Pages

Sunday, 19 January 2014

പാനസോണികിന്റെ സ്ക്രൂ ബംഗാളിയുടെ ബുദ്ധി








റാസല്‍ ഖൈമ യിലെ സൂഖ് മാരീസില്‍ ജോലി ചെയ്യുന്ന കാലത്ത് റൂമിലെ ടെലിവിഷന്‍ തകരാര്‍ ആയപ്പോള്‍ അത് റിപ്പയര്‍ ചെയ്യാന്‍ വേണ്ടിയാണ് ഞാനും സുഹൃത്ത് റഹീമും കൂടി മുത്തലിബിന്റെ അടുത്ത് എത്തുന്നത്‌ ....തടിച്ചു കുറുകിയ പാകിസ്ഥാനി സ്വദേശി....കവിളിനകത്തു നെഷ്വാര്‍ വെച്ച് അതിന്റെ ലഹരിയില്‍ ആണ് മുഴുവന്‍ ജോലിയും അദ്ദേഹം ചെയ്യുന്നത്....വളരെ നല്ല കഴിവുള്ള ടെക്നീഷ്യന്‍ ആണെന്നാണ്‌ മുത്തലിബ് അറിയപ്പെടുന്നത്....പെഷാവാര്‍ സ്വദേശി ആണ്...ജോലിയോട് അങ്ങേ അറ്റം ആത്മാര്‍ഥത ഉള്ളയാള്‍ ....പരിജയപ്പെട്ടതിനു ശേഷം ആ സൌഹൃദം കാത്തു സൂക്ഷിക്കാന്‍ ഞങ്ങള്‍ പരസ്പരം ശ്രമിച്ചിരുന്നു....ഒരു ദിവസം മുത്തലിബിന്റെ ഫോണ്‍ കാള്‍ വന്നു....അവനു ജോലിയില്‍ സഹായിക്കാന്‍ ഒരു സഹായി വേണം എന്നതായിരുന്നു ആവശ്യം .....ശ്രമിക്കാം എന്ന് പറഞ്ഞു വെച്ച് ഫോണ്‍ വെച്ചപ്പോഴാണ് എന്റെ ബംഗാളി സുഹൃത്ത് അലാവുദ്ധീന്‍ ഒരാളെ പറ്റി പറഞ്ഞ കാര്യം പറഞ്ഞത് ...അങ്ങിനെ അലാവുദ്ധീന്‍ സുഹൃത്തിനെ കൂട്ടി എന്റെ അടുത്ത് വന്നു.....ഞങ്ങള്‍ മൂന്നു പേരും കൂടി മുതലിബിനെ പോയി കണ്ടു അലാവുദ്ധീന്റെ സുഹൃത്തിനെ പരിജയപ്പെടുത്തി കൊടുത്തു.....





                       പിറ്റേ ദിവസം മുത്തലിബിന്റെ ഫോണ്‍ കാള്‍ വന്നപ്പോള്‍ ഞാന്‍ വെറുതെ പരിഭ്രമിച്ചു ...ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ ആവോ?...മുത്തലിബ് ഫോണ്‍ എടുത്ത ഉടനെ ചിരിയോടു ചിരി....എന്നിട്ട് പറഞ്ഞു....നിന്നെ ഒന്ന് കാണാനുണ്ട്....നീ ഇങ്ങോട്ട് വാ....ചിരിയോടു കൂടി ഉള്ള വിളി ആയതിനാല്‍ ഗൌരവം ഉള്ള വിഷയം അല്ല എന്ന് മനസ്സിലാക്കി അപ്പോള്‍ തന്നെ ഞാന്‍ അവന്റെ കടയിലേക്ക് നടന്നു....മുത്തലിബ് സംഭവം വിവരിച്ചു....അതിങ്ങനെ ആയിരുന്നു

                         ബംഗാളി ജോലിക്ക് വന്ന ഉടനെ നാഷണല്‍ പാനസോണിക് ടേപ്പ് റിക്കാര്‍ഡര്‍ എടുത്തു കൊടുത്തു അതിന്റെ കമ്പ്ലൈന്റ് പറഞ്ഞു കൊടുത്തു കൊണ്ട് അത് റിപ്പയര്‍ ചെയ്യാന്‍  ആവശ്യപ്പെട്ടു ....അങ്ങിനെ റിപ്പയര്‍ ചെയ്തു കഴിഞ്ഞു ബംഗാളി മുതലിബിനു അത് കാണിച്ചു കൊടുത്തു....മേശയ്ക്കു പുറത്തു കുറെ സ്ക്രൂകള്‍ ബാക്കി ഇരിക്കുന്നത് കണ്ടപ്പോള്‍ മുത്തലിബ് ചോദിച്ചു....

ഭായ് ....യെ സ്ക്രൂ  നഹീ രഖാ

വോ മുഷ്കില്‍ നഹീ സാബ്....കോമ്പനീ ഇസമേ സ്യാദാ രഖാ താ

(അത് സാരമില്ലാ സായിബെ ...കമ്പനി ഇക്കണ്ട സ്ക്രൂകള്‍ ഒക്കെ ചുമ്മാ വെചെക്കുവാണെന്ന് )  

ഓര്‍മകള്‍ക്ക് മരണമില്ലാതിരിക്കാന്‍ ....

വാട്ട്സപ്പിലൂടെ അവളുടെ സമ്മാനത്തിന്റെ ഫോട്ടോ അയച്ചു തന്നിട്ട് ഭാര്യ ഒരു ചോദ്യം.....ഇന്നത്തെ ദിവസം ഓര്‍മ്മയുണ്ടോ? അല്‍പ നേരം ഞാനും തണുത്തു വിറങ്ങലിച്ചു പോയി....എന്റെ സുഹൃത്ത് എനിക്ക് വിവാഹ സമ്മാനമായി  തന്ന ആ സമ്മാന പൊതി ഇന്നും തുടച്ചു വൃത്തി ആക്കി സൂക്ഷിക്കുന്നത് എന്റെ ഭാര്യ ആണ്....അവളുടെ ഓരോ ചരമ ദിനത്തിലും എന്നെ ഒര്മിപ്പിക്കുന്നതും എന്റെ ഭാര്യ തന്നെ....അല്ലെങ്കിലും അവളുടെ അകാലത്തില്‍ ഉള്ള പിരിഞ്ഞു പോകല്‍ എന്നെക്കാളെ റെ എന്റെ ഭാര്യക്കും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ആയിരുന്നില്ല .







                         കോളേജില്‍ പഠിക്കുന്ന കാലത്താണ് പൂച്ച കണ്ണുള്ള ആ സുന്ദരിയെ ഞാന്‍ ആദ്യമായി കാണുന്നത്....ഇരു നിറം ഉള്ള ശരീരം....ചുരിദാറും മുഖ മക്കനയുമിട്ടു മുഖത്ത് കൃത്രിമം ഏതും ഇല്ലാതെ ഘടിപ്പിച്ചു വെച്ച ചിരിയുമായി  ഒരു തനി നാടന്‍ പെണ്‍കുട്ടി....പേര് സജ്ന , പരിജയപ്പെടുന്നത് വളരെ യാദ്രിശ്ചികം ആയിട്ടായിരുന്നു....ഇടത്തരം കുടുംബത്തില്‍ വളര്‍ന്ന അവള്‍ക്കു ഭാവിയെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു...പഠിച്ചു ഒരു ടീച്ചര്‍ ആവണം ...ജോലി കിട്ടിയിട്ട് മാത്രമേ കല്യാണം കഴിക്കുകയുള്ളൂ  എന്നൊക്കെ അവള്‍ തന്നെ മനസ്സില്‍ എടുത്ത ഉറച്ച തീരുമാനം പങ്കു വെക്കാറുണ്ടായിരുന്നു....അവളുടെ ആഗ്രഹം സഫലമായി....ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച അവള്‍ ബി എഡ നും ഞാന്‍ പ്രവാസ ജീവിതത്തിലേക്കും കുടിയേറി....രണ്ടു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ നാട്ടില്‍ വരുന്നത്...കല്യാണം ഉറപ്പിച്ചതോട് കൂടി പഴയ സുഹൃത്തുക്കളെ കാണാനും കല്യാണത്തിന് ക്ഷണിക്കാനും പോകുന്നതിനിടയില്‍ അവളുടെ വീട്ടിലും എത്തി...എന്നാല്‍ പഴയ പ്രസന്നവതിയായ സജ്നയെ എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല ....ആകപ്പാടെ നിരാശയുടെ കാര്‍മേഘം മൂടി കെട്ടിയ പോലെ അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു....

എന്ത് പറ്റിയെടോ തനിക്കു ?

ഹേ ഒന്നൂല്ലല്ലോ എന്ന മറുപടിയില്‍ ഞാന്‍ തൃപ്തനായില്ല ....അപ്പോള്‍ ആണ് അവള്‍ എന്നോട് പറയുന്നത്

എനിക്ക് നിന്നോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്

ഹും ...പറ

നീ എന്റെ കൈ കണ്ടോ?

കൈപ്പത്തി കാണിച്ചു തന്നപ്പോള്‍ ഞാനും ആകെ വിഷമത്തിലായി....ഇരു നിറത്തില്‍ ഉള്ള ശരീരത്തില്‍ വെള്ള പ്പാണ്ട് എന്നാ രോഗം അവള്‍ക്കു കഠിനമായ വെളുപ്പ്‌ നിറം ചാര്‍ത്തി കൊടുത്തിരിക്കുന്നു....എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു നില്‍ക്കുന്ന എന്റെ മുഖത്ത് നോക്കി അവള്‍ വീണ്ടും ചോദിച്ചു?

ഈ സൂക്കേട്‌ വരുന്നത് വല്ല ശാപോം കൊണ്ടാണോ?...അല്ലേല്‍ തന്നെ എന്നെ ആര്  ശപിക്കാനാ ല്ലേ?

ആശ്വസിപ്പിക്കാന്‍ പോലും ആവാതെ കുഴങ്ങുന്ന അവള്‍ വീണ്ടും ചോദിച്ചു

ഇത് മാറുമോ?...ഇതിനു വല്ല ചികിത്സയും ഉണ്ടോ?

ഉണ്ട്...നീ ഇങ്ങിനെ ബെജാരാവല്ലേ ....ചികില്‍സയൊക്കെ കാണും

അവളുടെ ഉമ്മ കൊണ്ട് തന്ന ജൂസ് കുടിക്കാന്‍ പോലും മനസ്സ് വന്നില്ല ....വേദനയോടെ അതിലേറെ സമാശ്വസിപ്പിക്കാന്‍ പോലും വാക്കുകള്‍ കിട്ടാതെ ഇറങ്ങി പോരുമ്പോള്‍ അവള്‍ പറഞ്ഞു...

ഞാന്‍ ഇപ്പം എവിടേം പോകാറില്ല ...എങ്കിലും നിന്റെ കല്യാണത്തിന് ഞാന്‍ വരും ..

കൃത്രിമമായി ചിരിച്ചു കൊണ്ട് അവിടം വിടുമ്പോള്‍ മനസ്സ് ഇരുട്ട് മൂടി കഴിഞ്ഞിരുന്നു....എന്തിനാണ് റബ്ബേ ഇത്തരം രോഗങ്ങള്‍ കൊടുത്തു പരീക്ഷിക്കുന്നു എന്ന് ആലോചിച്ചു പോയി....കണ്ണ് നീര്‍ തുള്ളികള്‍ അവള്‍ക്കുള്ള പ്രാര്‍ത്ഥന ആയി പരിണമിച്ചു.....

കല്യാണത്തിന്റെ തലേ ദിവസം ആണ് അവള്‍ വന്നത് ....കയ്യില്‍ ഉള്ള പൊതി തരുമ്പോള്‍ എന്നോട് പറഞ്ഞു.

ഇതില്‍ എന്റെ ഓര്‍മ്മകള്‍ കൊത്തി  വെച്ചിട്ടുണ്ടാവും...കാലന്തരങ്ങളോളം നിനക്ക് സൂക്ഷിക്കാന്‍

കല്യാണ തിരക്ക് കഴിഞ്ഞു ഞാന്‍ ആ സമ്മാന പൊതി അഴിക്കുമ്പോള്‍ ഭാര്യയോടു അവളെ പറ്റി പറഞ്ഞിരുന്നു....സ്നേഹപൂര്‍വ്വം സജ്ന എന്ന് കൊത്തി  വെച്ച ആ സമ്മാനം ഭാര്യ അലമാരയില്‍ സൂക്ഷിച്ചു വെച്ചു ....

ഉറക്കത്തിന്റെ മൂര്‍ധന്യത്തില്‍ ആണ് ഫോണ്‍ ബെല്ലടിയുന്നത് കേട്ടത് ....ഉറക്കം നശിപ്പിച്ച ആ ഫോണ്‍ ബെല്ലിനെ ശപിച്ചു കൊണ്ടാണെങ്കിലും ഫോണെടുത്തു...
മറുതലക്കല്‍ ഉറ്റ സുഹൃത്തിന്റെ ശബ്ദം....

ഡാ സോറി ...അറിയാം ഉറങ്ങുകയാണെന്ന്

എന്ത് പറ്റി നിസാര്‍ ....കാര്യം പറ

അത് പിന്നെ സജ്നയും കുറച്ചു ബന്ധുക്കളും കൂടി ടൌണില്‍  പോയിരുന്നു....അവളുടെ ചികിത്സക്ക് വേണ്ടി ...തിരിച്ചു വരുമ്പോള്‍ ഏറെ വൈകിയിരുന്നു...അവര്‍ സഞ്ചരിച്ച ജീപിന്റെ ഡ്രൈവര്‍ ഉറങ്ങി പോയി ...ജീപ്പ് മരത്തിലിടിച്ച് സജ്ന മരണപ്പെട്ടു ...

നിസാറിന്റെ ഫോണ്‍ കാള്‍ പോലും ഞാന്‍ വെറുത്തു പോയി...ഇന്നലെയും ഞാന്‍ അവളെ വിളിച്ചിരുന്നു...വീട്ടില്‍ നിന്നും ചിലരുടെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് അവള്‍ ഈ യാത്രയ്ക്ക് തയ്യാരായാത്....അത് അവസാനതെത് ആകുമെന്ന് ഞാനും കരുതിയില്ല .....ആകെ തളര്‍ന്നു പോയി കണ്ണില്‍ ആകെ ഇരുട്ട് കയറിയ പോലെ ...

         അകത്തളത് കിടത്തിയിരിക്കുന്ന വെളുത്ത തുനിക്കെട്ടുകള്‍ക്കിടയില്‍ കിടന്നു പുറത്തു നില്‍ക്കുന്ന എന്നെ നോക്കി അവള്‍ ചിരിക്കുന്നുണ്ടോ എന്ന് തോന്നി പോയി....മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ സമാനിച്ചു കൊണ്ട് അവളെയും താങ്ങി എടുത്തു കുറച്ചു പേര്‍ പള്ളിക്കാട്ടിലേക്ക്‌ യാട്രയായതു ഈ ദിവസമായിരുന്നു....മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെയും ആ സമ്മാന പൊതിയും എന്റെ ഭാര്യയും സജ്നയെ എന്റെ ഓര്മ താളുകളില്‍ നിന്ന് ഉയര്‍ത്തി എടുത്തു കാണിച്ചു തരും....ഓര്‍മകള്‍ക്ക് മരണമില്ലാതിരിക്കാന്‍ ....




Saturday, 18 January 2014

തേങ്ങുന്ന മാതൃ ഹൃദയം

ജോലി സംഭന്ധിച്ച തിരക്കിനിടയില്‍ ആ മുഖം മാറി നിന്ന് എന്റെ  മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് ഞാന്‍ അത്ര ഗൌനിചിരുന്നില്ല ....പക്ഷെ കുറെ സമയം അവിടെ ചുറ്റി പറ്റി നിന്ന് ഞാന്‍ തിരക്കില്‍ നിന്നൊഴിവായി എന്ന് മനസ്സിലായപ്പോള്‍ അവന്‍ എന്റെ അടുത്തേക്ക് വന്നു ....സലാം പറഞ്ഞു കൈ തന്നപ്പോള്‍ വല്ലാതെ ചൂട് പിടിച്ച രക്തം  ഞരമ്പുകളിലൂടെ ശീഘ്രം കുതിച്ചു പായുന്ന  പോലെ തോന്നി....

എന്നെ അറിയോ എന്നാ ചോദ്യം എന്നെ വിഷമതിലാക്കി....ഇത്രയും നേരം എന്നെ കാണാന്‍ വേണ്ടി കാത്തു നിന്ന ഇയാള്‍ ആരായിരിക്കാം എന്ന് മനസ്സില്‍ വല്ലാതെ വേവലാതിപ്പെടാന്‍ തുടങ്ങി....മുഖ പുസ്തകത്തില്‍ സുഹൃത്താണെന്നും നിങ്ങളെ നേരില്‍  കാണാന്‍ ഒരു പാട് ആഗ്രഹിചിരുന്നെന്നും പറയുമ്പോള്‍ ഇതിനു മാത്രം എന്താണ് എന്നില്‍ നിന്ന് ഇയാള്‍ക്ക് കിട്ടിയത് എന്ന് ഞാന്‍ സംശയിച്ചു കൊണ്ടേ ഇരുന്നു...മുറിച്ചു മുറിച്ചു സംസാരിക്കുന്ന അവന്‍ എന്നെ ഇടയ്ക്കിടയ്ക്ക് ഇക്ക എന്ന് വിളിക്കുമ്പോള്‍ യാന്ത്രികമായി അവന്റെ ജേഷ്ടന്റെ സ്ഥാനത് എത്തിപ്പെട്ട പോലെ തോന്നി....മൂന്നു മണിക്ക് ജോലി അവസാനിക്കും എന്ന് പറഞ്ഞപ്പോള്‍ അത് കഴിഞ്ഞു  ഞാന്‍ വരാം എന്ന് പറഞ്ഞു അവന്‍ പിരിഞ്ഞു...

              അല്ഖോറില്‍ നിന്നും ദോഹയിലെക്കുള്ള നൂറ്റി രണ്ടാം നമ്പര്‍ ബസ്സില്‍ ഒരുമിച്ചൊരു യാത്ര....ഇടയ്ക്കു എന്നെ ഒന്ന് പ്രശംസിച്ചു....ഇക്കയുടെ മുഖം എപ്പോഴും ചിരിച്ചു കൊണ്ടാണെന്ന് തോന്നുന്നു....അല്ലെങ്കിലും ജീവിതത്തില്‍ ഒരു പ്രയാസവും ഇല്ലാത്ത ആള്‍ക്ക് മാത്രമേ ഇങ്ങിനെ മന്ദസ്മിതനായി ഇരിക്കാന്‍ പറ്റൂ ....ഹയ്യട എന്നാ ഭാവത്തില്‍ അവന്റെ വാദത്തെ നിഷേധിച്ചു കൊണ്ട് അവന്റെ വിചാരങ്ങള്‍ തകര്‍ത്തു കൊണ്ടും ഞാനും മുന്നേറി....ആത്മാര്‍ഥമായ ഒരു അടുപ്പം അര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ തമ്മില്‍ കൈ വന്നിരുന്നു....

        ഗൌരവമായ ചര്‍ച്ചയിലേക്ക് കടന്നത്‌ വൈകിയാണെങ്കിലും അവന്റെ വേദനയുടെ ഒരംശം എങ്കിലും ഒപ്പം പങ്കു വെച്ചേക്കാം എന്ന് ഞാനും ആഗ്രഹിച്ചു....ഒപ്പം നിങ്ങളോടും കൂടി ആവാം എന്ന് വെച്ചതിന്റെ പൊരുള്‍ നിങ്ങള്ക്ക് വഴിയെ മനസ്സിലായിക്കോളും ...

                              രണ്ടു ആണ്മക്കള്‍ ആണ് അവന്റെ വീട്ടില്‍  ആകെ ഉള്ളത്...ഇവന്‍ ആണ് ഇളയവന്‍ ....വാപ്പ മരണപ്പെട്ടിട്ട് എട്ടു വര്ഷം കഴിഞ്ഞു....ജേഷ്ടന്‍ കല്യാണം കഴിച്ചത് വാപ്പയുടെ ബന്ധുവിനെ തന്നെയാണ്....മാറി താമസിക്കുകയും ചെയ്തു....ഇപ്പോള്‍ ഇവനും ഭാര്യയും രണ്ടു മക്കളും ഉമ്മയും തറവാട്ടില്‍ ആണ് താമസം ...ജേഷ്ടന്‍ മാറി താമസിച്ചതിനു ശേഷം തറവാട്ടില്‍ കയറുകയോ ഉമ്മയുടെ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്യാറില്ല....മറ്റു ചില പ്രശ്നങ്ങള്‍ കൂടി തല പൊക്കിയപ്പോള്‍ കാര്യങ്ങള്‍ രൂക്ഷമായി....ഇക്കാര്യം ചോദിച്ചു വന്നവരോടൊക്കെ അവന്‍ പറഞ്ഞ കാരണം ഉമ്മാക്ക് അവനോടു സ്നേഹമില്ലെന്നും അനിയനെ കൂടുതലായി സ്നേഹിക്കുന്നു എന്നതും ആണ്...റമദാന്‍ മാസത്തില്‍ പോലും അവന്റെ വീട്ടില്‍ കയറി ഉമ്മയോട് രണ്ടു വാക്ക് സംസാരിക്കാന്‍ പോലും അവന്‍ തയ്യാറാവുന്നില്ല എന്ന് വന്നപ്പോള്‍ അനിയന്‍ തൊട്ടടുത്ത പള്ളിയിലെ ഖാസിയോടു ഈ വിവരങ്ങള്‍ സംസാരിച്ചു....പതിവായി നമസ്കാരത്തിന് വരുന്ന അവന്‍ അന്ന് പള്ളിയില്‍ ഉണ്ടാവും എന്ന് മനസ്സിലാക്കിയ ഖാസി മാതാവിനോടുള്ള കടമ എന വിഷയത്തില്‍ അവനു കുറച്ചു ക്ലാസ് എടുത്തു കൊടുത്തു...അന്ന് വൈകുന്നേരം അവന്‍ ഒരു കിലോ നാരങ്ങയും വാങ്ങി തറവാട്ടില്‍ വന്നു കോലായില്‍ ഗ്രില്സും ചാരി നിന്ന് ഉമ്മാനെ വിളിച്ചു...ഉമ്മ എന്റെ മോന്‍ വന്നല്ലോ എന്നാ ആശ്വാസത്തില്‍ കയറി ഇരിക്കാന്‍ കസേര വെച്ച് കൊടുത്തെങ്കിലും അവന്‍ ഇരുന്നില്ല ....കയ്യില്‍ ഉള്ള നാരങ്ങാ പൊതി ഉമ്മയുടെ കയ്യില്‍ കൊടുത്തിട്ട് പള്ളിയിലെ ഉസ്താദ് പറഞ്ഞിട്ടാണ് ഞാന്‍ ഇത് കൊണ്ട് വന്നത് എന്ന് പറഞ്ഞു വന്നത് പോലെ ഇറങ്ങി പോയി....

                  തലയിണയുടെ ഉള്ളില്‍ നിന്ന് വെളുത്ത കടലാസില്‍ നൂല് കൊണ്ട് വരിഞ്ഞു കെട്ടിയ അറബി ആയത്തുകള്‍ കിട്ടിയപ്പോള്‍ ഉമ്മ ഒന്ന് പതറി....എന്തായിരിക്കും ഇത് എന്ന് പേടിച്ച ഉമ്മ വീട്ടിനടുത്തുള്ള ഒരു മുസ്ലിയാരുടെ അടുത്ത് പോയി കാര്യം തിരക്കി....അപ്പോള്‍ മുസ്ലിയാര്‍ അതിനകത് അറബിയില്‍ തന്റെയും മൂത്ത മകന്റെയും പേര് എഴുതിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു കൊടുത്തു....അങ്ങിനെ ഉമ്മ അവനെ ശപിച്ചു കൊണ്ട് അവിടുന്നിറങ്ങി...ഖത്തറില്‍ ഉള്ള മകനെ വിളിച്ചു കരഞ്ഞു കൊണ്ട് കാര്യങ്ങള്‍ അറിയിച്ചു കുറച്ചു കഴിയുമ്പോഴേക്കും ബി പി രോഗി ആയ ആ ഉമ്മ തളര്‍ന്നു കിടപ്പിലായി....ടെന്ഷ കൂടിയത് കാരണം കിട്നിയെ ബാധിച്ചു എന്നും ഒരാഴ്ച കിടക്കണം എന്നും ഹോസ്പിറ്റലില്‍ നിന്നും ഡോക്ടര്‍ ഉപദേശിച്ചു....ഉമ്മാക്ക് ഒരു കിഡ്നി മാത്രമേ നിലവില്‍ ഉള്ളൂ....ഡയാലിസിസ് വേണ്ടി വരുന്ന അവസ്ഥയില്‍ നിന്ന് താല്‍ക്കാലികമായി ആ ഉമ്മ രക്ഷപ്പെട്ടു....എന്നാല്‍ ഇന്നും തന്റെ മകന്‍ എന്തിനു തന്നോട് ഇത് ചെയ്തെന്നോ എന്തിനാണ് അവന്‍ എന്നെ ഉപദ്രവിക്കുന്നത് എന്നോ ഒക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ ആവാതെ ഇളയ മകനും ഭാര്യയും പ്രയാസപ്പെടുന്നു....കരഞ്ഞു കണ്ണീര്‍ ഒളിപ്പിച്ചു ഇരിക്കുന്ന ആ ഉമ്മയുടെ വേദനക്ക് സമാശ്വസിപ്പിക്കാന്‍ പോലും ആവാതെ പ്രയാസപ്പെടുന്ന എന്റെ ഈ മുഖ പുസ്തക സുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ പോലും ആവാതെ യാത്ര ചോദിച്ചു മടങ്ങുമ്പോള്‍ അവന്റെ ജെഷ്ടനെ എങ്ങാനും എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആശിച്ചു പോയി
    

Thursday, 16 January 2014

മൊയ്തൂക്കയെ അറിയുക

സമൂഹത്തിന്റെ പുറമ്പോക്കിലൂടെ സ്വയം അദ്രിശ്യനായി നടന്നു കാലം കഴിച്ചു കൂട്ടുന്ന ചിലരെ നമ്മള്‍ ശ്രദ്ധിക്കാതെ പോയേക്കാം ....അവര്‍ പിന്നിടുന്ന വഴിത്താരകള്‍ വേദനയുടെയും വെവലാതിയുടെതും ആകാം....മനസ്സ് പ്രക്ഷുബ്ധമാകുന്ന ഘട്ടങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ആകാശത്ത് നിന്നും കീഴ്പോട്ടു തൂക്കിയിട്ട പിടി വള്ളികള്‍ ആണ് അവര്‍ക്ക് ആശ്രയം....മനസ്സിന്റെ രോദനം വായിച്ചെടുക്കാന്‍ പാകത്തില്‍ മുഖ ഭാവം സൃഷ്ടിച്ചെടുതു താനറിയാതെ പ്രഭാതത്തില്‍ വീട് വിട്ടിറങ്ങി നിത്യവൃത്തിക്ക് വേണ്ടി മുന്നേറുമ്പോള്‍ അവര്‍ നമുക്ക് ആരുമല്ലെങ്കിലും അവരും നമ്മുടെ മുന്നില്‍ മനുഷ്യരായി ജീവിച്ചു കാലം തീര്‍ത്തു പോയവര്‍ ആണെന്ന് നാം ഓര്‍ക്കണം...അല്ലെങ്കിലും സാമൂഹിക മണ്ഡലത്തില്‍ പാവങ്ങള്‍ക്കും വേദനയുള്ളവനും വിശപ്പിന്റെ കാഠിന്യം അറിയുന്നവനും എന്ത് പ്രസക്തി?....





കുറ്റ്യാടി തൊട്ടില്‍പാലം റോഡില്‍ പതിവായി വാഹനം ഓടിച്ചു പോകുന്നവര്‍ കൊടക്കല്‍ പള്ളി മുതല്‍ തൊട്ടില്‍പാലം ടൌണ്‍ വരെ ആവശ്യത്തില്‍ കൂടുതല്‍ ജാകരൂകരായിരിക്കും ...കാരണം ഈ പാവം മനുഷ്യന്‍ ഏതു സമയവും എവിടെ വെച്ചും റോഡ്‌ മുറിച്ചു കടന്നേക്കാം...നാളുകളായി മൊയ്തൂക്ക അങ്ങിനെയാണ്....തന്റെ അന്നന്നത്തെ വകക്കുള്ള വകുപ്പ് തേടി ഇറങ്ങുന്ന ഒരു പാവം മനുഷ്യന്‍....എന്ത് കൊണ്ട് മൊയ്തൂക്ക എന്ന് ഞാന്‍ പലപ്പോഴായി ചിന്തിക്കാറുണ്ട്....അങ്ങാടിയില്‍ പോയി വീട്ടുകാര്‍ക്ക് സാദനങ്ങള്‍ എത്തിച്ചു കൊടുക്കുക എന്നാ ദൌത്യം ഏറ്റെടുത് ഭംഗിയായി നിര്‍വഹിച്ചു താന്‍ ചെയ്ത ജോലിക്ക് അര്‍ഹമായ കൂലിയും വാങ്ങി വീട്ടിലേക്കു തിരികെ പോകുമ്പോള്‍ അതിന്റെ ലക്‌ഷ്യം തന്നെ മഹത്തരമാണ്...നിത്യ രോഗി ആവുക എന്നത് അതുമായി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞാല്‍ പിന്നെയും അതോര്‍ത്തു വെവലാതിപ്പെടുന്നതിനു പകരം തന്റെ ഈ തടി കൊണ്ട് തന്നാലാവുന്നത് ചെയ്യുക എന്നാ ലക്‌ഷ്യം മുന്‍ നിര്‍ത്തി പ്രയാണം തുടരുക....അത് മോയ്തൂക്കാക്ക് മാത്രം അര്‍ഹാതപ്പെട്ടതാണ് എന്ന് തോന്നിപ്പോകാരുണ്ട് പലപ്പോഴും....ഒരു പക്ഷെ ക്ഷണിക്കപ്പെടാത്ത അതിഥി ആയി നിന്നിലേക്ക്‌ മൊയ്തൂക്ക വന്നേക്കാം.....പക്ഷെ ആ മനസ്സറിയാന്‍ നിനക്ക് കഴിഞ്ഞില്ലെങ്കിലോ?...മൊയ്തൂക്ക വിത്യസ്തന്‍ ആവുന്നത് അവിടെയാണ് ..മൌനം വാചാലമാക്കിയ ഒരു സാധു മനുഷ്യന്‍....കലഹിക്കുന്ന ലോകത്തോട്‌ മറുത്തൊരു കലപില കൂടാതെ തനിക്കു വേണ്ട കാര്യങ്ങള്‍ മുറ തെറ്റിയാലും വെടിപ്പോടെ നീങ്ങി കിട്ടാന്‍ കാതങ്ങള്‍ നടന്നു തീര്‍ക്കുന്ന ഒരാള്‍ .......എന്നെ അല്ഭുതപ്പെടുതാരുള്ള മറ്റൊരു മനുഷ്യന്‍ ഏറെ വിത്യസ്തന്‍ എന്നത് കൊണ്ട് മോയ്തൂക്കയെ നിങ്ങള്ക്ക് പരിജയപ്പെടുത്തി എന്ന് മാത്രം....നാഥന്‍ അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു 

Sunday, 12 January 2014

ചുരത്തില്‍ ഇരുന്നൊരു കുശലം






അടുത്ത് ചെന്നപ്പോള്‍ തുറിച്ച നോട്ടം
പേടിച്ചൂട്ടോ ന്നു പറഞ്ഞപ്പോള്‍
പല്ലിളിച്ചു കാണിച്ചു

നീട്ടിയ ഭക്ഷണം തട്ടി പ്പറിച്ചു
പിറകില്‍ നിന്ന് എത്തി നോക്കിയ
കുഞ്ഞന്‍ കുരങ്ങിനെ നീട്ടി വിളിച്ചു

പോവല്ലേ എന്ന് പറഞ്ഞപ്പോള്‍
വീണ്ടുമൊരു നോട്ടം
എന്താണ് എന്നൊരു ചോദ്യം

ഇവിടെ സുഖാണോ എന്ന് ചോദിച്ചപ്പോള്‍
കളിയാക്കി ഒന്ന് ചിരിച്ചു

താന്‍ കാണുന്നില്ലേ അവിടൊരു ബോര്‍ഡ്
ഞങ്ങള്‍ക്ക് തിന്നാന്‍ തരരുത്
ഞങ്ങള്‍ ചീത്തയായി പോകും
അല്ലേലും നിന്റെ യീ എച്ചില് തിന്നെത്ര കാലം ?

ഞങ്ങള്‍ക്ക് പരമ സുഖം
അവന്‍ തുടര്‍ന്നു
അല്ലേലും നിങ്ങള്‍ക്കൊരു വിചാരമുണ്ട്
നിങ്ങളുടെ പൂര്‍വികര്‍ ആണ് ഞങ്ങള്‍ എന്ന്
എങ്ങാനും ഡാര്‍വിനെ കിട്ടിയിരുന്നെങ്കില്‍

നിങ്ങളുടെ കാപട്യവും
ചതിയും വഞ്ചനയും
കൊല്ലും കൊലയും
ഞങ്ങളുടെ സംഭാവനയല്ല

കുലത്തെ പറയിക്കാന്‍
കിരാത ജന്മം ജനിചോരോടെന്തു പറയാന്‍
അല്ലേലും നിങ്ങള്ക്ക് നഷ്ടപ്പെട്ടത് ഞങ്ങള്ല്ക്
നഷ്ടപ്പെട്ടിട്ടില്ല
അതിന്റെ പേരാണ് സ്നേഹം

പല്ലിളിച്ചു പരിഹസിച്ചു കാടിറങ്ങി
വന്നവന്റെ മുഖത്ത് നോക്കി
നിര്‍ന്നിമേഷനായി മടങ്ങവേ
അവന്‍ കുഞ്ഞിനെ വയറ്റത്ത് ഒട്ടിച്ചു വെച്ച്
മരചില്ലകളിലൂടെ ശര വേഗത്തില്‍
ഇടയ്ക്കിടയ്ക്ക് പിറു പിറുത്തു കൊണ്ട് 

Wednesday, 8 January 2014

അന്ത്യ യാത്ര

ചത്ത്‌ കിടക്കുമ്പോള്‍ 

ചമഞ്ഞു കിടക്കണം
 
അത് ചൊല്ല് 


മരിച്ചാല്‍ മൂക്കില്‍ പഞ്ഞി വെക്കുന്നത് 

ഈച്ച ഉറുംബ്‌ മുതലായവ കേറാതിരിക്കാന്‍ 


അകത്തളത്തിലെ നാല് കാലില്‍ 

കിടത്തുന്നത് 

നിന്നെ അവസാനം ഒന്ന് കാണാന്‍ 

മലര്‍ത്തി കിടത്തുന്നത്

നിന്റെ മുഖത്ത് നോക്കി 

അവര്‍ക്ക് 

അട്ടഹസിക്കാന്‍ 

ആറു കാലില്‍ താങ്ങി 

കൊണ്ട് പോകുമ്പോള്‍ 

നിനക്ക് ചൊല്ലി തരുന്നത് 

ലാ ഇലാഹ ഇല്ല ള്ളാ ഹു 

നിന്നെ ഓര്‍മ്മിപിക്കാന്‍ 

ഒരു പിടി മണ്ണ് വാരി ഇട്ടു 

മിന്നാ ഖലക്കുനാക്കും 

ചൊല്ലി പിരിയുന്നവര്‍ 

പ്രാര്‍ഥി ക്കുന്നത് 

നിന്റെ ആഖിരത്തിന്

എന്നാല്‍ നീ 

നിനക്ക് വേണ്ടി 

എന്ത് ചെയ്തു?

മരണം ഉണ്ടെന്നരിഞ്ഞിട്ടും 

ആഖിരം ഉണ്ടെന്നരിവുണ്ടായിട്ടും?

Tuesday, 7 January 2014

ഇതാണ് ജീവിതം

ഒരു വട്ട പൂജ്യം വരച്ചു വെച്ച് 

ഒന്നാമന്‍ പറഞ്ഞു

ഇതാണ് ജീവിതം 

ചതുരത്തില്‍ വരഞ്ഞു വെച്ച് 

രണ്ടറ്റം കൂര്‍പ്പിച്ചു വെച്ച്

രണ്ടാമന്‍ പറഞ്ഞു 

ഇതാണ് ജീവിതം 

ഓവലില്‍ വരഞ്ഞെടുത്ത വട്ടത്തിന്റെ 

നാനാ കോണുകളില്‍ 

വിളക്ക് തെളിയിച്ചു 

മൂന്നാമന്‍ പറഞ്ഞു 

ഇതാണ് ജീവിതം

ഫലത്തില്‍ എല്ലാം ശൂന്യം എന്നറിഞ്ഞപ്പോള്‍ 

പൂജ്യവും ചതുരവും ഓവലും കൂട്ടിപ്പിടിച്ചു 

അതിലെ കൂര്‍ത്ത മുനകള്‍ മുറിച്ചെടുത്ത് 

വിളക്കുകള്‍ ഊതി കെടുത്തി

ചുരുട്ടി പ്പിടിച്ചു ഞാന്‍ പറഞ്ഞു 

ഇതാണ് ജീവിതം