Pages

Wednesday, 30 October 2013

കുരുത്തം കെട്ടവന്‍

തേങ്ങാ കൂട്ട, കണ്ണാടി കൂട്ട എന്നൊക്കെ അറിയപ്പെടുന്ന ഈ വലിയ കൂട്ടക്കു ചില പ്രത്യേകതകള്‍ ഉണ്ട്.....ഇവനിപ്പോ ഇതെന്താ ഒരു വിലയും ഇല്ലാത്ത ആര്‍ക്കും വേണ്ടാത്ത തേങ്ങാ കഥയുമായി ഇറങ്ങിയത് എന്ന് വിജാരിക്കണ്ട....തേങ്ങയെ വേണ്ടായത് പോലെ തേങ്ങാ കൂട്ടയും ഇനി അന്യം നിന്ന് പോകരുതല്ലോ എന്നാഗ്രഹിചിരിക്കുംപോഴാനു മനസ്സ് പണ്ടെങ്ങോ കേട്ട ഒരു കഥയിലേക്ക് ഓടി പോയത്.... അപ്പൊ തേങ്ങ ഇല്ലാതെ കൂട്ട മാത്രം ഒരു പോക്കിരിയുടെ ആയുധം ആകേണ്ടി വന്ന കഥ പറഞ്ഞു തരാം ...ഈ കണ്ണാടി കൂട്ട എല്ലാ വീടുകളിലും ഉണ്ടാവില്ല ....വായ്പ വാങ്ങി ആണ് കൂടുതല്‍ ആള്‍ക്കാരും തേങ്ങ പെറുക്കി കൂട്ടാന്‍ ഈ കൂട്ട ഉപയോഗിക്കുന്നത്..... ഇവിടെ കൂട്ട ഒരു കരുവാക്കപെടുകയായിരുന്നു എന്നതാണ് സത്യാവസ്ഥ ....മാത്രമല്ല വളരെ അതികം ഉപകാരിയും യാതൊരു ഉപദ്രവവും ചെയ്യാത്ത ആളുമാണ് ഈ കൂട്ട ....അപ്പോള്‍ പിന്നെ നമുക്ക് മൂപ്പരെ തല്‍ക്കാലം മൂലയ്ക്ക് വെച്ച് കാര്യതിലോട്ടു കടക്കാം ....

     ഇനി വായനക്കാര്‍ ഒരു അമ്പതു വര്ഷം പുറകോട്ടു സഞ്ചരിക്കണം .....അന്നത്തെ കാലത്തെ ഞങ്ങളുടെ ഗ്രാമീനതയിലെ എണ്ണപ്പെട്ട പോക്കിരികളില്‍ ഒരാളായിരുന്നു മൊയ്തൂക്ക ....മൂപ്പരുടെ അടുത്ത സുഹൃത്ത് ആണ് മൂസ്സക്ക....ഈ മൂസ്സക്ക ഒരു പഞ്ച പാവം പിടിച്ച മനുഷ്യനും എന്നാല്‍ മോയ്തൂക്കയുടെ കല്പനകള്‍ അപ്പടി അനുസരിക്കുകയും ചെയ്യുന്ന പ്രകൃതം ആണ്....അതിനു ഒരു പ്രധാന കാരണം മൂസ്സക്ക സാമ്പത്തികമായി അല്പം താഴെയും മൊയ്തൂക്ക മറിച്ചും ആയിരുന്നു....ചക്ക കൊയ്യുക,പശുവിനെ തീറ്റിക്കുക, മുറ്റം വൃത്തി ആക്കുക ,തേങ്ങ പറിക്കുമ്പോള്‍ പെറുക്കി കൂട്ടാന്‍ സഹായിക്കുക,ഇതെല്ലാം മൂസ്സാക്കാന്റെ കടമയും ആണ്....അവിടെ ഒരു കൊച്ചു തമ്പ്രാനെ പോലെ മൊയ്തൂക്ക നോക്കി ഇരിക്കുക എന്നതല്ലാതെ ഒരു പണിയും എടുക്കില്ല ....അതായത് മോയ്തൂക്കാന്റെ വാപ്പ തന്നെ മൂപ്പരെ പറ്റി പറയുന്നത് ഇങ്ങിനെ....

ഭൂമീല് കുനിഞ്ഞു  പോന്നയിനു മടിയുള്ള കിബ്രനാ ഇബിട്ത്തെ മൊയ്തു..    

ഒരു വൈകുന്നേരം മൊയ്തൂക്ക മൂസ്സാക്കനെ നമ്മള്‍ നേരത്തെ മൂലയ്ക്ക് വെച്ച കണ്ണാടി കൂട്ടയില്‍ കയറ്റി ഇരുത്തി....തലയില്‍ എടുത്തു വെച്ച് നടക്കാന്‍ തുടങ്ങി....

എങ്ങോട്ടാ മൊയ്തു ഞെന്നെ കൊണ്ടോന്നെ?

ഇഞ്ഞി മിണ്ടാണ്ടാട രുന്നോ ....

മൂസ്സാക്കാകും സംഗതി നല്ല രസം തോന്നി...മോയ്തൂക്കാന്റെ തലേല്‍ ഏറി ഒരു സുഘ യാത്ര... മൂസ്സക്ക നന്നായി ആസ്വദിച്ചു കൊണ്ടിരിക്കെ ആണ് മൊയ്തൂക്ക തന്നെ തന്റെ വീട്ടിലാണ് എത്തിക്കുന്നത് എന്ന് മനസ്സിലായത്...

എന്തെങ്കിലും ചോദിക്കുന്നതിലും മുമ്പേ മൊയ്തൂക്ക മൂസ്സെക്കാന്റെ ഉമ്മ മറിയോമ്മാനെ വിളിക്കാന്‍ തുടങ്ങി...

മറിയോമ്മാ ....ഇങ്ങളെ മോനെ കൊണ്ടോന്നുക്കുണ്ട് ....എട്യാളീ ഇടണ്ട്യെ?   ....

ന്റെ പടച്ചോനെ ....ന്ത്ന്നാ മോയ്തുവോ ഞ്ഞി കളിക്കുന്നെ എന്ന് മറിയുമ്മ ചോദിക്കുമ്പോഴേക്കും മൊയ്തൂക്ക മൂസ്സാക്കാനെ തേങ്ങ നിലതിടുന്ന ലാഘവത്തില്‍ ഡെലിവറി ചെയ്തു....

മറിയുമ്മ ആകെ ദേഷ്യം പിടിച്ചു കലി  ഇളകി  അള്ളോ ന്റെ മോനെ ഈ പറങ്കി കൊല്ലുന്നേ ന്നും പറഞ്ഞു കൊണ്ട് നെഞ്ഞത്തടി തുടങ്ങി .....പക്ഷെ നമ്മുടെ മൊയ്തൂക്ക പരിസരത്ത് നിന്നും ഉടനടി മുങ്ങിയിരുന്നു.....മൂസ്സെക്കയാവട്ടെ മേലാകസകലം വേദനിച്ചു ഞരങ്ങുകയും മൂളുകയും ചെയ്തു കൊണ്ടിരിക്കുന്നു....മറിയുമ്മ മൂസ്സക്കാന്റെ കയ്യും പിടിച്ചു മോയ്തൂക്കാന്റെ വീട്ടിലേക്കു നടന്നു ...

എന്താ മറിയെ ഇഞ്ഞിങ്ങനെ കെതചോണ്ട് ?

ഇങ്ങന്യാ ങ്ങളെല്ലാം മക്കളെ പോടല് ?

ഇഞ്ഞി മിട്ടത് നിക്കാണ്ട് കയറി കുതിരിക്ക് .....എന്നിട്ട് പറ....

ഞാനിങ്ങളെ തക്കാരതിനോന്നും മന്നെല്ല ....മക്കക്ക്‌ നേരത്തിനു ചോറുണ്ടാക്കി തിന്നിച്ചാ പോരാ .....നല്ലയിറ്റാലത്തെ പടിപ്പിക്കുവേം മാണം .....ഇങ്ങനെണ്ടോ കുട്ട്യേളൊരു ബെയന്യാക്കലു ?

തീരെ ക്ഷമയില്ലാത്ത മരിയോമ്മാന്റെ പൊട്ടി തെറി യുടെ കാരണം പിടി കിട്ടിയില്ലെങ്കിലും കുരുതക്കെടിന്റെ പര്യായം ആയ മൊയ്തൂക്ക എന്തോ ഒപ്പിച്ചു വെച്ചതാണെന്നു  അമ്മട്ക്കാക്ക് മനസ്സിലായി...  ഒട്ടും ആലോചിക്കാതെ അമ്മദ്ക്ക പറഞ്ഞു....

ന്നാ ഞ്ഞൊരു കാര്യം ചെയ്യ് മറിയെ....ചോറും ഇഞ്ഞെന്നെ കൊടുക്ക്‌ ....ഇഞ്ഞെന്നെ പടിപ്പിക്കുവേം ചീതോ ....

ഉത്തരം പറയാനില്ലാതെ മറിയുമ്മ പിറുപിറുത്തു കൊണ്ട് ഇറങ്ങി പോയി....

ഒസ്യത്ത്



തോമസ്‌ കുട്ടി
മാര്‍ബിള്‍ ശവക്കല്ലറ കാലേ കൂട്ടി
പണിതു
ചിതലരിക്കാത്ത ശവപ്പെട്ടിയും
വാങ്ങി വെച്ചു


ചത്താലും ചമഞ്ഞു കിടക്കണം
എന്റെ കോട്ടില്‍
കണ്ണട വെച്ച് തരാന്‍ മറക്കല്ലേ
എന്റെ റോളക്സ് വാച്ചും

അയമൂട്ടി മരണ കിടക്കയില്‍
മക്കളെ വിളിച്ചു
ഖബറിന്റെ നാല് മൂലയിലും
കല്ല്‌ പാകണം

തേക്കിന്റെ മൂട് പലക വേണം
ചിതലരിക്കാതെ
കിടക്കണം
തല പടിഞ്ഞാറോട്ട് ചരിച്ചു തരണം

അയമൂട്ടിയെ കണ്ട തോമസൂട്ടി
വെറുതെ ചിരിച്ചു
മാര്‍ബിള്‍ പല്ല് പുറത്തു കാണിച്ചു

അയമൂട്ടി കട്ടിലിലെ തേക്കിന്റെ  പലക
തൊട്ടു തലോടി തോമസൂട്ടിയെ
വരവേറ്റു 

Tuesday, 29 October 2013

നോണ്‍ വെജ് ഷുക്കൂറും പക്കാ വെജ് മമ്മാലിയും



ഇതൊരു കഥയല്ല ....അമിതമായ പ്രതീക്ഷയോടെ വായിക്കരുത്....ഈ സംഭവം ശരിക്കും നടന്നതാണ് ....അപ്പോള്‍ ചിലരുടെ പേരുകള്‍ സൌകര്യത്തിനു ഞാന്‍ മാറ്റി ചേര്‍ക്കുന്നു....ഇത്തരം ചില അനുഭവങ്ങള്‍ പ്രവാസികള്‍ക്ക് പലപ്പോഴായി ഉണ്ടായേക്കാം ...ഇരിക്കട്ടെ , കാര്യത്തിലേക്ക് കടക്കാം

ദോഹയിലെ ബിന്‍ ഒമ്രാന്‍ എന്നാ സുന്ദരമായ ഗ്രാമം എന്ന് ഞാന്‍ ആശിക്കുന്ന എന്റെ അഞ്ചു വര്‍ഷക്കാലത്തെ വാസ സ്ഥലത്ത് പതിനഞ്ചാം നമ്പര്‍ സ്ട്രീറ്റില്‍ നാനൂറ്റി പതിനാറാം നമ്പര്‍ വില്ലയില്‍ നിങ്ങളും കുറച്ചു നേരം എന്റെ ഒപ്പം ഇരിക്കുക....ഇവിടെ കുറച്ചു കഥാപാത്രങ്ങളെ ഞാന്‍ പരിജയപ്പെടുത്തി തരാം ...അന്‍പത്തി ഒന്ന് ആളുകള്‍ വസിക്കുന്ന ഈ വില്ലയില്‍ എല്ലാവരെയും നിങ്ങള്ക്ക് വിശദമായി പരിജയപ്പെടുത്തി തരാന്‍ ഞാന്‍ അശക്തനാണ് ....അപ്പോള്‍ പിന്നെ നമുക്ക് തുടങ്ങാം

ഇത് അബ്ദുറഹ്മാന്‍ ....വടകര സ്വദേശി...മൂപ്പരുടെതാണ് ഈ വില്ല...ആധാരം ഇല്ലാത്ത വീട്ടുടമ .....വില്ലയും പരിസരവും വൃത്തി ആയി സൂക്ഷിക്കും ....മെസ്സ് വളരെ നല്ല ഭംഗി ആയി നടത്തി തരുന്നു....ചെറിയ ബില്ല് മാത്രമേ മൂപ്പരുടെ നടത്തിപ്പില്‍ വരാറുള്ളൂ ...ഹോല്സയ്ല്‍ സ്ഥാപനങ്ങളില്‍ നിന്ന് മൊത്തത്തില്‍ സാധനങ്ങള്‍ വാങ്ങി  മൂപ്പരുടെതായ സാമര്ത്യത്തില്‍ ആണ് മെസ്സ് മുന്നോട്ടു നീങ്ങുന്നത് ...പച്ചക്കറി ജീവിതത്തില്‍ ശീലമാക്കണം എന്നും മെസ്സില്‍ കൂടുതല്‍ ദിവസവും പച്ചക്കറികള്‍ ഉള്‍പെടുത്തുകയും ചെയ്തു തരുന്നു എന്നതും  എന്നെ പോലെയുള്ളവര്‍ക്ക് സന്തോഷം തരുന്നു

രണ്ടാമന്‍ ഷുക്കൂര്‍ ...വെട്ടി ഒതുക്കാത്ത താടിയും അലങ്കോലമായി കിടക്കുന്ന മുടിയും മെലിഞ്ഞ ശരീര പ്രകൃതവും ഉള്ള ഈ കുറിയ മനുഷ്യന്‍ കണ്ണൂര്‍ സ്വദേശി ആണ് ...ആളൊരു തികഞ്ഞ റിപ്പയരുകാരന്‍ ആണ്....മൊബൈല്‍ കമ്പനിയില്‍ ആണ് ജോലി  ....സ്പെഷ്യല്‍ ആയി പറയാനുള്ള പ്രത്യേകത നോണ്‍ വെജ് ഇല്ലാതെ രാത്രി കുബ്ബൂസ് താഴോട്ടിരങ്ങില്ല...അതും എണ്ണയില്‍ പൊരിച്ചു  കിട്ടിയാല്‍ അതി സന്തോഷം..മെസ്സില്‍ വേജിട്ടെരിയന്‍ ഉള്ള ദിവസം എന്തെങ്കിലും ഒക്കെ കൊണ്ട് വന്നു  പൊരിച്ചു കഴിക്കും....മിക്കവാറും കോഴി കാലു തന്നെ...അല്ലെങ്കില്‍ മറ്റെന്തെങ്കിലും

മൂന്നാമന്‍ ആണ് മമ്മാലി .....മുഹമ്മദാലി എന്നാണു പേര്....പാലക്കാട്ടുകാരന്‍ ...ഞാനടക്കം കുറച്ചു പേര്‍ മമ്മാലി എന്ന് വിളിക്കുന്നു എന്ന് മാത്രം...എല്ലാവരും അങ്ങിനെ വിളിക്കുന്നത് മൂപ്പര്‍ക്കിഷ്ടവും ഇല്ല ....ഗതി കേടു കൊണ്ട് പച്ചക്കറി ശീലമാക്കിയവാന്‍....കുഴി മടിയന്‍ എന്ന് ഞങ്ങള്‍ ആസ്ഥാന പദവി കൊടുത്ത ഇവന് കുബ്ബൂസ് വായില്‍ കൊണ്ട് വെച്ച് കൊടുക്കുന്നതാണ് ഇഷ്ടം....എല്ലാം അങ്ങിനെ തന്നെ..സ്വന്തം എടുത്തു കഴിക്കാന്‍ മടിയന്‍...എന്നെങ്കിലും വില്ലയില്‍ ഭക്ഷണം ഇല്ലെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചു നാലോ അന്ജോ പേര്‍ ചേര്‍ന്ന് ഭക്ഷണം ഉണ്ടാക്കും...എന്നാ ആ വഴിക്ക് ഈ കക്ഷി വരില്ല ...ഇറച്ചി ,കോഴി പൊരിച്ചത് ഇവയൊന്നും ഇല്ലാത്ത ദിവസം ചൊറിഞ്ഞു  കൊണ്ടേ ഇരിക്കും...ഞാന്‍ ഈ മെസ്സ് മാറാന്‍ പോവുകയാണെന്ന് ഇടക്കൊക്കെ ഭീഷണി മുഴക്കും...വളരെ കൂളായി ഒഴിഞ്ഞോ എന്ന് ഞങ്ങളും പറയും...കൊളസ്ട്രോളിനെ പറ്റിയും ഹാര്‍ട്ട് അട്ടാക്കിനെ പറ്റിയും അമിതമായി ഇറച്ചി പോലെയുള്ളതും എണ്ണയില്‍ വറുത്തത കഴിക്കുന്നതിനെ പറ്റിയും മമ്മാലി വിമര്‍ശിക്കാറുണ്ട്

തല്‍ക്കാലം ഇവരെ നിങ്ങള്‍ അറിഞ്ഞാ മതി....കാരണം ബാക്കി ഉള്ളവര്‍ക്കൊന്നും ഈ പറഞ്ഞു പോക്കിനിടയില്‍ യാതൊരു പ്രസക്തിയും ഇല്ല....വെള്ളിയാഴ്ച ഉച്ചക്ക് സ്വാഭാവികമായും ബിരിയാണി എന്നതിനാല്‍ രാത്രി മിക്സ് വെജിടബ്ല്‍  കറി  ആയിരിക്കും...അന്ന് സുഹൃത്തുക്കളോടൊപ്പം പുറത്തു പോയി തിരിച്ചു വന്നപ്പോള്‍ വില്ലയില്‍ ഒരു കശപിശയും ബഹളവും കേള്‍ക്കുന്നു....നമ്മുടെ ഷുക്കൂറും മമ്മാലിയും തമ്മിലാണ് വഴക്ക് ..

ഇവിടെ എല്ലാരും കൂടി നടത്തുന്ന മെസ്സില്‍ ഒരാള്‍ ആയിട്ടെങ്ങിന്യാ ഇങ്ങന സ്പെഷ്യല്‍ ഉണ്ടാക്കുവ ....ഇതാണ് മമ്മാലിയുടെ  ചോദ്യം

ഞാന്‍ കൊറെ നാളായി കോയാ ഇത് ഉണ്ടാക്കുന്നു...ശുകൂരിന്റെ ഭാഷ്യം

അതിനിടക്ക് ഹക്കും ബാതിലും മസ് അലയും പറയുന്നവര്‍ ഒരു വഴിക്ക് മമ്മാലിക്കൊപ്പം കൂടി ....ഞാന്‍ മമ്മാലിയെ മെല്ലെ വലിച്ചു റൂമിലേക്ക്‌ കൊണ്ട് പോയി....

എന്താ മമ്മാ ലീ ....ഓന്‍ കൊറെ കാലായിട്ട് ന്ടാക്കുന്നതല്ലേ ....ഞെന്തിനാ ഇങ്ങിനെ ?

അത് എങ്ങന്യാ ...നമ്മളൊക്കെ ഇവിടെ പച്ചക്കറി തിന്നുമ്പോള്‍ അവനും അവന്റെ രൂമുകാരും മാത്രം ഒരു സ്പെഷ്യല്‍ ഉണ്ടാക്കല്...അത് ശരിയാവില്ല.....

അയിനു ഇഞ്ഞും ണ്ടാക്കിക്കോ

അതെന്നെ കൊണ്ട് പറ്റൂല

ഇന്ടൊരു ഒടുക്കത്തെ മടിയല്ലേ മംമാലീ ....

നമ്മള്‍ എല്ലാരും കാശ് കൊടുക്കുന്ന ഗാസ് അല്ലെ....അതെങ്ങിനെ  അവന്‍ ചിലവഴിക്കും....? അവന്റെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഉത്തരം മുട്ടി

ഞ്ഞെതായാലും  പ്രശനം ഉണ്ടാക്കല്ല ....ഞാന്‍ ഒരു വഴി  കണ്ടിട്ടുണ്ട്..നോക്കട്ടെ

കുറച്ചു കഴിഞ്ഞു ശുക്കൂരിനെ അവന്റെ റൂമില്‍ പോയി കണ്ടു...കുറെ സംസാരിക്കുന്നതിനിടയില്‍ ഒരു പരിഹാരം എന്ന നിലക്ക് ഞാന്‍ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചു ...ഇനി മുതല്‍ വേജിട്ടെരിയന്‍ ഉണ്ടാക്കുന്ന അവസരത്തില്‍ ഷുക്കൂര്‍ സ്പെഷ്യല്‍ ഉണ്ടാക്കുമ്പോള്‍ അല്പം മമ്മാലിക്കും കൊടുക്കുക .....ശുക്കൂരിനു നൂറു വട്ടം സമ്മതം ...അവനു ഈ സ്പെഷ്യല്‍ പാചകം മുടങ്ങരുത് എന്നാ ആഗ്രഹാമാവാം ....

ഈ ഉപാധി മമ്മാലിയും രണ്ടാമതൊന്നു ആലോചിക്കാതെ അംഗീകരിച്ചു....ഇനി സ്പെഷ്യല്‍ ഉണ്ടാക്കി എന്നും പറഞ്ഞു പ്രശ്നങ്ങള്‍ ഉണ്ടാവില്ലല്ലോ എന്ന് ആശ്വസിക്കുന്നതിനിടാക് റൂമിലെ മറ്റൊരു സുഹൃത്ത് സലിം മമ്മാലിയോടു ചോദിച്ചു...

അല്ല മമ്മാലിയെ .....ഇജ്ജല്ലേ നേരത്തെ ഗാസിന്റെ കണക്കും ഹക്കും ബാതിലും ഒക്കെ പറഞ്ഞത്...അന്റെ കാര്യം കയിച്ചലായപ്പോ ജ്ജെല്ലം ഒയിവാക്കി ല്ലേ ?

അമ്മദാജീന്റെ കടോം മരുമോന്റെ കച്ചോടോം ....



ഈ കഥാ പാത്രങ്ങളില്‍ ജീവിചിരിക്കുന്നവര്ല്‍ ആരെങ്കിലും ആയി സാമ്യം തോന്നിയാല്‍ എന്റെ കുറ്റമല്ല....പക്ഷെ ഈ കഥ നിങ്ങള്‍ എവിടെ എങ്കിലും വെച്ച് കേട്ട് എങ്കില്‍ ആവര്‍ത്തിക്കുക എന്നാ ഒരു തെറ്റ് കൂടി ഞാന്‍ ചെയ്യുന്നു എന്ന് മാത്രം ....അപ്പോള്‍ തുടരട്ടെ....

അമ്മദ് ഹാജി ഇരുപത്തി രണ്ടു വര്‍ഷമായി ഖത്തറില്‍ എത്തിയിട്ട്....ഇപ്പോഴും ഓഫീസ് ബോയ്‌ ആയി ട്ടാണ് ജോലി...പല തിരിമറികളും നടത്തുന്നത് കാരണം ഒന്ന് കര കയറി കിട്ടിയിട്ടില്ല ....കടം പിടിച്ചു പോയോ എന്ന് ചോദിച്ചാല്‍ ഇല്ല....എന്നാല്‍ കടമില്ലേ എന്ന് ചോദിച്ചാല്‍ അത്യാവശത്തില്‍ കൂടുതല്‍ ഉണ്ട് താനും....ചില പാര്‍ട്ട് ടൈം കചോടങ്ങള്‍ ഒക്കെ തുടങ്ങി നോക്കിയെങ്കിലും ഒന്നും ക്ലച്ചു പിടിച്ചില്ല എന്നതാണ് സത്യം....അതിനിടയിലാണ് ഏക സഹോദരീ പുത്രന്‍ സലിം ഖത്തറിലെ ക്ക് വന്നത് ...

തന്റെ സ്വപ്രയത്നം കൊണ്ട് ഒരു ചെറിയ കഫ്റ്റെരിയ തുടങ്ങി മെച്ചപ്പെട്ടും രക്ഷപ്പെട്ടും വരിക ആയിരുന്നു...അതിനിടയില്‍ അമ്മദ് ഹാജി യുടെ കടങ്ങള്‍ വീട്ടാന്‍ ഉള്ള സ്രോതസ് ആയി സലീമിനെ ഉപയോഗിച്ച് തുടങ്ങിയ വിവരം അവന്‍ മനസ്സിലാക്കാന്‍ വളരെ വൈകിയിരുന്നു....പല തവണകളായി മരുമകന്‍ അമ്മാവന് നല്ല്ലൊരു സംഘ്യ കൊടുത്തു കഴിഞ്ഞു....

അങ്ങിനെ പൈസ കൊടുക്കുന്ന വിഷയത്തില്‍ സലിം നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി....ഫോണ്‍ വിളികള്‍ പലതും അറ്റന്‍ഡ് ചെയ്യാതെയും സന്ദര്‍ശനങ്ങള്‍ ഒഴിവാക്കിയും അങ്ങിനെ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കെ അമ്മദ് ഹാജി ഒരു ദിവസം സലീമിനെ വിളിച്ചു 

മോനെ....നിന്റെ ഒരു വിവരവും ഇല്ലല്ലോ 

അത് പിന്നെ ഇക്കാക്ക ....

എനക്ക് അത്യാവശ്യായിട്ടു ഒരു രണ്ടായിരം റിയാല്‍ വേണം 

ഞാന്‍ ഒരു അര മണിക്കൂര്‍ കഴിഞ്ഞിട്ട് അങ്ങോട്ട്‌ വിളിക്കാം ട്ടോ 

സലിം ഫോണ്‍ കട്ട് ചെയ്തു ....രണ്ടു ദിവസം കഴിഞ്ഞിട്ടും അവന്റെ തിരച്ചു വിളി വരാതായപ്പോ അമ്മദ് ഹാജി വീണ്ടും വിളിച്ചു 

ഇഞ്ഞി അര മണിക്കൂര്‍ കയിഞ്ഞു ബിളിക്ക ന്നു പറഞ്ഞി 

അത് പിന്ന ഇക്കാ പീടിയേല്‍ ഭയങ്കര തെരക്കായി പോയി 

അത് സാരയില്ല ....തെരക്കല്ലം അങ്ങ് കൊറയും ട്ടോ ...അമ്മളെ പൈശേന്റെ കാര്യം ഇഞ്ഞി ശരിയാക്കുവോ ?

സലിം കുറച്ചു നേരം ഷോക്ക്‌ അടിച്ച പോലെ നിന്ന് പോയി....

(ഈ കഥ ഒരു പക്ഷെ നിങ്ങള്‍ കേട്ടതായിരിക്കാം....എങ്കിലും ഒന്നൂടി ഇരിക്കട്ടെ )

Monday, 28 October 2013

ടെലിഫോണ്‍






മനേ ഇനിക്കൊന്നു കേക്കണോ ഞാനും ബിളിചിക്കല്ലോ ഫോണ് 

ഇക്കാക്ക എന്നോട് ഇത് പറയുമ്പോള്‍ എനിക്ക് ആണെങ്കില്‍ എങ്ങിനെ എങ്കിലും ആ സാദനം ഒന്ന് തൊടണം എന്നും വിളിച്ചു നോക്കണം എന്നും വല്ലാതെ ആഗ്രഹം ഉണ്ടായി...

എടുന്നാ ഇനിക്ക് കിട്ട്യേ? 

ചേരി കമ്പിനീന്നു

ആട ഇഞ്ഞി കയര്യോ?

ഹും...ഇത് പറയുമ്പോള്‍ ഇക്കാക്ക വല്ലാത്തൊരു ഗൌരവത്തില്‍ ആയിരുന്നു...

ഉള്ല്യെരിക്കാരന്‍ കൊയേക്ക ആണ് ചകിരി കമ്പനിയുടെ വാച്ച്മാന്‍ ...മൂപ്പരെ സോപ്പിട്ടാല്‍ കാര്യം സാധിക്കും എന്ന് ഞാന്‍ ആശിച്ചു...

പരാജിതനായി മടങ്ങിയ ഞാന്‍ പഠിക്കാനിരുന്ന ഇക്കാക്കാനെ മാന്താന്‍ തുടങ്ങി ...

എടങ്ങാരാക്കല്ലേ ....

അയ്യാനെ .... കൊയെക്കാനോട് ഒന്ന് പറ എനക്കും ഒന്ന് ബിളിക്കുവെന്‍ തരുവേന്‍ ....

നാള കോയാക്കനെ കാണട്ടെ ...ചോയിക്ക ട്ടാ

അന്ന് ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വന്നില്ല ....നാളെ ചകിരി കമ്പനിയില്‍ പോയി കൊയാക്കന്റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി ഒന്ന് വിളിക്കണം ...ആശിച്ചും ആലോജിച്ചും സ്വപ്നം കണ്ടും നേരം വെളുത്തപ്പോള്‍ വല്ലാത്ത ഒരു ഉന്മേഷം ആയിരുന്നു....നൌഫലിനോടും സലീമിനോടും സംഗതി പറഞ്ഞു...

അപ്പോള്‍ അവര്‍ക്കും എന്റെ അതെ ആഗ്രഹം

ഇഞ്ഞി ഞാളെ കൂട്ട്വോ?

ങ്ങളും പോരീ ...അമ്മക്ക് കൊയാക്കാനോട് ചോയിക്കാലോ

ആരാ അങ്ങേ തലക്കല്‍ ഉണ്ടാകുക? എന്താ അവര്‍ ചോദിക്കുക? അവരോടു എന്താ പറയുക ? എന്നൊക്കെ ഒട്ടേറെ സംശയങ്ങള്‍ മനസ്സിനെ അലട്ടി കൊണ്ടിരുന്നു....

വെളുത്ത തലയും ചെവിയില്‍ എറിച്ചു നില്‍ക്കുന്ന രോമവും കട്ടിയുള്ള പുരികവും ആയി ആ ഉയരമുള്ള മനുഷ്യന്‍ ....കൊയേക്ക ...എന്നെ അടി മുടി നോക്കി...ഒന്ന് പതറി പോയെങ്കിലും ധൈര്യം കൈവിടാതെ പുഞ്ചിരിച്ചു കൊണ്ട് നിന്നു

സ്കൂളും ബിട്ടിട്ട്‌ പൊരേല്‍ ഒന്നും പോയിക്കില്ലേ?

ഇല്ല ....

എന്നാ പോയി ചോറും ബെയ്ച്ചിട്ടു ബാ

ഇന്ന് ഏതായാലും കമ്പനിയില്‍ നിന്ന് ഫോണ്‍ ചെയ്യാം എന്ന് ഉറപ്പു കിട്ടിയ സ്ഥിതിക്ക് ഓടി കിതച്ചു വീട്ടിലെത്തി...കിതക്കുന്നത് കണ്ടപ്പോള്‍ എന്തിനാ ഇങ്ങിനെ നിലത്തു നില്‍ക്കാതെ ഓടുന്നത് എന്ന് ഉമ്മ ചോദിക്കുന്നുണ്ടായിരുന്നു...അതൊന്നും കേള്‍ക്കാന്‍ എനിക്ക് സമയമുണ്ടായില്ല

ഇങ്ങള് ബേഗം ചോറ് താ

ന്താ ത്തിര തെരക്ക് ?...കാട്ടു കോയി പോന്നെന്റോട്ട് ഇങ്ങിനെ ?...ഉമ്മാമ ന്റെ വകയാണ് അടുത്ത ശകാരം.

കിട്ടിയ ചോറും വാരി വലിച്ചു തിന്നു ഇടയില്‍ എത്തുമ്പോഴേക്കും നൌഫലും സലീമും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു 
...ചകിരി കമ്പനിയില്‍ നിന്ന് സൈറന്‍ മുഴങ്ങി....ജോലിക്കാര്‍ പിരിഞ്ഞു പോകാന്‍ തുടങ്ങി....ചകിരി കമ്പനിയുടെ ആ കിലി കിലി ശബ്ദം ഇപ്പോള്‍ കേള്‍ക്കുന്നില്ല....കാട്ടു  ചെടികളും പുഷ്പങ്ങളും പേരക്ക മരവും വളര്‍ന്നു നില്‍ക്കുന്ന മുറ്റത്തേക്ക് കാലെടുത്തു വെക്കുമ്പോള്‍ കൊയേക്ക അവിടെ ചാരി ഇരുന്നു പത്രം വായിക്കുന്നു...ഞങ്ങള്‍ മൂന്നു പേരെയും കണ്ണടക്കുള്ളിലൂടെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു 

നൂറ്റിപ്പത്ത് ചിരി ചിരിച്ചു കൊണ്ട് മൂപ്പരോട് ഞാന്‍ ചോദിച്ചു

കൊയെക്കാ ....ഞാക്ക് മൂന്നാക്കും ഫോണ്‍ വിളിക്കണം

ആ ....എന്നാ മൂന്നാളും ഇങ്ങോട്ട് ബരീന്‍

വെളുത്ത തുണി കൊണ്ട് മൂടി വെച്ച മേശക്കു മുകളില്‍ അതാ വെച്ചിരിക്കുന്നു ചിലരൊക്കെ ടെലെഫോണ്‍ എന്നും ചിലര്‍ ഫോണ്‍ എന്നും പറയുന്ന ആ സാദനം....ചുവന്ന കളറില്‍ നല്ല ഭംഗിയുണ്ട്.....മുഘത്ത് കുറെ ചെറിയ കുഴികള്‍ ഉണ്ട്...ഒരു വടി വളച്ചു വെച്ച പോലെ ഒരാള്‍ മുകളില്‍ കയറി ഇരിക്കുന്നുണ്ട് ...വാലായി ഒരു കറുത്ത വയര്‍ ചുവരിലൂടെ എങ്ങോട്ടോ പാഞ്ഞു പോയതും കാണാം....

കൊയേക്ക ആ വടി എടുത്തു ഉയര്‍ത്തി പിടിച്ചു മുഘത്തെ കുഴികളില്‍ ഓരോന്നിലായി ചൂണ്ടാണി വിരലിട്ടു കറക്കാന്‍ തുടങ്ങി....മൂന്നോ നാലോ പ്രാവശ്യം കറക്കിയ ശേഷം ഫോണ്‍ എന്റെ ചെവിയില്‍ വെച്ച് തന്നു....മറു തലക്കല്‍ ഒരു സ്ത്രീ ശബ്ദം ....അവര്‍ ഇംഗ്ലീഷില്‍ ആണ് സംസാരിക്കുന്നത് ....എനിക്കൊന്നും മനസിലായില്ല...ഞാന്‍ ഉടനെ സലീമിനു കൈമാറി....അവന്‍ ഉടനെ നൌഫളിനും....

ഇഞ്ഞെന്തെങ്കിലും കേട്ടോ?

ഓള് ഇന്ഗ്ലീഷിലാ തീര്‍ത്തും പറേന്നത് ല്ലേ?

അതാ അമ്മക്ക് തിരിയാത്തെ ല്ലേ?

വീട്ടില്‍ എത്തിയപ്പോള്‍ നെഞ്ഞൂക്കോടെ തല ഉയര്‍ത്തി ഇക്കാക്കാനോട് ഞാനും പറഞ്ഞു

മനേ....ഞാനും ബിളിച്ച് ഫോണ്

Thursday, 24 October 2013

സമര്‍പ്പണം .......എന്റെ സ്നേഹിതക്ക്‌

ബെഞ്ചുകള്‍ തിരമാലകള്‍ ആണെന്നും ഈ കുടുസ്സു മുറി ഒരു കടപ്പുറം ആയും ഞാന്‍ സങ്കല്‍പ്പിച്ചു....ക്ലാസ് മുറിയില്‍ ആണ് ഉള്ളതെന്ന് തല്‍കാലം മറന്നു...സുരേന്ദ്രനെയും രാജേഷിനെയും സമീറിനെയും ഓരോ തെങ്ങുകള്‍ ആയി സങ്കല്‍പ്പിച്ചു....അവള്‍ ഇരിക്കുന്ന ബെഞ്ചില്‍ അതെ സ്ഥാനത് സമീറിനെ പിടിച്ചിരുത്തി അവന്റെ പിന്നില്‍ ചാരി നിന്ന് ഞാന്‍ മൂളാന്‍ തുടങ്ങി....

ഈ മധുര പൂവാടിയില്‍ .....

ഇന്റര്‍വെല്‍ കഴിഞ്ഞു എല്ലാവരും ക്ലാസ്സില്‍ തിരിച്ചു വന്നു....

ഒപ്പം അവളും

എകണോ മിക്സിന്റെ നോട്ടു പുസ്തകത്തില്‍ നിന്ന് ഒരു പേജു കീറി എടുത്തു അതില്‍ ഞാന്‍ എന്റെ ഹൃദയം വരച്ചിട്ടു.....

ചുവട്ടില്‍ ഇങ്ങിനെ എഴുതി.....

മാനസ മൈനെ വരൂ.....
മധുരം നുള്ളി തരൂ.....

ഇരിക്കുന്ന ബെന്ജിനെയും മറികടന്നു നിലത്തു മുട്ടാറായ അവളുടെ കാര്‍കൂന്തലില്‍ പോയി കൊളുത്തി നിന്ന കടലാസ് തുണ്ട് സതീശന്‍ മാഷെ കണ്ണില്‍ പെടും എന്ന് നിനച്ചതെ ഇല്ല....

സഹൃദയന്‍ ആയ സതീശന്‍ മാഷ്‌ എന്റെ കയ്യില്‍ വെളുത്ത ചോക്ക് തന്നിട്ട് പറഞ്ഞു....

ഈ കടലാസില്‍ എഴുതിയത് നൂറു പ്രാവശ്യം ബോര്‍ഡില്‍ എഴുതണം ....

ഒന്ന് എന്ന് എണ്ണി തുടങ്ങുന്നതിനിടയില്‍ മാഷ്‌ ഓരോ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി....

ആരാ ഈ പാട്ട് എഴുതിയത് എന്നറിയോ?....

മ്ച്ചും....

ഏതാ ഫിലിം എന്നറിയോ?

മ്ച്ചും

ഈന്റെ സംഗീതം ചെയ്തത് ആരാന്നറിയോ?

മ്ച്ചും ...

ആരാ പാടിയത് എന്നെങ്കിലും?

രണ്ടു പ്രാവശ്യം ഞാന്‍ മ്ച്ചും വിട്ടു....

എടാ....പാട്ടെഴുതി പാട്ടിലാക്കാന്‍ നോക്കുമ്പോള്‍ ചുരുങ്ങിയത് ഇതെങ്കിലും അറിയണ്ടേ?

അവള്‍ കൂര്‍ത്ത കണ്ണ് കൊണ്ട് ദയനീയമായി എന്നെ നോക്കുന്നുണ്ടായിരുന്നു.....

ഇന്നാണ് ആ പാട്ടുകാരന്‍ നമ്മെ വിട്ടു പിരിഞ്ഞു പോയത്....പക്ഷെ അവള്‍ പോയിട്ട് കൃത്യം പതിനാറു വര്ഷം കഴിഞ്ഞു.....

Wednesday, 23 October 2013

ഒരേയൊരു സീതിസാഹിബ്‌







വിസ്‌മയിപ്പിക്കുന്ന പ്രതിഭാവൈഭവം കൊണ്ട്‌ കേരള മുസ്‌ലിം ചരിത്രത്തെ ജ്വലിപ്പിച്ച പേരുകളിലൊന്നാണ്‌ കെ എം സീതി സാഹിബ്‌. സമൂഹ നവോത്ഥാനത്തിന്റെ സിരാപടലങ്ങളിലേക്കെല്ലാം ചിന്തയുടെ ഊര്‍ജം പ്രസരിപ്പിച്ച്‌ മികച്ചൊരു ചരിത്രം ബാക്കിയാക്കിയ ഇതിഹാസ വ്യക്തിത്വം. കേരളത്തിലെ മുസ്‌ലിംലീഗിന്റെയും കേരള നിയമസഭയുടെയും അമരത്തെത്തിയ അപൂര്‍വ ധിഷണാശാലിയാണ്‌ സീതിസാഹിബ്‌.

1898 ആഗസ്‌ത്‌ പതിനൊന്നിന്‌ കൊടുങ്ങല്ലൂരിലെ വ്യവസായപ്രമുഖനും പരിഷ്‌കരണാശയക്കാരനുമായ കോട്ടപ്പുറത്ത്‌ നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദ്‌ ഹാജിയുടെ ആദ്യ പുത്രനായി ജനിച്ചു. ഫാത്വിമയാണ്‌ മാതാവ്‌. പിതാവില്‍ നിന്നും പിതാവിന്റെ ഉറ്റ സുഹൃത്തുക്കളായ സയ്യിദ്‌ ഹമദാനി തങ്ങള്‍, കെ എം മൗലവി തുടങ്ങിയവരില്‍ നിന്നും പകര്‍ന്നുകിട്ടിയ വൈജ്ഞാനികമായ ഉണര്‍വും ഉത്സാഹവും സീതിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാത്തീര്‍ന്നു. കൊടുങ്ങല്ലൂരിലെ നവോത്ഥാന തരംഗം കുഞ്ഞുനാളിലേ അടുത്തുനിന്ന്‌ അനുഭവിച്ച സീതിസാഹിബ്‌ കൊടുങ്ങല്ലൂരിലെ ആദ്യത്ത അഭിഭാഷകനായിത്തീരുകയും ചെയ്‌തു. കേരള മുസ്‌ലിം ഐക്യസംഘത്തിനും മുമ്പ്‌ ഇസ്വ്‌ലാഹീ ആശയങ്ങളുടെ ശക്തനായ പ്രചാരകനായിരുന്ന മഹാപണ്ഡിതന്‍ ശൈഖ്‌ മാഹിന്‍ ഹമദാനി തങ്ങളുടെ ശിഷ്യത്വമാണ്‌ തന്നെ എഴുത്തുകാരനും പ്രഭാഷകനുമാക്കിയതെന്ന്‌ സീതിസാഹിബ്‌ അനുസ്‌മരിച്ചിട്ടുണ്ട്‌. ബന്ധുവും മണപ്പാട്ടു കുഞ്ഞഹമ്മദ്‌ ഹാജിയുടെ സഹോദരനുമായ പി കെ മുഹമ്മദുണ്ണി സാഹിബിന്റെ പ്രേരണയാലായിരുന്നു സീതിസാഹിബിന്റെ രചനാ ജീവിതമാരംഭിച്ചത്‌.

മുസ്‌ലിം, മലബാര്‍ മുസ്‌ലിം, ഇസ്‌ലാം, സുപ്രഭാതം, കേരള വ്യാസന്‍ എന്നിവയിലെല്ലാം യുവാവായിരിക്കെ സീതിസാഹിബിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മലബാര്‍ കലാപാനന്തരമുണ്ടായ സമുദായ ധ്രുവീകരണത്തിന്‌ അറുതി വരുത്താനാണ്‌ അക്കാലത്ത്‌ അദ്ദേഹം കൂടുതലെഴുതിയത്‌. പിതാവ്‌ നിര്‍മിച്ച അഴീക്കോട്‌ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ സീതിസാഹിബിന്‌ ലഭിച്ച മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ എന്ന കൂട്ടുകാരന്‍ പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ സാമൂഹ്യവീക്ഷണങ്ങളിലും സഹചാരിയായിത്തീര്‍ന്നു. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ ദേശീയ നിലപാടുകളില്‍, പലതിനോടും വിയോജിച്ചപ്പോള്‍ തന്നെ, അല്‍അമീനിന്റെ നടത്തിപ്പില്‍ സാമ്പത്തികമടക്കമുള്ള സഹകരണങ്ങള്‍ നല്‍കാന്‍ സീതിസാഹിബ്‌ എന്നും കൂടെയുണ്ടായിരുന്നു. രാഷ്‌ട്രീയ വിഷയങ്ങളേക്കാള്‍ സമുദായ സംബന്ധ ലേഖനങ്ങളാണ്‌ അല്‍അമീനില്‍ സീതിസാഹിബ്‌ എഴുതിയിരുന്നത്‌.

1916ല്‍ 18 വയസ്സുള്ളപ്പോഴാണ്‌ വാണിയമ്പാടിയിലെ ദക്ഷിണേന്ത്യന്‍ വിദ്യാഭ്യാസ സമ്മേളനത്തില്‍ സീതിസാഹിബ്‌ പങ്കെടുത്തത്‌. 1922ല്‍ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തിയതും കെ എം സീതിസാഹിബായിരുന്നു. 1930ല്‍ ലാഹോര്‍ സമ്മേളനത്തിലും കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ അദ്ദേഹമായിരുന്നു. 1933ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിട്ടതും `സമുദായം' എന്ന സ്വപ്‌നം കാരണമായിരുന്നു. സമുദായത്തിന്റെ വികാസത്തിനും പരിഷ്‌കരണത്തിനും കൂടുതല്‍ ഉചിതമായ മാര്‍ഗം മുസ്‌ലിംലീഗാണെന്ന തിരിച്ചറിവ്‌ അന്ത്യംവരെ അദ്ദേഹം പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തു. ലീഗിലെത്തിയതോടെ സീതിസാഹിബ്‌ നേതൃത്വത്തിലുമെത്തി. മലബാര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെയും പിന്നീട്‌ 1956 നവംബര്‍ 11ന്‌ കേരള സ്റ്റേറ്റ്‌ മുസ്‌ലിം ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളായിരുന്നു പ്രസിഡന്റ്‌. ഇരുവരെയും ലീഗ്‌ നേതൃത്വത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവന്നതാകട്ടെ കെ എം മൗലവിയും.

അക്കാലത്തെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്ന സമുദായ പരിഷ്‌കരണാശയങ്ങളോട്‌ ഏറെ അടുപ്പം കാണിക്കുകയും ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമായുടെയും ഭാരവാഹിത്വത്തിലെത്തുകയും ചെയ്‌തിരുന്ന കെ എം മൗലവിയും സീതിസാഹിബും ഒപ്പംനിന്നു പ്രവര്‍ത്തിച്ചിരുന്ന ബാഫഖി തങ്ങള്‍ അക്കാലത്ത്‌, നവോത്ഥാന സംരംഭങ്ങളുടെ എതിര്‍പക്ഷത്തുണ്ടായിരുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രമുഖ ഭാരവാഹിയായിരുന്നു. മതാഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സമുദായവികാസത്തിനായി അവര്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു. പോരുവിളിക്കുകയോ അസഹിഷ്‌ണുക്കളാവുകയോ ചെയ്യുന്ന മതവീക്ഷണം അവര്‍ക്ക്‌ പരിചിതമായിരുന്നില്ല.

കച്ച്‌മേമന്‍ ആക്‌ട്‌, സ്‌ത്രീകളുടെ വിവാഹമോചന ബില്ല്‌, മുസ്‌ലിം പിന്തുടര്‍ച്ചാവകാശ ബില്ല്‌ തുടങ്ങിയ ചരിത്രപ്രധാനമായ അവകാശ പ്രഖ്യാപനങ്ങളുടെയെല്ലാം പിന്നില്‍ ബോധവത്‌കരണം നടത്തിയത്‌ സീതിസാഹിബിന്റെ തൂലികയായിരുന്നു. 1925ല്‍ തിരുവനന്തപുരം ലോ കേളെജില്‍ നിന്നാണ്‌ സീതിസാഹിബ്‌ നിയമബിരുദമെടുത്തത്‌. മദിരാശി ഹൈക്കോടതിയിലെ പ്രഗത്ഭ അഭിഭാഷകനായിരുന്ന സി എസ്‌ അനന്തകൃഷ്‌ണയ്യരുടെ കീഴില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അധികം വൈകാതെ ഗുരുവിനോപ്പോലെ ശിഷ്യനും പേരെടുത്ത വക്കീലായിത്തീര്‍ന്നു. 1927ല്‍ എറണാകുളത്ത്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചതോടൊപ്പം സാമൂഹിക മേഖലയിലും നേതൃപരമായ പങ്ക്‌ നിര്‍വഹിച്ചു. 1928ല്‍ കൊച്ചി ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലേക്ക്‌ കൊടുങ്ങല്ലൂര്‍ മുസ്‌ലിം നിയോജകമണ്ഡലത്തില്‍ നിന്നും എതിരില്ലാതെ രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു. ടി എം മൊയ്‌തുസാഹിബ്‌, എ കെ കുഞ്ഞിമ്മായിന്‍ ഹാജി, സി പി മമ്മുക്കേയി തുടങ്ങിയ പ്രമുഖരുടെ ക്ഷണപ്രകാരം 1932ല്‍ എറണാകുളം വിട്ട്‌ തലശ്ശേരിയിലേക്ക്‌ അഭിഭാഷകനായെത്തിയതോടെയാണ്‌ സീതിസാഹിബിന്റെ ജീവിതത്തില്‍ സുപ്രധാനമായ വഴിത്തിരിവുകളുടെ തുടക്കമായത്‌.

തലശ്ശേരി തിരുവങ്ങാട്‌ ശ്രീരാമക്ഷേത്രത്തിനു സമീപം വാടകക്കെട്ടിടത്തില്‍ കഴിഞ്ഞ സീതി വക്കീലിനെത്തേടി കേസുകെട്ടുകളുമായി അഷ്‌ടദിക്കില്‍ നിന്നും ജനങ്ങളെത്തി. പില്‍ക്കാലത്ത്‌ സുപ്രീംകോടതി ജഡ്‌ജി വരെയായ ജസ്റ്റിസ്‌ വി ഖാലിദ്‌ അക്കാലത്ത്‌ സീതിസാഹിബിന്റെ ജൂനിയറായിരുന്നു. വടക്കേ മലബാറിലെ പ്രധാന കേസുകളിലെല്ലാം അക്കാലത്ത്‌ ഒരു ഭാഗത്ത്‌ സീതിസാഹിബുണ്ടായിരുന്നുവെന്ന്‌ ടി എം സാവാന്‍കുട്ടി എഴുതിയിട്ടുണ്ട്‌. 1956ല്‍ വീണ്ടും എറണാകുളത്തേക്ക്‌ താമസം മാറ്റി.

അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ ഘടകമായി രൂപപ്പെട്ട മലബാര്‍ ജില്ലാ മുസ്‌ലിംലീഗ്‌ സമുന്നതമായ നേതൃത്വം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. 1937 ഡിസംബര്‍ 20ന്‌ തലശ്ശേരിയിലാണ്‌ സംഘടന രൂപപ്പെട്ടത്‌. ഹാജി അബ്‌ദുസ്സത്താര്‍ സേട്ട്‌, സി പി മമ്മുക്കേയി, മണപ്പാട്ട്‌ കുഞ്ഞഹമ്മദ്‌ ഹാജി, ശെയ്‌ഖ്‌ റാവൂത്തര്‍, ടി എം മൊയ്‌തു സാഹിബ്‌, കെ ഉപ്പി സാഹിബ്‌, കെ എം മൗലവി, ബി പോക്കര്‍ സാഹിബ്‌, എ കെ ഖാദര്‍കുട്ടി, സീതി സാഹിബ്‌ തുടങ്ങിയവരായിരുന്നു സമ്മേളനത്തിലെ പ്രഭാഷകര്‍. ആദ്യ കമ്മിറ്റിയില്‍ ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ സീതിസാഹിബായിരുന്നു.

മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ സമ്മേളനം 1940 ഏപ്രില്‍ 29ന്‌ കോഴിക്കോട്ട്‌ നടന്നപ്പോള്‍ സീതി സാഹിബായിരുന്നു പ്രധാന സംഘാടകന്‍. അവിഭക്ത ബംഗാളിലെ പ്രധാനമന്ത്രിയായിരുന്ന ഫസലുല്‍ഹഖ്‌ ആയിരുന്നു വിശിഷ്‌ടാതിഥി. പിന്നീട്‌ അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ മദിരാശി സമ്മേളനത്തില്‍ സീതിസാഹിബ്‌ യുവപ്രതിനിധിയായി പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്‌തു.

1943 ജനുവരി 23ന്‌ കോഴിക്കോട്ടു ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച്‌ വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്നതും സീതി സാഹിബ്‌ ആയിരുന്നു. സി എച്ച്‌ മുഹമ്മദ്‌കോയ എന്ന പ്രതിഭാശാലിയായ രാഷ്‌ട്രീയ വ്യക്തിത്വം കടന്നുവരുന്നത്‌ ഈ സംഘടനയിലൂടെയായിരുന്നു. അദ്ദേഹത്തെ കണ്ടെത്തിയതാകട്ടെ സീതിസാഹിബും. 1932 മാര്‍ച്ച്‌ 26ന്‌ തലശ്ശേരിയില്‍ നിന്ന്‌ പ്രസിദ്ധീകരണം തുടങ്ങിയ ചന്ദ്രികയുടെ പിന്നിലുള്ള സൂത്രധാരകനും സീതിസാഹിബായിരുന്നു. തൈലക്കണ്ടി സി മുഹമ്മദ്‌ ആയിരുന്നു ആദ്യത്തെ പത്രാധിപര്‍. 1935ല്‍ കുറച്ചുകാലം നിര്‍ത്തിവെച്ചെങ്കിലും 1938ല്‍ ദിനപത്രമായി പ്രസിദ്ധീകരണം പുനരാരംഭിച്ചു. 1946ലാണ്‌ ചന്ദ്രിക കോഴിക്കോട്ടെത്തിയത്‌. ``ചന്ദ്രികയുടെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചാല്‍ അതോടെ ഈ സമുദായത്തിന്റെ ജീവന്‍ നിലയ്‌ക്കും'' എന്ന്‌ പ്രസംഗിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു സീതിസാഹിബിന്‌ ദിനപത്രം. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്നെതിരായ മുഖപ്രസംഗങ്ങള്‍ എഴുതിയതു കാരണം മലബാര്‍ കലക്‌ടര്‍ മെക്കിവന്‍ സീതിസാഹിബിനെ കലക്‌ടറേറ്റിലേക്ക്‌ വിളിച്ചുവരുത്തി. തന്റെ മുന്നിലെത്തിയ പത്രാധിപരെ കണ്ടപ്പോള്‍ കലക്‌ടര്‍ പറഞ്ഞതിങ്ങനെ: "You are too young to be an editor of a daily" (ഒരുദിനപത്രത്തിന്റെ പത്രാധിപരാകാന്‍ മാത്രം തനിക്ക്‌ പ്രായമായിട്ടില്ലല്ലോ!) (ടി എം സാവാന്‍കുട്ടി, സീതി സാഹിബ്‌ ജീവചരിത്രം, 62)

1950 ജനുവരി 26ന്‌ ഇന്ത്യാ റിപ്പബ്ലിക്കോടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ്‌ ഔദ്യോഗിക സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചെടുത്തു. ബി പോക്കര്‍ സാഹിബ്‌ മലപ്പുറം നിയോജകമണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്കും സീതിസാഹിബ്‌ മലപ്പുറം മണ്ഡലത്തില്‍ നിന്ന്‌ മദിരാശി നിയമസഭയിലേക്കും വിജയിച്ചു. കെ കെ മുഹമ്മദ്‌ ശാഫി, ചാക്കീരി അഹ്‌മദ്‌കുട്ടി, കെ ഉപ്പി സാഹിബ്‌, എം ചടയന്‍ എന്നിവരായിരുന്നു സീതിസാഹിബിന്‌ പുറമെ നിയമസഭയിലെത്തിയ മുസ്‌ലിംലീഗുകാര്‍. ഉപ്പിസാഹിബ്‌ പാര്‍ട്ടിയുടെ സഭാനേതാവും സീതിസാഹിബ്‌ ഉപനേതാവുമായി. മദിരാശി നിയമസഭയില്‍ സീതിസാഹിബ്‌ അംഗമായ കാലഘട്ടം മുസ്‌ലിംലീഗിന്റെയും ഇന്ത്യന്‍ മുസ്‌ലിംകളുടെയും ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു. 1949ല്‍ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്‌ ആക്‌ട്‌) മദിരാശി സംസ്ഥാനത്ത്‌ പൂര്‍ണമായി നടപ്പാക്കുന്ന ഭേദഗതി നിയമം അവതരിപ്പിച്ച്‌ പാസ്സാക്കിയെടുത്തത്‌ സീതിസാഹിബായിരുന്നു. അതിന്റെ പിന്നില്‍ നടത്തിയ ധീരോദാത്തമായ മുന്നൊരുക്കങ്ങളും ലേഖനപരമ്പരകളും സംഭാഷണങ്ങളും പില്‍ക്കാലത്ത്‌ അദ്ദേഹം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌.

സമുദായ നവോത്ഥാനത്തിന്റെ ചാലകശക്തി വിദ്യാഭ്യാസമാണ്‌ എന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം വിദ്യാലയങ്ങള്‍ നിര്‍മിച്ചെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ കൊച്ചി വിദ്യാഭ്യാസ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹപാഠിയും കൂട്ടുകാരനുമായ മുഹമ്മദ്‌ അബ്‌ദുര്‍റഹമാന്‍ സാഹിബിനൊപ്പം സജീവമായി. ഏറനാട്‌, വള്ളുവനാട്‌ പ്രദേശങ്ങളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരമായി മലപ്പുറം ഗവണ്‍മെന്റ്‌ ഹൈസ്‌കൂള്‍ ഉയര്‍ന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത്‌ സീതിസാഹിബാണ്‌. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കാന്‍ സീതിസാഹിബ്‌ രൂപീകരിച്ച മുസ്‌ലിം ഹൈസ്‌കൂള്‍ കമ്മിറ്റിയാണ്‌ പിന്നീട്‌ മലബാര്‍ മുസ്‌ലിം അസോസിയേഷനായി മാറിയത്‌. വെട്ടത്ത്‌ പുതിയങ്ങാടി ഗേള്‍സ്‌ ഹൈസ്‌കൂള്‍, കോഴിക്കോട്‌ ഗവ.ഗേള്‍സ്‌ ഹൈസ്‌കൂള്‍, ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍, മദ്‌റസ മുഹമ്മദിയ്യ ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്നീല്‍ സീതിസാഹിബിന്റെ ദീര്‍ഘദര്‍ശനമാണുള്ളത്‌. തലശ്ശേരി മുബാറക്‌ ഹൈസ്‌കൂള്‍, വിദ്യാര്‍ഥിനികള്‍ക്ക്‌ മാത്രമായുള്ളതാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും യാഥാസ്ഥിതിക മുസ്‌ലിംകളുടെ കടുത്ത എതിര്‍പ്പുകാരണം ആ ശ്രമം വിജയിച്ചില്ല. വടക്കേ മലബാറില്‍ എടക്കാട്‌ ഹുസ്സന്‍ കാസം ട്രസ്റ്റ്‌ രൂപീകരിച്ച്‌ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ഒരുക്കിയതും അദ്ദേഹം തന്നെ. ഫാറൂഖ്‌ ട്രെയ്‌നിംഗ്‌ കോളെജ്‌, തിരൂര്‍ പോളിടെക്‌നിക്‌ (ഇന്ന്‌ സീതിസാഹിബ്‌ പോളിടെക്‌നിക്‌), തളിപ്പറമ്പ്‌ ഹൈസ്‌കൂള്‍ തുടങ്ങിയവയെല്ലാം ആ ക്രാന്തദര്‍ശിയുടെ ജീവിതമുദ്രകളാണ്‌.

തിരൂരങ്ങാടി യതീംഖാനയുടെ ആരംഭത്തിലും വളര്‍ച്ചയിലും സീതിസാഹിബിന്റെ പങ്ക്‌ നിസ്‌തുലമാണ്‌. സി എച്ച്‌ മുഹമ്മദ്‌കോയയുടെ വാക്കുകളില്‍ അതിങ്ങനെ സംഗ്രഹിക്കാം: ``കെ എം മൗലവി സാഹിബിന്റെ ഈമാനും എം കെ ഹാജി സാഹിബിന്റെ സമുദായ സ്‌നേഹവും, സീതി സാഹിബിന്റെ മാര്‍ഗദര്‍ശനവും സത്താര്‍ സേട്ട്‌ സാഹിബിന്റെ ഉപദേശവും മാത്രം മൂലധനമായി, എം കെ ഹാജിയുടെ ഒരു വീട്ടില്‍ ആരംഭിച്ച തിരൂരങ്ങാടി യതീംഖാന ഇന്ന്‌ കേരളത്തിലെ ഏറ്റവും വലിയ അനാഥമന്ദിരമായിരിക്കുന്നു. സീതിസാഹിബിന്റെ അനുഗ്രഹാശീര്‍വാദങ്ങളോ ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളോ ചിന്തയോ കൊണ്ട്‌ നിറം പിടിപ്പിക്കപ്പെട്ടവയല്ലാതെ ഇന്നത്തെ മുസ്‌ലിം കേരളത്തില്‍ ഏത്‌ സ്ഥാപനമുണ്ട്‌'' (തിരൂരങ്ങാടി യതീംഖാന സോവനീര്‍, പേജ്‌ 36)

1943ല്‍ മലബാര്‍ ദേശത്ത്‌ വ്യാപകമായി പടര്‍ന്നു പിടിച്ച കോളറ നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. അന്ധവിശ്വാസങ്ങളില്‍ മുഴുകിയിരുന്ന ഉള്‍നാടുകളില്‍ കോളറയുടെ വിപത്ത്‌ പെരുകുകയും ചെയ്‌തു. നിരവധി കുഞ്ഞുങ്ങള്‍ അനാഥരായി. അവരെ സംരക്ഷിക്കുന്നതിനാണ്‌ എം കെ ഹാജിയുടെ നേതൃത്വത്തില്‍ - കെ എം മൗലവി, സീതിസാഹിബ്‌, കൊയപ്പത്തൊടി അഹ്‌മദ്‌കുട്ടി ഹാജി, എ കെ കുഞ്ഞിമായിന്‍ ഹാജി തുടങ്ങിയവരുടെ സഹകരണത്തോടെ തിരൂരങ്ങാടി യതീംഖാന ഉയരുന്നത്‌. ജെ ഡി റ്റി ഇസ്‌ലാം സഭയുടെ ഭാഗമായി 1943 ഡിസംബര്‍ 11ന്‌ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസാങ്കണത്തില്‍ വെച്ച്‌ ഹാജി അബ്‌ദുസ്സത്താര്‍ സേട്ടിന്റെ അധ്യക്ഷതയില്‍ സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളാണ്‌ തിരൂരങ്ങാടി യതീംഖാന ഉദ്‌ഘാടനം ചെയ്‌തത്‌. അന്നുതൊട്ട്‌ 1961 ഏപ്രില്‍ 17ല്‍ മരണപ്പെടും വരെ യതീംഖാനയുടെ വൈസ്‌ പ്രസിഡന്റായിരുന്നു സീതി സാഹിബ്‌.

പി എം എ ഗഫൂര്‍