിരിച്ചു...ചിലര്‍ മന്ദഹസിച്ചു....
മെലിഞ്ഞു വികൃതമായ ഒരു രൂപം....വെറുതെ വെളുപ്പ് നിറം കലര്‍ത്തിയ മുഖം ...ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം എന്ന കണക്കെ അവള്‍ ...മനസ്സില്‍ കൊളുത്തി വലിച്ചു കൊണ്ടിരുന്ന രൂപം....ഒട്ടിയ കവിളുകള്‍,ദാരിദ്രയ്മോ വിശപ്പോ എന്തോ ഒന്ന് കഠിനമായി തലോടുന്നുണ്ട് എന്നെനിക്കു ബോധ്യപ്പെട്ടു......എന്നിരുന്നാ ലും ഫോട്ടോ കയ്യില്‍ തരുമ്പോള്‍ ഒരു നിശ്ചയ ധാര്ട്യം നിഴലിക്കുന്നുണ്ടായിരുന്നു അവളുടെ മുഖത്ത്....ആ ഫോട്ടോ പല തവണ ഞാന്‍ നോക്കുന്നത് കണ്ടിട്ടാവാം അവള്‍ സ്നേഹത്തിന്റെ ദയവുള്ള ഒരു നോട്ടം എന്നിലേക്ക് തൊടുത്തു വിട്ടു...
പേര് ...
അച്ഛന്റെ പേര്...
അമ്മയുടെ പേര് ...
ജനന തിയ്യതി എവിടെ നിന്ന് വരുന്നു ...
എല്ലാം അപേക്ഷാ ഫോറത്തില്‍ കണിശതയോടെ ചേര്‍ത്ത് വെച്ചിരിക്കുന്നു.....
ബിന്ദു എന്ന അവളുടെ പേര് ഒരു വലിയ ഭീമാകാരമായ ഒരു ബിന്ദുവായി മനസ്സില്‍ ശേഷിച്ചു....വീട്ടില്‍ എത്തിയപ്പോഴും അവളുടെ ആ മെലിഞ്ഞുണങ്ങിയ രൂപം എന്റെ മുന്നിലൂടെ യാത്ര ചെയ്തു കൊണ്ടേ ഇരുന്നു...
അവളുടെ സഹയാത്രിക ആയിരുന്നു അനിത...അനിതയോട് ബിന്ദു എന്ന അവള്‍ എന്ത് കൊണ്ട് ഇങ്ങിനെ എന്ന് ചോദിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്..ക്ലാസ്സില്‍ വരുന്ന ദിവസങ്ങളില്‍ ഒക്കെയും ഒരു ചുരിദാര്‍ മാത്രം ....അതും പിങ്ക് നിറത്തില്‍ ഒരേയൊരെണ്ണം...കെട്ടി വെക്കലുകള്‍ ഇല്ലാത്ത ഒരു നിഴല്‍ പോലെ ആയതു കൊണ്ടാവാം അവളെ കൂടുതല്‍ അറിയണം എന്നാഗ്രഹിച്ചു പോയത്....
അനിതയോടുള്ള എന്റെ ചോദ്യം അസ്ഥാനത്തായില്ല....അനിതയുടെ അയല്‍വാസിയും കളിക്കൂട്ടുകാരിയും ആണ് ബിന്ദു....നായര്‍ കുടുംബം...ക്ഷയിച്ചു പോയ തറവാടിന്റെ ഇങ്ങേ അറ്റത്തെ കണ്ണി...മൂന്നു പെണ്‍കുട്ടികള്‍ ഉള്ള ദരിദ്ര കുടുംബം...അമ്മ മാനസിക രോഗിയാണ്.....തനിക്കു ഒരു സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ ഈ പ്രയാസങ്ങള്‍ക്ക് കുറെ ഒക്കെ അറുതി വരുമായിരുന്നു എന്ന് ബിന്ദു വെറുതെ ആഗ്രഹിച്ചു പോകുമായിരുന്നു.....
അച്ഛന്‍ ഹൈദരാബാദിലെ ക്ക് കച്ചവടാവശ്യാര്‍ത്ഥം പോയതാണ്....വര്‍ഷങ്ങള്‍ നാല് കഴിഞ്ഞു ...വിളിയോ തിരിച്ചു വരവോ ഒന്നും ഇല്ല....അമ്മ മാനസിക രോഗി ആയതു കൊണ്ടാവാം അച്ഛന്‍ അവിടെ വേറെ ഒരു കല്യാണം കഴിച്ചു...
മൂത്ത മകള്‍ എന്ന നിലക്ക് ഭാരിച്ച ഉത്തരവാദിത്തം തലയില്‍ കേറ്റി വെച്ച് അതിനിടയിലും പഠിച്ചു ഒരു ജോലി വാങ്ങണം എന്നാഗ്രഹിക്കുന്ന ഒരു പാവം പെണ്ണ്....തന്റെ താഴെ ഉള്ള രണ്ടു അനിയത്തി കുഞ്ഞുങ്ങളെ അമ്മയുടെ ചിറകുകള്‍ അറിയാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ സ്വയം അമ്മയുടെ ചിറകുകള്‍ തീര്‍ത്തു അതിനടിയില്‍ സംരക്ഷണ വലയം രൂപപ്പെടുത്തി അമ്മ ചമഞ്ഞു കാത്തു സൂക്ഷിക്കുന്നവള്‍.....
അനിതയുടെ വിശദീകരണം എന്നെ യും സുഹൃത്തുക്കളെയും ബിന്ദുവിന്റെ വീട് വരെ എത്തിച്ചു.....പതിനഞ്ചു കിലോ മീറ്റര്‍ യാത്ര ചെയ്തു വേണം അവളുടെ വീട്ടിലെത്താന്‍....സുരേന്ദ്രനു ം രാജുവും ഞാനും അമിതമായ ആവേശത്തോടെ അല്ലെങ്കില്‍ അവളെ കൂടുതല്‍ അറിയണം എന്ന അതിയായ ആഗ്രഹത്തോടെ അങ്ങോട്ട് യാത്ര തിരിക്കാന്‍ പ്രേരിപ്പിച്ചു...
ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ അമ്മയെ പറ്റി ബിന്ദു നേരത്തെ തന്ന ചിത്രം മനസ്സിനെ ഓര്‍മിപ്പിച്ചു കൊണ്ടേ ഇരുന്നു,..
ചിലപ്പോള്‍ എന്തെങ്കിലും ഒക്കെ പറയും....വിഷമം തോന്നരുത്....
അമ്മയല്ലേ...പറയട്ടെ എന്നായി ഞങ്ങളും.....
മണ്ണിന്റെ തിട്ടകള്‍ കൊണ്ട് ഉറപ്പിച്ചു വെച്ച പടവുകള്‍ ചവിട്ടി കയറുമ്പോള്‍ ഒറ്റ നില ഓടു മേഞ്ഞ വീടിന്റെ കോലായില്‍ അമ്മ ഇരിക്കുന്നുണ്ടായിരുന്നു....
തുടുത്ത കവിള്‍ ....തടിച്ച ശരീരം ....വാരി വലിച്ചു ചുറ്റിയ സാരി...അന്‍പതിനടുത്ത് പ്രായം കാണും
ഞങ്ങളെ കണ്ടതും എഴുന്നേറ്റു നിന്ന് സ്വീകരിച്ചു....
മക്കള് കേറി ഇരിക്ക്....
ഈ അമ്മക്കാണോ മാനസിക രോഗം ഉണ്ടെന്നു പറഞ്ഞത് എന്ന് ഞാന്‍ ആശ്ചര്യം കൊണ്ടു ....ഓടി കിതച്ചു കൊണ്ട് പാദസരം കുലുക്കി ഒരു കുട്ടി ക്കാന്താരി ഞങ്ങളുടെ അടുത്ത് വന്നു നാണിച്ചു നിന്നു ....ഒന്‍പതു പത്തു വയസ്സ് കാണും.....ഏറ്റവും ഇളയവള്‍ ആണെന്ന് ബിന്ദു പരിചയപ്പെടുത്തി തന്നു...
ഞാന്‍ അവളെ അരികിലേക്ക് വിളിച്ചപ്പോള്‍ ബിന്ദു ഒരു സൂചന തന്നു
അധികം അടുപ്പിക്കണ്ട.....ഭയങ്കര സാധനാ.....അടുത്താല്‍ പിന്ന കിന്നാരം ചോദിച്ചു കൊണ്ടേ ഇരിക്കും....
എനിക്കും അങ്ങിനത്തെ കുട്ടികളെയാണ് ഇഷ്ടം എന്ന് പറഞ്ഞു അവളെ ഞങ്ങളുടെ അടുത്തിരുത്തി...
എന്തോ ഒരു നിധി കിട്ടിയ കണക്കെ സുരേന്ദ്രന്‍ കൊടുത്ത മിട്ടായി നെഞ്ചോടു ചേര്‍ത്ത് പിടിച്ചു അവള്‍ എന്തൊക്കെയോ ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു....
അപ്പോഴും എന്റെ മനസ്സ് ശാരദ എട്ടതിയിലെക്കായിരുന്നു ....ഞാന്‍ പറയാന്‍ മറന്നു.....ബിന്ദുവിന്റെ അമ്മയുടെ പേര് അതായിരുന്നു....അമ്മ എന്ന് വിളിക്കണോ ശാരദ ഏട്ടത്തി എന്ന് വിളിക്കണോ എന്നറിയാതെ കുഴഞ്ഞപ്പോള്‍ ബിന്ദു സൂചിപ്പിച്ചു....
ശാരദ ഏട്ടത്തി എന്ന് വിളിച്ചാ മതി
അവളുടെ അമ്മയെ ഞങ്ങള്‍ അങ്ങിനെ വിളിക്കുന്നതില്‍ അവള്‍ക്കിഷ്ടമില്ല എന്നത് കൊണ്ടാവാം എന്ന് വെറുതെ വിചാരിച്ചു പോയി ....
ഗുളികയും മരുന്നും അമിതമായി കഴിച്ചത് കൊണ്ടാവാം അവരുടെ കൈകള്‍ തരിച്ച പോലെയുണ്ട്....ഉറക്കം തെളിയാത്ത പോലെ ഉള്ള മുഖ ഭാവവും....തരിച്ചിരിക്കുന്ന അമ്മക്ക് ബിന്ദു ഞങ്ങളെ വിശാലമായി തന്നെ പരിചയപ്പെടുത്തി കൊടുത്തു......
അച്ഛനെ പറ്റി ചോദിക്കണം എന്ന് ആഗ്രഹിച്ചു ചോദിക്കാന്‍ മുതിരുമ്പോള്‍ സുരേന്ദ്രന്‍ ആണ് തടഞ്ഞത്.......
രണ്ടാമത്തെ മകള്‍ വീട്ടിലേക്കു കയറി വന്നു....അങ്ങാടിയില്‍നിന്ന് വീട്ടിലേക്കുള്ള അത്യാവശ്യ സാദനങ്ങള്‍ വാങ്ങിക്കാന്‍ പോയതാണ്....പതിനെട്ടു .വയസ്സ് പ്രായം കാണും....പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്നു ....ബിന്ദു വിനെക്കാള്‍ സുന്ദരി ആണ്....
പാലൊഴിച്ച ചായയും മധുര പലഹാരങ്ങള്‍ ഒക്കെ ആയി ആദ്യത്തെ ചായ സല്‍ക്കാരം കഴിഞ്ഞു.....പൊതുവേ മധുര പ്രിയനായ സുരേന്ദ്രന്‍ ശര്‍ക്കര ഉപ്പേരി കയ്യില്‍ എടുത്തു പിടിച്ചു കൊറിച്ചു കൊണ്ടേ ഇരുന്നു....
ബിന്ദു അടുത്ത് വന്നപ്പോള്‍ അമ്മയെ പറ്റി ചോദിച്ചു....
അമ്മക്ക് ഇപ്പൊ പ്രശ്നം ഒന്നും ഇല്ലല്ലോ....
മരുന്ന് മുടങ്ങാതെ കഴിക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ നോര്‍മല്‍ ആയി ഇരി ക്കുന്നത്...അല്ലെങ്കില്‍ നിലവിളിയും കരച്ചിലും ഒക്കെ കൂടി ബഹളം ആയിരിക്കും.....
ശാരദ ഏട്ടത്തി ഞങ്ങളുടെ അടുത്ത് വന്നിരുന്ന്‍ ഓരോ കുശലങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു...വിശാലമായി ഓരോരുത്തരെയും പരിചയപ്പെടുന്നതിനിടയില്‍ ഒരു ആണ്‍ കുട്ടി എനിക്കില്ലാതായി പോയല്ലോ എന്നവര്‍ വേവലാതി കൊണ്ടേ ഇരുന്നു....
അവിടെ നിന്നും യാത്ര പറയുമ്പോള്‍ ശാരദ ഏട്ടത്തി എന്റെ അമ്മയും അവിടെയുള്ള മൂന്നു മക്കളും എന്റെ ആരെല്ലാമോ ആയി മാറി എന്നറിഞ്ഞപ്പോള്‍ മടക്ക യാത്ര എന്നെ വല്ലാതെ വേദനിപ്പിച്ചു.....
ക്ലാസ്സില്‍ എനിക്ക് ഒരു കുഞ്ഞനിയത്തി കണക്കെ അവള്‍ രൂപം പ്രാപിച്ചിരുന്നു....അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കാന്‍ പാകത്തില്‍ അവള്‍ക്കു വേണ്ടി ഒരു സൌഹൃദ വലയം തീര്‍ക്കുവാന്‍ ഉള്ള സുരേന്ദ്രന്റെ ശ്രമം വിജയം കണ്ടു....അവള്‍ക്കും ഞങ്ങള്‍ തീര്‍ത്ത വലയം ഒരു തണലായി അനുഭവപ്പെടുന്നുന്ടെന്നു അവളുടെ പെരുമാറ്റത്തിലൂടെ മനസ്സിലാവാന്‍ തുടങ്ങി
അന്ന് അവള്‍ ക്ലാസ്സില്‍ വന്നില്ല എന്നറിഞ്ഞപ്പോള്‍ സുരേന്ദ്രന്‍ ആണ് എന്നോട് വന്നു പറഞ്ഞത്....
ബിന്ദു ക്ലാസ്സില്‍ വന്നിട്ടില്ല .........
അവളുടെ കൂട്ടുകാരി അനിതയെ കണ്ടു കാര്യം തിരക്കിയപ്പോള്‍ ആണ് വിവരം അറിഞ്ഞത്.....
ബിന്ദുവിന്റെ നേരെ അനിയത്തി ഒരു സ്വര്‍ണ പണിക്കാരന്റെ കൂടെ ഒളിച്ചോടി പോയിരിക്കുന്നു....
വല്ലാത്ത ഞെട്ട ലോട് കൂടി ആണെങ്കിലും ഒരല്പം ഞാന്‍ ആശ്വസിച്ചതു അവന്‍ നല്ല പയ്യന്‍ ആണെങ്കില്‍ ഈ അവസ്ഥയില്‍ അവള്‍ ചെയ്തത് ശരി തന്നെ എന്നായിരുന്നു.....
വീണ്ടും അവളുടെ വീട്ടിലേക്കു ഒരു യാത്ര വേണ്ടി വരും എന്ന് വിചാരിച്ചതല്ല....എങ്കിലും പോകണം എന്ന് മനസ്സ് വല്ലാതെ പറഞ്ഞപ്പോള്‍ സുരേന്ദ്രനും ഞാനും അങ്ങോട്ട് യാത്ര തിരിച്ചു....
മരണ വീട് കണക്കെ മൂകമായ അവിടെ കയറി ചെല്ലുമ്പോള്‍ ശാരദ ഏട്ടത്തി എന്റെ കൈ മുറുകെ പിടിച്ചു കരഞ്ഞു നിലവിളിക്കാന്‍ തുടങ്ങി
അമ്മ എന്താ ഈ കളിക്കുന്നേ എന്ന് ചോദിച്ചു ബിന്ദു തടയാന്‍ വന്നു
നിങ്ങള് ഇരിക്ക് എന്ന് പറഞ്ഞു ബിന്ദു പുല്‍ പായ എടുത്തു തിണ്ണയില്‍ ഇട്ടു തന്നു
നായര്‍ കുടുംബത്തിനു തട്ടാന്‍ ചെക്കന്റെ കൂടെ പോയ പെണ്ണ് അപമാനം വരുത്തി വെച്ചു എന്ന് കൂടി ബിന്ദു പറഞ്ഞു വെച്ചപ്പോള്‍ ഞാന്‍ തടയാന്‍ ശ്രമിച്ചു...
അല്ലെങ്കിലും ഇക്കാലത്ത് സമുദായത്തിന്റെ നിഴലില്‍ ജീവിക്കുക എന്നതിലുപരി മറ്റെന്തു നേട്ടം....അവള്‍ നല്ല വഴി തിരഞ്ഞെടുത്തത് ആവാം ....രക്ഷപ്പെട്ടു എന്ന് മാത്രം കരുതുക...അല്ലെങ്കിലം ഭാരം മുഴുവന്‍ വലിച്ചു നടക്കുന്ന നിനക്ക് ഇതൊരു ആശ്വാസം ആവുകയല്ലേ ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ ശാരദ ഏട്ടത്തി യും ബിന്ദുവും മിണ്ടാതെ ഇരുന്നു കേള്‍ക്കുന്നുണ്ടായിരുന്നു.... കണീര്‍ ഒലി പ്പിച്ചു കൊണ്ട് ഇരിക്കുന്ന ശാരദ എട്ടതിയും ദേഷ്യം പിടിച്ചു എല്ലാറ്റിനെയും വെറുത്തു കൊണ്ട് സംസാരിക്കുന്ന ബിന്ദുവും ഞങ്ങളുടെ ആശ്വാസ വാക്കുകള്‍ ആഗ്രഹിച്ച പോലെ ആയിരുന്നു...
ഞങ്ങള്‍ ഒന്ന് അവളെ പോയി കാണട്ടെ .....ഞാന്‍ ചോദിച്ചു
വേണ്ട....എന്തിനു....എനിക്ക് ഇനി അങ്ങിനെ ഒരു അനിയത്തി ഇല്ല...
അത് വെറുതെ ....അവള്‍ നമ്മുടെ അനിയത്തി ആണ്....അത് കൊണ്ട് ഞങ്ങള്‍ ഒന്ന് അന്വേഷിക്കാം എന്ന് പറഞ്ഞു യാത്ര ആകുമ്പോള്‍ ശാരദ ഏട്ടത്തി പറഞ്ഞു
മോള്‍ക്ക് അവിടെ സുഖാണോ എന്നറിഞ്ഞാല്‍ മതി ....എന്നാലും എന്നോടിത് വേണ്ടായിരുന്നു എന്ന് നീ പറയണം
അമ്മ അവള്‍ക്കു മാപ്പ് കൊടുത്തിരിക്കുന്നു എന്ന് ഞാന്‍ ഒന്ന് അവളോട് പറഞ്ഞോട്ടെ എന്ന് ചോദിച്ചപ്പോള്‍ ശാരദ ഏട്ടത്തി കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി.....
ഭാഗം മൂന്ന്
അവിടെ കയറി ചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ അവന്‍ ഉണ്ടായിരുന്നില്ല....പ്രായം ചെന്ന അവന്റെ അച്ഛന്‍ ആണ് ഞങ്ങളെ വരവേറ്റത്....ഞങ്ങളുടെ ശബ്ദം കേട്ടിട്ടാവം അവള്‍ ഓടി വന്നു....
ഞങ്ങളുടെ രണ്ടാളുടെയും കാലില്‍ നമസ്കരിച്ചു കൊണ്ട് അവള്‍ ചോദിച്ചു
ഇതെങ്ങിനെ ഈ സ്ഥലം കണ്ടു പിടിച്ചു...?
നിന്റെ സ്വന്തം വീട് വരെ എത്തിയെങ്കില്‍ ഇതൊരു പ്രശ്നമാണോ എന്ന് ഞാനും ചോദിച്ചു....
നിനക്ക് ഇവിടെ സുഖാണോ എന്ന് ചോദിച്ച പ്പോള്‍ അവള്‍ അതെ എന്ന് മറുപടി തന്നു.....
അവളുടെ വീട്ടില്‍ പോയ കാര്യം പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു...അമ്മ ഏല്‍പ്പിച്ച കാര്യങ്ങള്‍ എന്ന നിലക്ക് സുരേന്ദ്രന്‍ അവളോട് ചെക്കനേയും കൂട്ടി വീട്ടില്‍ പോകണം എന്ന് ആവശ്യപ്പെട്ടു....
കസേരയില്‍ ഇരിക്കുന്ന ചെക്കന്റെ അച്ഛന്‍ ചോദിച്ചു...
ഓല് നായമ്മാരല്ലേ ....ആയിന്ടൊരു ബെറുപ്പു ഞാളോട് ണ്ട്
അതൊന്നും ഇനി സാരമില്ല....ഏതായാലും അവര്‍ അവരുടെ വഴി കണ്ടല്ലോ....ഇനി അവിടെ വരെ ഒന്ന് പോകാന്‍ നിങ്ങള് പറയണം എന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ മൌനാനുവാദം തന്നു.....
അവള്‍ ഒരേ ഒരു ആവശ്യം മുന്നോട്ടു വെച്ചത് അവള്‍ അവിടെ വരുമ്പോള്‍ ഞങ്ങളും കൂടി അവിടെ വേണം എന്നതായിരുന്നു ...
വികാരപരമായ ഒരു കൂടി ചേരലിന് സാക്ഷ്യം വഹിക്കുമ്പോള്‍ മനസ്സ് വല്ലാതെ ആനന്ദിച്ചു.....അവളും ചെക്കനും ഞങ്ങളും എല്ലാം കൂടി ശാരദ ഏട്ടത്തിയുടെ തണലില്‍ എന്നാ പോലെ ഒരു സ്നേഹ വീട് പുനര്‍ നിര്‍മിച്ചു യാത്രയാകുമ്പോള്‍ മനസ്സില്‍ കുളിര്‍മഴ പെയ്ത അനുഭൂതി ആയിരുന്നു.....
നാളുകള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.....ബിന്ദു വും അനിതയും ഞാനും സലീമും രാജുവും സുരേന്ദ്രനും അടങ്ങുന്ന നല്ലൊരു സൌഹൃദ വലയം ഞങ്ങളുടെ ഇടയില്‍ ശക്തിപ്പെട്ടു വന്നു....അതിനിടക്കാണ് അവസാന വര്ഷം വരെ എത്തിയ വിവരവും വേര്‍പിരിയാന്‍ നാളുകള്‍ അടുത്ത് വരുന്നു എന്ന അറിവും എന്തെല്ലാമോ നഷ്ടപ്പെടാന്‍ പോകുന്നു എന്നുള്ള യാതാര്ത്യങ്ങളിലേക്ക് യാത്ര തിരിച്ചത്...
അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ ഉടനെ എന്നെ പ്രവാസത്തിലേക്ക് പറഞ്ഞയക്കാന്‍ ഞാന്‍ പോലും അറിയാതെ വീട്ടില്‍ എടുത്ത തീരുമാനം എനിക്കും അനുസരിക്കേണ്ടി വന്നു....മാത്രമല്ല....ഗള്‍ഫില്‍ പോയി തിരിച്ചു വരുന്നവന്റെ പത്രാസും നടപ്പും എന്നെയും വല്ലാതെ ആകര്‍ഷിച്ചിരുന്നു ...
ഒരു പ്രവാസി ആയെങ്കിലും ഞങ്ങള്‍ ഒക്കെയും പഴയ ബന്ധങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു....അന്ന് കത്ത് എഴുത്തുകളുടെ കാലമായിരുന്നു....പരസ്പരം കത്തുകള്‍ അയച്ചു ഞങ്ങളുടെ സൌഹൃദം കോട്ടം വരാതെ സൂക്ഷിക്കുന്നതില്‍ പ്രത്യേക കണിശത പുലര്‍ത്തിയിരുന്നു.....
ഒരു ദിവസം രണ്ടു കത്തുകള്‍ ഒരുമിച്ചാണ് എന്റെ കയ്യില്‍ കിട്ടിയത് ....ഒന്ന് ഫ്രം അഡ്രസ്സില്‍ സുരേന്ദ്രനും...മറ്റൊന്ന് ബിന്ദുവും ആണ്....കല്യാണ കത്താണ് രണ്ടും...വധൂ വരന്മാര്‍ സുരേന്ദ്രനും ബിന്ദുവും........ആഹ്ലാദം കൊണ്ട് തുള്ളിച്ചാടാന്‍ വല്ലാതെ ആഗ്രഹിച്ചു....മനസ്സ് വല്ലാതെ സന്തോഷിച്ചു കൊണ്ടേ ഇരുന്നു....ജോലി സ്ഥലത്ത് ആയതു കൊണ്ട് സ്വയം നിയന്ത്രിച്ചു പെട്ടെന്ന് റൂമില്‍ എത്തി.....
സുരേന്ദ്രന്‍ ഒരിക്കല്‍ പോലും ഒരു സൂചന തന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി കൊണ്ടേ ഇരുന്നു....അവന്റെ വീട്ടില്‍ വിളിച്ചപ്പോള്‍ അവന്‍ തന്നെയാണ് ഫോണ്‍ എടുത്തത്....എനിക്ക് അവനെ അഭിനന്ദിക്കാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല....അവന്റെ വീട്ടില്‍ ശക്തമായ എതിര്പുണ്ടായിട്ടും ഈ ഉദ്യമത്തില്‍ നിന്ന് അവന്‍ പിന്മാറാതെ പിടിച്ചു നിന്നു എന്ന് പറഞ്ഞപ്പോള്‍ എന്നെക്കാള്‍ ഏറെ ഞാന്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ ഇഷ്ടപ്പെട്ടു കൊണ്ടേ ഇരുന്നു.....
നിന്റെ സുഹൃത്ത് ആയതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു എന്ന് പറഞ്ഞു ഫോണ്‍ വെക്കുമ്പോള്‍ എന്റെ സഹോദരിക്ക് ഒരു പയ്യന്‍ അതും വര്‍ഷങ്ങള്‍ എന്റെ തോളോട് തോള്‍ ചേര്‍ന്ന് നടന്ന അവന്‍ തന്നെ അതിനു തയ്യാറായി എന്നറിഞ്ഞപ്പോള്‍ ആഹ്ലാദം കൊണ്ട് മനസ നിറഞ്ഞു....
ഭാഗം മൂന്ന്
പതിവായി വര്‍ഷത്തില്‍ കിട്ടുന്ന ഒരു മാസത്തെ അവധി ....അതില്‍ ഒരു ദിവസം ബിന്ദുവിന്റെ വീട്ടിലേക്കുള്ള യാത്രയാണ്....അതും കുടുംബ സമേതം...രാവിലെ പോയാല്‍ വൈകുന്നേരം വരെ അവിടെ കഴിച്ചു കൂട്ടും....ശാരദ ഏട്ടത്തി യുടെ കൈ കൊണ്ട് വിളമ്പുന്ന ചോറും ബിന്ദുവിന്റെ സല്‍ക്കാരവും ഒക്കെ കഴിഞ്ഞാല്‍ ഒരു വര്ഷം പോലെ ഒരു ദിവസം അനുഭവപ്പെടും....ആ സ്നേഹത്തിന്റെ ചിറകിനടിയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ശാരദ ഏട്ടത്തി എന്നും ഒരേ ചോദ്യം ചോദിക്കും .
ഇനി അടുത്ത കൊല്ലെ വരുള്ളൂ .....
സമയം കിട്ട്യാല്‍ ഒരിക്കല്‍ കൂടി വരാം എന്ന് പറഞ്ഞാണ് യാത്ര പറയുക...
ആഗ്രഹിക്കാരുന്ടെങ്കി ലും തിരക്കുകള്‍ക്കിടയില്‍ ആ ഒരു യാത്ര മാത്രമേ സാധ്യമാകുന്നുള്ളൂ എന്നതാണ് സത്യം....എങ്കിലും ആത്മ ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ സുരേന്ദ്രനോ ബിന്ദുവോ ശാരദ എട്ടതിയോ ആരും പിരകിലായിരുന്നില്ല...
ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മകളുടെ ചോദ്യം...
ബിന്ദു എട്ടത്തിന്റെ വീട്ടിലെക്കല്ലേ ?
അതെ..............
ശാരദ എട്ടത്തിന്റെ സ്നിക്കര്‍ എടുത്തിട്ടില്ല
ചോക്ലേറ്റ് ശാരദ എട്ടതിക്ക് ഇഷ്ടമാണ് ...സ്ഥിരമായി വേറെ തന്നെ ഒരു പൊതി ശാരദ എട്ടതിക്ക് കരുതി വെക്കുന്നത് അവളും കണ്ടിരുന്നു....പക്ഷെ ഈ പ്രാവശ്യം ശാരദ ഏട്ടത്തി അവിടെ ഇല്ലെന്ന കാര്യം അവള്‍ അറിയില്ലല്ലോ ...
അപ്പോഴാണ് ഭാര്യ ഇടപെട്ടു കൊണ്ട് പറഞ്ഞത് ...
ശാരദ ഏട്ടത്തി മരിച്ചു പോയി.....
യാത്രയില്‍ മകളും ഞങ്ങളുടെ ഒപ്പം മിണ്ടാതെ ഇരുന്നു....പതിവായി സ്ടീരിയോ ഓണ്‍ ചെയ്തു പാട്ട് പാടിക്കുന്ന അവള്‍ ഇന്ന് അത് ചെയ്തില്ല...
മുറ്റത്തേക്ക് ഇറങ്ങി വന്നു രണ്ടു കയ്യും കൂട്ടി പ്പിടിച്ചു അകത്തേക്ക് സ്വീകരിച്ചു കൂട്ടി കൊണ്ട് പോകുന്ന ശാരദ എട്ടതിയെ ആണ് ഞാന്‍ അവിടം ആകെ തിരഞ്ഞു കൊണ്ടിരുന്നത്....ബിന്ദു ഭാര്യയേയും മകളെയും സ്വീകരിച്ചു കൊണ്ട്
അകത്തേക്ക് പോയി....പടിഞ്ഞാറ് നിന്നും വീശി അടിച്ച കാറ്റിനു പോലും ശാരദ ഏട്ടത്തിയുടെ മണം....
ശാരദ ഏട്ടതിയെ അടക്കം ചെയ്ത ശവക്കല്ലരയുടെ അടുത്തിരിക്കുമ്പോള്‍ സ്നേഹ പൂര്‍വ്വം ഉള്ള ഒരു തലോടല്‍ കാറ്റിന്റെ രൂപത്തില്‍ എന്നെ തഴുകി കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു....കയ്യില്‍ കരുതിയ ഒരു പാക്കറ്റ് സ്നിക്കര്‍ ചോക്ലേറ്റ് കല്ലരക്ക് മുകളില്‍ വെച്ച് യാത്രയാകുമ്പോള്‍ നിഷ്കളങ്കമായ ചിരിയോടെ ശാരദ ഏട്ടത്തി എന്നെ തിരിച്ചു വിളിച്ചു....എന്നിട്ട് എന്നോട് ചോദിച്ചു...
ഇനി അടുത്ത കൊല്ലേ വരുള്ളൂ ......?
...
No comments:
Post a Comment