ഞായറാഴ്ച സ്കൂളിനു അവധിയായത് കൊണ്ട് മദ്രസാ പഠനം പതിനൊന്നു മണി വരെ നീളും.....അതിനിടക്ക്കിട്ടുന്ന ഇടവേളയില്‍ ഓടി കിതചൊന്നു വീട്ടിലെത്തിയാല്‍ ഉമ്മ ദോശ ക്കല്ലില്‍ നിന്ന് ചൂടോടെ പറിച്ചെടുത്തു തരുന്ന ദോശയില്‍ തേങ്ങ ചിരവി ഇട്ട് പഞ്ചസാരയും ചേര്‍ത്ത് ചുരുട്ടി കയ്യില്‍ തരും ...പിന്നത്തെ ഓട്ടം ദോശയുടെ ബാക്കി ഭാഗം കടിച്ചു പിടിച്ചു കൊണ്ടാണ് ...അപ്പോള്‍ ഉമ്മ പുറകില്‍ നിന്ന് വിളിച്ചു പറയും...
ആട നിക്ക്വാനേ ....ഇനിക്കത് തീര്‍ത്തും തിന്നിറ്റ് പൊറോ?
പാണല്‍ വടി കൊണ്ട് ഉസ്താദിന്റെ അടി കിട്ടുന്നയിലും നല്ലത് ഈ ഓട്ടം തന്നെ എന്ന് വിചാരിച്ചു ഓടി കിതചെതുമ്പോള്‍ അടുത്ത നിര്‍ദേശം ഉസ്താദ് പുരപ്പെടുവിചിട്ടുണ്ടാവും
ളുഹറും അസറും എല്ലാരും പള്ളിക്ക് ജമാത്തിനെക്ക് എത്തണം ....കേട്ടിക്കല്ലേ
അസര്‍ നിസ്കാരത്തിനു വന്നാല്‍ പള്ളിയുടെ താഴത്തെ നിലയില്‍ വെറുതെ കുറെ നേരം ഇരിക്കും....വാണിമേല്‍ പുഴയുടെ മയ്യഴിയോടുള്ള അടങ്ങാത്ത അഭിനിവേഷതോട് കൂടിയുള്ള പ്രയാണം കാണാന്‍....ഒപ്പം പടിഞ്ഞാറന്‍ കാറ്റ് അറബിക്കടലില്‍ നിന്നും നേരിട്ട് വിതരണം ചെയ്യുന്ന കാറ്റിനെ പുല്‍കി അങ്ങിനെ സ്വപ്നം കണ്ടിരിക്കാന്‍ ....ഇടക് ചില മുതിര്‍ന്നവരും വിശ്രമിക്കുന്നവരില്‍ ഉണ്ടാകും ....അവൂള്ള ഹാജിയും പതിവുകാരില്‍ ഒരാള്‍ ആയിരുന്നു...വെറ്റില കെട്ടെടുത്തു മലര്‍ത്തി വെച്ച് ഉണ്ടന്‍ ഒരു മംഗള അടക്ക പൊട്ടിച്ചു കൊടുക്കാന്‍ എന്നെ ഏല്പിക്കും...
ഇഞ്ഞിതൊന്ന് അക്കല്ലുമ്മല്‍ ബെച്ച് കുതീങ്ങ് പൊട്ടിച്ചാ ....
വെറ്റിലയുടെ മുനമ്പ് പൊട്ടിച്ചെടുത്ത് ചുണ്ണാമ്പ് ഉരച്ചു പിടിപ്പിച്ചു പുകയില തണ്ടിന്റെ നാറിയ മണവും മൂക്കിലോട്ടു വലിച്ചു കേറ്റി അടക്കയും കൂടി ചുരുട്ടി അതിനകത്തേക്ക് കയറ്റി വായിലേക്ക് തിരുകി വെച്ച് വലത്തേ കവിളില്‍ കോട്ടിപ്പിടിച്ചു ചവച്ചു കൊണ്ടേ ഇരിക്കും....ഇടയ്ക്കു ചുണ്ടിലേക്ക് ചൂണ്ടാണി വിരലും അതിന്റെ അനിയന്‍ വിരലും ഒരു വഴി വെട്ടി ഉണ്ടാക്കി നീട്ടി വലിച്ചൊരു തുപ്പുണ്ട് ....ആകാശത്ത് ചുവപ്പിന്റെ മഴവില്ല് തീര്‍ത്തു ഭൂമിയിലേക്ക് പതിക്കുമ്പോള്‍ കാറ്റേ റ്റു വരുന്ന മിശ്രിതത്തിന്റെ മണം മനം പിരട്ടുന്നതായിരിക്കും....എങ്കിലും അവൂള്ളക്കാന്റെ കഥ കേള്‍ക്കാനുള്ള താല്പര്യം എന്നെ മൂപ്പരുടെ സാമീപ്യം വിട്ടു മാറാന്‍ സമ്മതിക്കാറില്ല
ഇന്നത്തെ തലമുറയോട് ജിന്നിനെ പറ്റിയോ ഭൂത പ്രേത പിശാജുക്കളെ പറ്റിയോ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല...അപ്പൊ തന്നെ അവര്‍ വല്ല ഗൂഗിള്‍ സെര്ച്ചിലോ മറ്റോ തപ്പി നോക്കും ...എന്നാല്‍ അവരും കൂടി അറിയട്ടെ ഈ സംഭവം എന്ന് വെച്ചാണ് ഞാന്‍ പണ്ട് എനിക്ക് അവൂള്ളക്ക പറഞ്ഞു തന്ന സംഭവ ബഹുലമായ അല്ലെങ്കില്‍ എന്റെ തന്നെ കുടുംബത്തില്‍ നടന്ന ഒരു സംഭവം നിങ്ങളോട് കൂടി പങ്കു വെക്കാം എന്നാഗ്രഹിച്ചത്,...
വളരെ പുരാതനമായ ഒരു കുടു മ്ബമായിരുന്നു ഞങ്ങളുടേത്.....പ്രമാണിയും ജന്മിയും ഒക്കെയായിരുന്ന വല്ല്യുപ്പ ആദ്യ ഭാര്യയുടെ മരണത്തിനു ശേഷം മറ്റൊരു കല്യാണം കഴിച്ചു ...എടച്ചേരി കാരിയായ ആയിഷ ആയിരുന്നു വധു....മൂരി വണ്ടിയിലാണ് അന്ന് പുത്യാപ്പിള പെണ്ണിന്റെ വീട്ടില്‍ പോയതും പെണ്ണിനെ തിരിച്ചു കൂട്ടി കൊണ്ട് വന്നതും...അതും പത്രാസുള്ള മൂരികളെ കെട്ടി വെച്ച് പതിനാറു മൂരി വണ്ടികള്‍ ...വാണിമേല്‍ പുഴയുടെ കുറുകെ പാലം ഉണ്ടായിരുന്നില്ല...വേനല്‍ക്കാലത്ത് മാത്രമേ സുഗമ സഞ്ചാരം ഉണ്ടാവുകയുള്ളൂ....പുഴയുടെ വശങ്ങളില്‍ ഇടിച്ചു താഴ്ത്തിയ ഭാഗത്ത് കൂടെ ഇറങ്ങി വന്നു തോണിയില്‍ വേണം അക്കരെ കടക്കാന്‍...ആയിഷയുടെ മനസ്സില്‍ പുഴ ഒരു രോദനം കണക്കെ നില വിളിച്ചു....വെള്ളം ഇഷ്ടപ്പെട്ട അവള്‍ പുഴയെ സ്നേഹിച്ചു....വീട്ടില്‍ നിന്നും അലക്കാനും കുളിക്കാനും പുഴയിലേക്ക് പോവുക പതിവായി തുടര്‍ന്നു
ആയിശുമ്മ ആവുമ്പോഴേക്കും അവരില്‍ പരിവര്‍ത്തനങ്ങള്‍ കണ്ടു തുടങ്ങി....അല്‍പ സ്വല്പം മാനസിക വിഭ്രാന്തി കാണിച്ചു തുടങ്ങിയ അവര്‍ ഉറക്കില്‍ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി ...ഗത്യന്തരമില്ലാതെ വല്ല്യുപ്പ അവര്‍ ഉറക്കില്‍ നിന്നെഴുന്നേറ്റു പോകുന്നത് അറിയാന്‍ മുണ്ടിന്റെ കോന്തലയില്‍ ആയിശുമ്മാന്റെ മുണ്ട് കെട്ടിയിട്ടു....
ചികിത്സിക്കാനും മന്തൃക്കാനും വന്ന മുസ്ലിയാര്‍ ആയിശുമ്മാക്ക് ജിന്ന് ബാധയാണെന്ന് വിധി എഴുതി....ഈ പറമ്പില്‍ ജിന്ന് സേവ ഉണ്ടെന്നും അതില്‍ ഒരു ജിന്ന് ആയിശുമ്മയെ ആവാഹിചെടുതെന്നും ആയി മുസ്ലിയാരുടെ വിലയിരുത്തല്‍....ഒരു ദിവസം സുബഹി നിസ്കരിക്കാന്‍ എഴുന്നേറ്റ വല്ല്യുപ്പയുടെ കോന്തല അഴിഞ്ഞു പോയിരിക്കുന്നു....ആയിശുമ്മ ഇല്ല...സകല സ്ഥലത്തും തിരഞ്ഞു നോക്കി.....മണ്ണെണ്ണ വിലക്ക് തെളിച്ചു നോക്കിയപ്പോള്‍ നിലത്തു ചോര തുള്ളികള്‍ വീണു പരന്നു കിടക്കുന്നത് കാണാം ....വല്ല്യുപ്പ പരിഭ്രാന്തനായി...വാതില്‍ തുറന്നു കിടക്കുന്നു...പുറതെക്കാന് ചോര പ്പാടുകള്‍ പോയിട്ടുള്ളത്...എന്താണ് സംഭവിച്ചത് എന്നൊരു പിടിയും കിട്ടുന്നില്ല ....അടുത്തുള്ള വീടുകളിലും കിണറുകളിലും പുഴയില്‍ വരെയും സകല സ്ഥലത്തും തിരഞ്ഞു നോക്കി...എവിടെയും കണ്ടെത്താനായില്ല....ഒരു ദിവസത്തെ തിരച്ചിലിന്റെ ഫലം നിരാശ ആയിരുന്നു....
പെരിങ്ങത്തൂര്‍ പുഴയിലെ കടവില്‍ മണല്‍ വാരല്‍ തൊഴിലാളികള്‍ നഗ്നയായ ഒരു സ്ത്രീ ഒലിച്ചു വരുന്നത് കണ്ടപ്പോള്‍ തോണി കള്‍ കൊണ്ട് തടസ്സം സൃഷ്ടിച്ചു ഒരു വിധം അവരെ കരക്കെത്തിച്ചു....ശരീരത്തില്‍ രക്തത്തിന്റെ പാടുകള്‍ ...ചെവി രണ്ടും മാന്തി പറിച്ചു വെച്ചിട്ടുണ്ട്...അവര്‍ ആ സ്ത്രീയെ ശരീരം മറച്ചു കരയില്‍ കിടത്തിയപ്പോള്‍ ആണ് ജീവനുണ്ടെന്നു മനസ്സിലായത്....എവിടെയാണ് സ്ഥലം എന്ന് ചോദിച്ചപ്പോള്‍ എടച്ചേരി ആണെന്ന് പറഞ്ഞു...അങ്ങിനെ അവിടെ നിന്നും ഒരു മൂരി വണ്ടിയില്‍ ആയിശുമ്മയെ അവര്‍ ഇടചെരിയിലെ വീട്ടില്‍ എത്തിക്കുമ്പോള്‍ വല്ല്യുപ്പയും സഹായികളും അവിടെ എത്തിയിരുന്നു...എല്ലാവരിലും അത്ഭുതം ...പത്തു പതിനഞ്ചു കിലോ മീറ്ററോളം ഒഴുകി പോയിട്ടും ജീവന്‍ ബാക്കി കിട്ടിയല്ലോ എന്ന ആശ്വാസവും ....പുഴയിലൂടെ തന്നെ ആരോ താങ്ങി കൊണ്ട് പോയതാണെന്ന ആയിശുമ്മയുടെ വിശദീകരണം ജിന്നിന്റെ കരങ്ങളാണ് അതിനു പുറകില്‍ എന്ന് വിധി എഴുതപ്പെട്ടു,....നാട്ടിലാകെ പാട്ടായി...ജിന്ന് കൊണ്ട് പോയ ആയിശുമ്മാനെ കാണാന്‍ നാനാ വഴിക്ക് നിന്നുമാല്‍ക്കാര്‍ വരാന്‍ തുടങ്ങി....ചിലര്‍ ആയിശുമ്മയെ തൊട്ടു നോക്കി....ഇപ്പോഴും ജിന്നുന്ദ് കൂടെ എന്ന് പറഞ്ഞു ചിലര്‍ തൊട്ടു നോക്കാന്‍ ഭയന്ന്...വല്ല്യുപ്പ പോലും പിന്നെ അല്പം ജാഗ്രത കാണിച്ചു തുടങ്ങി...കാലങ്ങള്‍ക്കിപ്പുറം അവൂള്ളക്ക എനിക്ക് ഈ കഥ പറഞ്ഞു തരുമ്പോള് പോലും അത്ഭുത സ്തഭ്ധനായാണ് വിവരിക്കുന്നത്....ജിന്ന് കൊണ്ട് പോയ എന്റെ വല്ല്യുമ്മ എനിക്ക് അങ്ങേ അറ്റം സ്നേഹ നിധി ആയിരുന്നു...അത് കൊണ്ടാവാം ഈ പുഴ ഇന്നും എനിക്ക് സ്നേഹ നിധി ആവുന്നത്...എന്ത് തന്നെ ആയാലും എന്റെ വല്ല്യുമ്മ യെ പുഴ അന്ന് തിരിച്ചു തന്നില്ലായിരുന്നെങ്കില്‍ എനിക്ക് ആ സ്നേഹം കിട്ടില്ലായിരുന്നു....മുട്ടായി വാങ്ങാന്‍ പൈസ വേണം എന്ന് പറയുമ്പോള്‍ ഫ്ലാസ്കിനകത്തു ഒളിപ്പിച്ചു വെച്ച ഇരുപത്തി അഞ്ചു പൈസ തരാന്‍ ഉണ്ടാകില്ല ...ഏതായാലും പടച്ചവനു സ്തുതി...എന്റെ പതിമൂന്നാം വയസ്സ് വരെ വല്ല്യുമ്മ ന്റെ സ്നേഹം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞല്ലോ ..ഒരു പക്ഷെ ഈ ജിന്ന് കൊണ്ട് പോയ സംഭവം ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ പിള്ളാരോട് പറഞ്ഞിട്ടൊരു കാര്യവും ഉണ്ടാകില്ല...എന്നാല്‍ ഇത് സത്യമാണ് എന്ന അവൂള്ളക്ക യുടെ ചരിത്ര സത്യം എനിക്ക് വിശ്വസിച്ചേ പറ്റൂ....നിങ്ങള്‍ക്കും വേണമെങ്കില്‍ വാണിമേല്‍ പുഴയുമായി ബന്ധമുള്ള പഴമക്കാരെ ആരെ എങ്കിലും കിട്ടുകയാണെങ്കില്‍ ചോദിച്ചു നോക്കാം....അതാവും നല്ലത് .